പാകിസ്ഥാനും ചൈനയുമായി യുദ്ധത്തിന് തയ്യാറായിരിക്കാൻ ഇന്ത്യൻ എയര്‍ ചീഫ് മാർഷലിന്റെ നിർദ്ദേശം

പാകിസ്ഥാനുമായി 10 ദിവസവും ചൈനയുമായി 15 ദിവസവുമുള്ള യുദ്ധത്തിനു തയ്യാറായിരിക്കാനാണു നിര്‍ദ്ദേശം എന്നറിയുന്നു.

പാകിസ്ഥാനും ചൈനയുമായി യുദ്ധത്തിന് തയ്യാറായിരിക്കാൻ ഇന്ത്യൻ എയര്‍ ചീഫ് മാർഷലിന്റെ നിർദ്ദേശം

എപ്പോള്‍ വേണമെങ്കിലും യുദ്ധത്തിനു തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനോട് എയര്‍ ചീഫ് മാർഷൽ ബി എസ് ധനോവ. ഇപ്പോഴത്തെ മാറുന്ന സൈനികാവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പാക്കിസ്ഥാനുമായും ചൈനയുമായും യുദ്ധം വേണ്ടിവരുമെന്നാണു കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ നടന്ന എയര്‍ ഫോഴ്‌സ് കമാണ്ടര്‍മാരുടെ യോഗത്തില്‍ വച്ച് അദ്ദേഹം നിരീക്ഷിച്ചത്.

പാകിസ്ഥാനുമായി 10 ദിവസവും ചൈനയുമായി 15 ദിവസവുമുള്ള യുദ്ധത്തിനു തയ്യാറായിരിക്കാനാണു എയര്‍ ചീഫ് മാർഷലിന്റെ നിര്‍ദ്ദേശം എന്നറിയുന്നു. നിര്‍ദ്ദേശപ്രകാരം ഡയറക്ടറേറ്റ് ഓഫ് എയര്‍ സ്റ്റാഫ് ഇന്‍സ്‌പെക്ഷന് എല്ലാ അംഗങ്ങളേയും യുദ്ധ വിമാനങ്ങളെയും തയ്യാറാക്കി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. യുദ്ധവിമാനങ്ങളെ കൂടാതെ മിസൈലുകൾ, റഡാറുകള്‍ തുടങ്ങിയവ യുദ്ധസജ്ജമാക്കിവെക്കാനും നിര്‍ദ്ദേശമുണ്ട്.

ആകാശയുദ്ധത്തില്‍ എയര്‍ ഫോഴ്‌സിന്റെ കൗണ്ടര്‍-എയര്‍, സ്ട്രാറ്റജിക്- എയര്‍, കൗണ്ടര്‍-സര്‍ഫേസ് എന്നീ സാധാരണരീതികള്‍ക്കപ്പുറം നാലാമതൊരു രീതി കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. ഇന്ത്യയും അയല്‍രാജ്യങ്ങളുമായി ഇനിയുള്ള യുദ്ധങ്ങള്‍ ദൈര്‍ഘ്യമുള്ളതാവില്ലെന്ന് പറയപ്പെടുന്നു. ആണവായുധഭീഷണിയും കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തില്‍ ചേരാനുള്ള സാധ്യതയുമാണു നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍.

2017 ല്‍ ഇന്ത്യന്‍ മിലിറ്ററി പുറത്തിറക്കിയ പത്രികയില്‍ ഭാവിയിലെ യുദ്ധം എങ്ങിനെയായിരിക്കും എന്നു സൂചിപ്പിക്കുന്നുണ്ട്. ഭാവിയുദ്ധങ്ങള്‍ ചെറുതും, അതിവേഗത്തിലുള്ളതും, മാരകവും, തീക്ഷ്ണവും, കൃത്യമായതും, പ്രവചനാതീതവും ആയിരിക്കും എന്നാണു മിലിറ്ററി പത്രികയില്‍ പറയുന്നത്. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും വായുസേന യുദ്ധത്തിനു തയ്യാറെടുക്കുന്നത് എന്നറിയുന്നു.