ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: അര്‍ണാബിനും റിപ്പബ്ലിക് ടിവിക്കും അഭിനന്ദനവുമായി ബിജെപി നേതാക്കളുടെ ഒഴുക്ക് തുടരുന്നു

ബിജെപി ഭരിക്കുന്ന ചത്തീസ്ഗഡിലെ സുക്മയില്‍ സൈനികര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെയൊഴികെ എല്ലാവരേയും അര്‍ണാബ് ഗോസ്വാമി പ്രതിസ്ഥാനത്ത് നിര്‍ത്തി വിമര്‍ശിച്ചു. 2014ല്‍ ഇതേ സ്ഥലത്ത് നക്‌സല്‍ ആക്രമണമുണ്ടായപ്പോള്‍ അര്‍ണാബ് കുറ്റപ്പെടുത്തിയത് അന്നു കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിനെയാണ്.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: അര്‍ണാബിനും റിപ്പബ്ലിക് ടിവിക്കും അഭിനന്ദനവുമായി ബിജെപി നേതാക്കളുടെ ഒഴുക്ക് തുടരുന്നു

2016 നവംബറില്‍ രാംനാഥ് ഗോയങ്ക അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുകയാണ്. ചടങ്ങില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് രാജ് കമല്‍ ഝാ ഒരു സംഭവകഥ പറഞ്ഞു. ഒരിക്കല്‍ ഒരു മുഖ്യമന്ത്രി രാംനാഥ് ഗോയങ്കയോട് 'താങ്കളുടെ പത്രത്തിലെ ഒരു റിപ്പോര്‍ട്ടര്‍ വളരെ നന്നായി ജോലി ചെയ്യുന്നു'വെന്ന് പറഞ്ഞു. ഈ അഭിപ്രായം കേട്ടയുടന്‍ ഗോയങ്ക ആ റിപ്പോര്‍ട്ടറെ പിരിച്ചുവിടുകയാണ് ചെയ്തത്. ഭരിക്കുന്നവരില്‍ നിന്നുള്ള അഭിനന്ദനമല്ല, വിമര്‍ശനമാണ് ഒരു മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനത്തിനും ബഹുമതിയെന്നതായിരുന്നു ഗോയങ്കയുടെ നിലപാട്. എന്നാല്‍ ഗോയങ്ക സ്‌കൂള്‍ ഓഫ് ജേണലിസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ചാനല്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരിക്കുന്നത്.


ഗോസ്വാമിയേയും റിപ്പബ്ലിക്കിനേയും പ്രശംസിച്ചിട്ടും പ്രശംസിച്ചിട്ടും മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമുള്‍ക്കൊള്ളുന്ന ബിജെപി നേതാക്കള്‍ക്കു മതിയാകുന്നില്ല. അഭിനന്ദനത്തിനു പിന്നിലെ ഒരു കാരണം കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖരനാണ്. റിപ്പബ്ലിക് ചാനലിലെ പ്രധാന ഓഹരിയുടമയായ ചന്ദ്രശേഖറെന്ന ബിസിനസുകാരനോടുള്ള താല്‍പര്യത്തോടൊപ്പം അര്‍ണാബ് സംഘപരിവാര്‍ സംഘടനകളോടു കാണിച്ചുവരുന്ന കൂറും ഒരു ഘടകമാണ്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും ജയിലില്‍ കഴിയുന്ന ആര്‍ജെഡി എംപി മുഹമ്മദ് ഷഹാബുദ്ദീനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട ആര്‍ജ്ജവം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍ അര്‍ണാബ് കാണിക്കുമോയെന്നതാണ് ചോദ്യം.


കുറേ നാളുകളായി അര്‍ണാബ് ഗോസ്വാമി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായാണ് മാധ്യമപ്രവര്‍ത്തനം നടത്തുന്നത്. ബിജെപി ഭരിക്കുന്ന ചത്തീസ്ഗഡിലെ സുക്മയില്‍ സൈനികര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെയൊഴികെ എല്ലാവരേയും അര്‍ണാബ് ഗോസ്വാമി പ്രതിസ്ഥാനത്ത് നിര്‍ത്തി വിമര്‍ശിച്ചു. 2014ല്‍ ഇതേ സ്ഥലത്ത് നക്‌സല്‍ ആക്രമണമുണ്ടായപ്പോള്‍ അര്‍ണാബ് കുറ്റപ്പെടുത്തിയത് അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിനെയാണ്. എന്നാല്‍ ഇത്തവണ കേന്ദ്രത്തിനെതിരെ അദ്ദേഹം വാ തുറന്നില്ല. ഇക്കാരണങ്ങളൊക്കെ ഏതു ചാനലിലായിരുന്നാലും ബിജെപിക്ക് അര്‍ണാബ് ഗോസ്വാമിയെ പ്രിയങ്കരനാക്കാതിരിക്കില്ലല്ലോ.


Read More >>