ഗോവധത്തിനും കന്നുകാലി കടത്തിനും ജീവപര്യന്തം തടവ് ശിക്ഷ; നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

കന്നുകാലി സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗോവധത്തിനും കന്നുകാലി കടത്തിനും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും നല്‍കുന്ന നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം ഉത്തര്‍പ്രദേശില്‍ നേടിയ വിജയത്തിന് പിന്നാലെ ഗുജറാത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയും ബിജെപിയ്ക്കുണ്ട്

ഗോവധത്തിനും കന്നുകാലി കടത്തിനും ജീവപര്യന്തം തടവ് ശിക്ഷ; നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തി ഗോവധത്തിനും കന്നുകാലി കടത്തിനും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ഏര്‍പ്പെടുത്താനാണ് ആലോചന. ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

2011 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗോവധവും കന്നുകാലി കടത്തും നിരോധിച്ചിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. പുതിയ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ചായിരിക്കും കേസെടുക്കുക.

പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിനെതിരെയുള്ള പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം മറികടക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പശു, ഗംഗ, ഭഗവത് ഗീത എന്നിവയുടെ സംരക്ഷണം ബിജെപിയുടെ ഉത്തരവാദിത്വമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഭിപ്രായപ്പെട്ടത്.

അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് അഭിപ്രായം ബിജെപിയിലുയര്‍ന്നു കഴിഞ്ഞു. ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പ് വിജയത്തില്‍ ആത്മവിശ്വാസം നേടിയ ബിജെപി തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയാല്‍ ഗുജറാത്തില്‍ വന്‍ വിജയം നേടാമെന്ന പ്രതീക്ഷയിലാണ്. നവംബര്‍-ഡിസംബര്‍ മാസത്തിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ 22 വര്‍ഷമായി ബിജെപി സര്‍ക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്.