നഗരമധ്യത്തിലെ ട്രാഫിക്കില്‍ പട്ടാപ്പകല്‍ യുവതിയുടെ പ്രസവം; കൈത്താങ്ങിനെത്തിയത് യാചക സ്ത്രീ

കര്‍ണ്ണാടകയിലെ മാന്‍വിയിലാണ് യുവതി നടുറോഡില്‍ പ്രസവിച്ചത്. ഗതാഗത തിരക്കില്‍ യെല്ലമ്മയെന്ന യുവതിയുടെ പ്രസവമെടുത്തത് റോഡരുകില്‍ ഇരുന്ന യാചക സ്ത്രീയാണ്.

നഗരമധ്യത്തിലെ ട്രാഫിക്കില്‍ പട്ടാപ്പകല്‍ യുവതിയുടെ പ്രസവം; കൈത്താങ്ങിനെത്തിയത് യാചക സ്ത്രീ

കര്‍ണ്ണാടകയിലെ റായ്ചൂര്‍ ജില്ലയില്‍ മാന്‍വിയില്‍ യുവതി നടുറോഡില്‍ പ്രസവിച്ചു. കര്‍ഷകനായ രാമണ്ണയുടെ ഭാര്യ യെല്ലമ്മയാണ് (30) തിരക്കേറിയ റോഡില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ യെല്ലമ്മ നടുറോഡില്‍ കുഴഞ്ഞുവീഴുന്നത് കണ്ടാണ് റോഡരികില്‍ ഇരുന്ന യാചകസ്ത്രീ പ്രസവം എടുത്തത്.

മൂന്ന് ആണ്‍കുട്ടികളുടെ അമ്മയായ യെല്ലമ്മയ്ക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറെ കണ്ടതിനു ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു യെല്ലമ്മ കുഴഞ്ഞു വീണത്. തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയായിരുന്നു. എന്ത് ചെയ്യണമെന്ന അറിയാതെ പകച്ചുനിന്ന ഭര്‍ത്താവ് രാമണ്ണയ്ക്ക് സഹായകമായി ആദ്യമെത്തിയത് റോഡരുകില്‍ ഇരുന്ന യാചക സ്ത്രീയാണ്.

ഇതുകണ്ട് സമീപത്തുണ്ടായിരുന്ന സ്ത്രീകള്‍ ഓടിയെത്തി യുവതിക്ക് ശുശ്രൂഷ നല്‍കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മാന്‍വി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും മനോഹരമായ സംഭവങ്ങളിലൊന്നാണ് ഇതെന്ന് മാന്‍വി എംഎല്‍എ ഹംപയ്യ നായക് ബല്ലാത്തി പറഞ്ഞു.

Read More >>