രാവണ ഗര്‍ജ്ജനം മുഴങ്ങി: ആര്യന്മാര്‍ ഇന്ത്യ വിടുക; ദളിതര്‍ ഇന്ത്യ ഭരിക്കും

ആര്‍ എസ് എസിനെതിരെ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമുണ്ടായ കനത്ത പ്രഹരവുമായി ഭീം ആര്‍മി ഡല്‍ഹിയെ വിറപ്പിച്ചു. സംഘത്തിന്റെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം...

രാവണ ഗര്‍ജ്ജനം മുഴങ്ങി: ആര്യന്മാര്‍ ഇന്ത്യ വിടുക; ദളിതര്‍ ഇന്ത്യ ഭരിക്കും

ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ദളിതുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബ്രാഹ്മണക്കല്‍ വ്യവസ്ഥയെ കുറ്റപ്പെടുത്തി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. 'ജയ് ഭീം' 'ഭീം ആര്‍മി സിന്ദാബാദ്' എന്ന് പശ്ചാത്തലത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനക്കൂട്ടം ആവേശത്തോടെയാണ് ചന്ദ്രശേഖറിന്റെ പ്രസംഗം കേട്ടത്.

പ്രസംഗത്തിലേക്ക്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ആദ്യമായി നന്ദി പറയുന്നു. ഭീം ആര്‍മിക്കും എനിക്കും തന്ന പിന്തുണ ഞാനൊരിക്കലും മറക്കില്ല. ഇന്ന്, മെയ് 21. ഇതേ ദിവസമാണ് കൊളംബിയയിലും ദക്ഷിണ അമേരിക്കയിലും അടിമത്തം നിര്‍ത്തലാക്കിയത്. ഇന്ത്യയിലും ഇന്ന് അടിമത്തം അവസാനിപ്പിക്കുന്നതായി നമ്മള്‍ പ്രഖ്യാപിക്കുന്നു. നമ്മള്‍ തൊട്ടുകൂടായ്മയുള്ളവരോ ഹരിജനമോ അല്ല. ഞങ്ങളെ ഇനിയും പരീക്ഷിക്കരുത്. അംബേദ്കറിസ്റ്റുകള്‍ ഒരിക്കലും നക്‌സലുകളാകില്ലെന്ന് ഞങ്ങള്‍ ഉറപ്പുതരുന്നു. എന്നാല്‍ ചിലപ്പോള്‍ ഞങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കാനായി ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതുകൊണ്ട് ഞങ്ങളെ പരീക്ഷിക്കരുത്. ഞങ്ങള്‍ അംബേദ്കറിസ്റ്റുകളാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കില്ല.

നീതിക്ക് വേണ്ടിയുള്ള മറ്റൊരു പോരാട്ടത്തിന്റെ ആരംഭമാണിത്. എത്ര നാള്‍ ഈ പോരാട്ടം തുടരും? വിജയിക്കും വരെ നമ്മള്‍ പോരാട്ടം തുടരും. ഈ പോരാട്ടവുമായി മുമ്പോട്ടു പോകുകയെന്നത് നിങ്ങളോരോരുത്തരുടേയും ഉത്തരവാദിത്തമാണ്. എന്നെ അറസ്റ്റു ചെയ്താലും നിങ്ങള്‍ പ്രതിഷേധിക്കുകയോ ധര്‍ണകള്‍ നടത്തുകയോ ചെയ്യരുത്. പകരം ശബരിപ്പൂര്‍, സഹാരന്‍പൂര്‍ എന്നിവിടങ്ങളിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ 56 വീടുകളും 25 വ്യാപാര സ്ഥാപനങ്ങളും തീയിട്ടു നശിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിങ്ങള്‍ പ്രദേശത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുക. ദളിത് സഹോദരിമാരെയും സഹോദരന്‍മാരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെയും കള്ളക്കേസില്‍ക്കുടുക്കി നമ്മുടെ സഹോദരീ സഹോദരന്‍മാരെ ജയിലിലടച്ചവര്‍ക്കെതിരെയും പ്രതിഷേധിക്കുക. ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്.

എന്നാല്‍ എനിക്ക് വേണ്ടി ആരും നിരാഹാരം കിടക്കരുത്. ഒരു അണ്ണാ ഹസാരെ സമരം നടത്തിയപ്പോള്‍ അദ്ദേഹത്തിന് മാധ്യമങ്ങളുടെയടക്കം എല്ലാവരുടെയും പൂര്‍ണ പിന്തുണയാണ് ലഭിച്ചത്. ഭരണഘടന അനുവദിക്കുന്ന രീതിയില്‍ ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ എത്ര പേര്‍ അതിന് പിന്തുണയുമായി മുന്നോട്ടു വരുമെന്ന് ഞാന്‍ ചോദിക്കുകയാണ്. ദളിതുകള്‍, മുസ്ലീങ്ങള്‍, ഒ ബി സി തുടങ്ങിയ വിഭാഗങ്ങള്‍ക്കൊപ്പം നമ്മള്‍ സമരം ചെയ്യും. നമ്മള്‍ ഒരുമിച്ചു പോരാടുകയാണെങ്കില്‍ നമുക്ക് നേരെ ഒരാളും കൈ പൊക്കാന്‍ ധൈര്യപ്പെടില്ല. പല വിഭാഗങ്ങളുടെയും വോട്ട് ആവശ്യമായതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ പല പ്രശ്‌നങ്ങളിലും പ്രതികരിക്കില്ല. എന്നാല്‍ ചന്ദ്രശേഖറെന്ന ഞാന്‍ ആരുടേയും മുന്നില്‍ മുട്ടുമടക്കിയിട്ടില്ല. മുട്ടുമടക്കാന്‍ പോകുന്നുമില്ല. ഇന്ന് നടക്കുന്ന പ്രതിഷേധം വിജയിപ്പിക്കാന്‍ നിങ്ങളോരോരുത്തരും കഠിനാധ്വാനം ചെയ്തുവെന്നെനിക്കറിയാം. നമ്മുടേത് തുല്യതയ്ക്കായുള്ള പോരാട്ടമാണ്. അടിച്ചമര്‍ത്തലിനെതിരെയുള്ള പോരാട്ടമാണ്. അധികാരം പിടിച്ചെടുക്കാനല്ല നമ്മുടെ പോരാട്ടം.

എന്നെയും കുടുംബത്തേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുവന്നവരോട് പറയാനുള്ളത് ഞങ്ങള്‍ അടിച്ചമര്‍ത്തലിനും അതിക്രമങ്ങള്‍ക്കുമെതിരെയാണ് പോരാടുന്നതെന്നാണ്. ഞങ്ങള്‍ തിരിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങിയാല്‍ വിദേശികള്‍ (ആര്യന്‍മാര്‍) എല്ലാം നാടുവിടും. അംബേദ്കര്‍ പറഞ്ഞു: ഇതു ഞങ്ങളുടെ രാജ്യമാണ്. ഈ രാജ്യത്തെ വിഭജിക്കാന്‍ ഞങ്ങളനുവദിക്കില്ല. എന്നാല്‍ ഈ രാജ്യത്തിന്റെ ഭരണം നടത്തിയ ഞങ്ങള്‍ വീണ്ടും അധികാരം നേടും. ഭരണഘടനാപരമായ അവകാശമുണ്ടായിട്ടും നീതി ലഭിക്കാത്ത ഒരു സമൂഹത്തിന്റെ പോരാട്ടമാണിത്.

എനിക്ക് ജസ്റ്റിസ് കര്‍ണനോട് പറയാനുള്ളത് അധൈര്യപ്പെടരുതെന്നാണ്. രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ താങ്കളോടൊപ്പമുണ്ടായേക്കില്ല. എന്നാല്‍ താങ്കള്‍ക്ക് നീതി ലഭിക്കുന്നതിന് സാമൂഹ്യ സ്ഥാപനങ്ങള്‍ താങ്കളോടൊപ്പമുണ്ടാകും. ഈ രാജ്യത്ത് ആരെങ്കിലും നീതിയെക്കുറിച്ച് സംസാരിച്ചാല്‍ മനുവാദികള്‍ ഉടന്‍ അവരെ നക്‌സലുകളോ തീവ്രവാദികളോ ആക്കും. എസ് സി-എസ് ടി വിഭാഗത്തില്‍പ്പെടുന്ന ഉപകാരമില്ലാത്ത എം പിമാരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കില്ലെന്ന് എന്നോട് വാഗ്ദാനം ചെയ്യൂ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നമ്മുടെ സമുദായത്തില്‍ നിന്നുള്ള എം പിമാര്‍ ദളിതര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളില്‍ പാര്‍ലമെന്റില്‍ മൗനം പാലിക്കുകയാണ് ചെയ്തത്. നമുക്കവരെ പാഠം പഠിപ്പിക്കേണ്ടതുണ്ട്.

മെയ് 23ന് നിങ്ങളുടെ സമീപത്തുള്ള അധികാര കേന്ദ്രങ്ങളിലെത്തി ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പരാതി നല്‍കുക. ബഹുജന്‍ സമാജും നമുക്കൊപ്പം പോരാട്ടത്തിനുണ്ടാകും. നമ്മളൊരുമിച്ച് നിന്ന് ശബ്ദമുയര്‍ത്തിയാല്‍ ഇനി നമുക്ക് നേരെ അതിക്രമങ്ങളുണ്ടാകില്ല. രാവണന്‍ എന്നാണ് എന്റെ പേര്. സഹോദരിയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് ആ പേര്. സീതയെ തട്ടിക്കൊണ്ടു പോയിട്ടു പോലും അവളെ സ്പര്‍ശിക്കാതിരുന്നവനാണ് രാവണന്‍. സ്ത്രീകളെ ബഹുമാനിച്ചിരുന്ന ഡോ. അംബേദ്കറെ ഞാന്‍ ആദരിക്കുന്നു. ഇന്ന് വീട്ടിലെത്തിയ ശേഷം 'നമ്മള്‍ ഈ രാജ്യം ഭരിക്കും' എന്ന് ചുമരില്‍ എഴുതിവയ്ക്കുക. നമ്മള്‍ മരിച്ചാലും ബ്രാഹ്മിണിക്കല്‍ രീതിയിലേക്ക് മടങ്ങിപ്പോകില്ല. ദളിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ ചന്ദ്രശേഖര്‍ ആസാദ് മറ്റൊരു ഉദ്ധം സിങ്ങാകും. ഞാന്‍ അംബേദ്കറിനൊപ്പം ഉദ്ധം സിങ്ങിനേയും ആദരിക്കുന്നു.

ബ്രാഹ്മണ വാദികള്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നിങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. അവരെന്തിനെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് ബുദ്ധമതത്തെയാണ്. കള്ളക്കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധികളായ ദളിത് യുവതീ-യുവാക്കളെ പുറത്തുവിട്ടില്ലെങ്കില്‍ ബുദ്ധമതത്തില്‍ ചേരുമെന്ന് മെയ് 23ന് നിങ്ങള്‍ പ്രഖ്യാപിക്കുക. ഇങ്ങനെ പ്രഖ്യാപിച്ചാല്‍ സവര്‍ണരും സംഘികളും പേടിച്ച് നിക്കറില്‍ മൂത്രമൊഴിക്കും. മീനിനെ ആരും നീന്താന്‍ പഠിപ്പിക്കേണ്ടതില്ലല്ലോ. ഭരണഘടനയെ മതപുസ്തകമാക്കിയാലേ നിങ്ങള്‍ക്ക് ബ്രാഹ്മണിക വ്യവസ്ഥയ്‌ക്കെതിരെ പോരാടാനാകൂ. ഭരണഘടനയിലെ വകുപ്പുകള്‍ വായിച്ചു മനസിലാക്കുക. ദളിതുകള്‍ ഉണര്‍ന്നു കഴിഞ്ഞു. ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് നേരെ എവിടെ അതിക്രമമുണ്ടായാലും ഞാനവിടെ എത്തുകയും വേണ്ടത് ചെയ്യുകയും ചെയ്യും. ഇക്കാര്യം ഓര്‍മയിലിരിക്കട്ടെ. നീതിക്കായി ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ മനുവാദികള്‍ അവരെ കള്ളക്കേസുകളില്‍ കുടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം കേസുകളില്‍ ആരെങ്കിലും വിജയിച്ചാല്‍ അവരെ പണം കൊടുത്ത് കൂടെ നിര്‍ത്താനാണ് മനുവാദികള്‍ ശ്രമിക്കുന്നത്. അതിന് വഴങ്ങാന്‍ തയ്യാറാത്തവരെ കൊല്ലാനാകും പിന്നെ മനുവാദികളുടെ ശ്രമം.

അവര്‍ ഒരു ചന്ദ്രശേഖറെ കൊന്നാല്‍ ലക്ഷക്കണക്കിന് ചന്ദ്രശേഖരുമാര്‍ അതിന്റെ ചാരത്തില്‍ നിന്ന് ഉയര്‍ന്നുവരുമെന്നാണ് എനിക്ക് പറയാനുള്ളത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അഭിഭാഷകനാണ് ചന്ദ്രശേഖര്‍ ആസാദ്. മുപ്പതുകാരനായ ഇദ്ദേഹമാണ് ഭീം ആര്‍മി ഏക്താ മിഷന്‍ എന്ന ദളിത് സംഘടന രൂപീകരിച്ചത്. രാവണന്‍ എന്ന് വിളിക്കപ്പടണമെന്നാണ് ചന്ദ്രശേഖറിന്റെ ആഗ്രഹം. ഇദ്ദേഹത്തിന്റെ പിതാവ് ഗോവര്‍ദ്ധന്‍ദാസ് സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു.