ജീവനക്കാർക്ക് ശമ്പളം നൽകാത്ത 'മല്യ'യാണ് കപിൽ സിബൽ എന്ന് ബർഖാ ദത്ത്; തിരംഗാ ടിവിയിൽ കലാപം

കപിൽ സിബലും ഭാര്യയും സ്ത്രീ ജീവനക്കാരെ 'നായെ' എന്നും മറ്റും മോശമായി അഭിസംബോധന ചെയ്യാറുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബർഖ മറ്റൊരു ട്വീറ്റിൽ പറയുന്നു.

ജീവനക്കാർക്ക് ശമ്പളം നൽകാത്ത മല്യയാണ് കപിൽ സിബൽ എന്ന് ബർഖാ ദത്ത്; തിരംഗാ ടിവിയിൽ കലാപം

കപിൽ സിബൽ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് അനുകൂല ഇംഗ്ലീഷ് വാർത്താ ചാനലായ തിരംഗാ ടിവിയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ചാനലിന്റെ എഡിറ്റോറിയൽ ചുമതലകൾ നിർവഹിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തക ബർഖാ ദത്ത് കപിലിനെതിരെ ട്വിറ്ററിലൂടെ പരസ്യമായി രംഗത്തുവന്നു. കപിൽ സിബലും ഭാര്യയും നടത്തുന്ന ചാനലിൽ രൂക്ഷമായ പ്രതിസന്ധിയാണെന്നും ആറുമാസമായി ശമ്പളം മുടങ്ങിയിരിക്കുന്ന ഇരുന്നൂറോളം ജീവനക്കാരെ ഒന്നും നൽകാതെ പറഞ്ഞയക്കുകയാണെന്നും ബർഖ ട്വീറ്റ് ചെയ്തു.

ജീവനക്കാർക്ക് ശമ്പളം നൽകാത്ത കപിൽ 'മല്യ'യെപ്പോലെയാണെന്നും ബർഖ ആരോപിച്ചു. മല്യയോട് ഉപമിച്ചതിന് തനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ഭീഷണിയുണ്ടെന്നും എന്നാൽ താൻ ജീവനക്കാർക്കൊപ്പമേ നിൽക്കൂ എന്നും മറ്റൊരു ട്വീറ്റിൽ ഇവർ പറയുന്നു. മോദിയുടെ പേരാണ് ജീവനക്കാരെ പിരിച്ചുവിടാൻ വേണ്ടി ഉപയോഗിക്കുന്നത്. മോദി ചാനൽ നടത്താൻ അനുവദിക്കുന്നില്ലെന്ന് കപിൽ പറയുന്നത് തെറ്റാണെന്നും ബർഖ ആരോപിക്കുന്നുണ്ട്. കപിൽ സിബലും ഭാര്യയും സ്ത്രീ ജീവനക്കാരെ 'നായെ' എന്നും മറ്റും മോശമായി അഭിസംബോധന ചെയ്യാറുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബർഖ മറ്റൊരു ട്വീറ്റിൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് അവർ നിരവധി ട്വീറ്റുകളാണ് ഇന്ന് ചെയ്തിട്ടുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് കപിൽ സിബൽ തിരംഗാ ടിവി ആരംഭിച്ചത്. പുതിയതായി ചാനൽ തുടങ്ങാൻ അനുമതി ലഭിക്കാതായതോടെ 'ഹാർവെസ്റ്റ് ടിവി' വാങ്ങുകയും ചാനലിന്റെ പേര് മാറ്റുകയുമായിരുന്നു. ഈ ഘട്ടത്തിൽ ഹാർവെസ്റ്റിൽ ജോലി ചെയ്തിരുന്ന സാങ്കേതിക വിഭാഗം ജീവനക്കാരെയടക്കം അതെ പോലെ നിലനിർത്തുകയും നിരവധി മാധ്യമപ്രവർത്തകരെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് നിയമിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിക്കുമെന്നും തുടർന്ന് ചാനലിന്‌ ആവശ്യമായ ഫണ്ട് കണ്ടെത്താൻ കഴിയും എന്നുമായിരുന്നു കപിൽ കണക്കുകൂട്ടിയത്. എന്നാൽ എല്ലാം തകിടം മറിഞ്ഞതോടെ ആറു മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. പണം മുടങ്ങിയതോടെ പല ഡിടിഎച്ച് - കേബിൾ ടിവി സേവനദാതാക്കളും തിരംഗാ ടിവിയെ ഒഴിവാക്കിയിരിക്കുകയാണ്.

ചാനൽ ആരംഭിച്ച് ഒരു വർഷമായെങ്കിലും യാതൊരു രീതിയിലും ശ്രദ്ധേയമായ ഒരു പ്രകടനം കാഴ്ചവെക്കാൻ തിരംഗാ ചാനലിന്റെ എഡിറ്റോറിയൽ വിഭാഗം കൈകാര്യം ചെയ്യുന്ന ബർഖയ്ക്ക് സാധിച്ചില്ല. സ്വന്തം പേരിൽ ഒരു ബ്രാൻഡ് ആയി ചാനൽ മുന്നോട്ടുപോകുമെന്നായിരുന്നു ബർഖയുടെ കണക്കുകൂട്ടൽ. ദേശീയ ന്യൂസ് ചാനൽ എന്ന നിലയിൽ സ്വന്തമായി ഒരു വാർത്തപോലും ഉയർത്തിക്കൊണ്ടുവരാൻ സാധിക്കാത്തതോടെ പ്രേക്ഷകർ ചാനലിനെ കൈവിട്ടു. തുടക്കം മുതലേ മോശം പ്രകടനമായതിനാൽ തന്നെ പരസ്യ ദാതാക്കളും ചാനലിനെ തേടിയെത്തിയില്ല. ഇതും ചാനലിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.

Read More >>