സുപ്രീംകോടതി പ്രതിസന്ധി; ചീഫ് ജസ്റ്റിസുമായി ഇന്ന് വൈകിട്ട് സമവായ ചർച്ചയ്ക്കൊരുങ്ങി ബാർ കൗൺസിൽ

ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ നാലു പേരൊഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച. ഇതിൽ ഭൂരിഭാ​ഗം പേരും ചർ‍ച്ചകൾക്ക് തയ്യാറാണെന്ന് ബാർ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

സുപ്രീംകോടതി പ്രതിസന്ധി; ചീഫ് ജസ്റ്റിസുമായി ഇന്ന് വൈകിട്ട് സമവായ ചർച്ചയ്ക്കൊരുങ്ങി ബാർ കൗൺസിൽ

സുപ്രീംകോടതി ജഡ്ജിമാർക്കിടയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സമവായ ശ്രമവുമായി ബാർ കൗൺസിൽ. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയോ​ഗിച്ച ഏഴം​ഗ സമിതി ഇന്ന് രാത്രി 7.30ന് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം മുഴുവൻ ജഡ്ജിമാരെയും സമിതി കാണും.

ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ നാലു പേരൊഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച. ഇതിൽ ഭൂരിഭാ​ഗം പേരും ചർ‍ച്ചകൾക്ക് തയ്യാറാണെന്ന് ബാർ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഇതിനു ശേഷം, വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരെ കാണും. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ജഡ്ജിമാരുമായി ചര്‍ച്ച നടത്താൻ ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതിയെ നിയോഗിച്ചത്.

പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്നോ നാളെയോ ഫുൾകോർട്ട് വിളിക്കണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവൻ പൊതുതാൽപര്യ ഹരജികളും ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിർന്ന നാല് അം​ഗങ്ങൾ അധ്യക്ഷരായ ബെഞ്ചോ പരി​ഗണിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തു നിന്നും സമവായ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഇന്നലെ ചീഫ് ജസ്റ്റിസിനെ കാണാന്‍ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് തിരികെപ്പോയിരുന്നു.

ചീഫ് ജസ്റ്റിസിനും സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനുമെതിരെ നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയതോടെയാണ് കലാപത്തിനു തുടക്കം. ഈ സാഹചര്യത്തിലാണ് ബാർ കൗൺസിലിന്റെ ഇടപെടൽ. പ്രശ്നത്തിന് എത്രയും വേ​ഗം പരി​ഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് ബാർ കൗൺസിൽ ചെയർമാൻ മാധ്യമങ്ങളോടു പറഞ്ഞു.

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. നീതിന്യാസ സംവിധാനം സംരക്ഷിച്ചില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്നാണ് ഇവർ തുറന്നടിച്ചത്. സുപ്രീംകോടതിയില്‍ കുറച്ചു കാലമായി ശരിയല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്നും മുതിര്‍ന്ന ന്യായാധിപന്മാര്‍ ഇവർ വ്യക്തമാക്കിയിരുന്നു.

Read More >>