മൊബൈല്‍ കമ്പനി ജീവനക്കാരുടെ തട്ടിപ്പില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടമായി

ബാങ്ക് ജീവനക്കാരെന്ന വ്യാജേന തട്ടിപ്പുകാര്‍ ബാങ്കിലെത്തി ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൊബൈല്‍ കമ്പനി ജീവനക്കാരുടെ തട്ടിപ്പില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടമായി

മൊബൈല്‍ കമ്പനി ജീവനക്കാരുടെ തട്ടിപ്പിനെത്തുടര്‍ന്ന് എച്ച് ഡി എഫ് സി ബാങ്കിന്റെ ഏഴ് ഉപഭോക്താക്കളില്‍ നിന്നായി 4 ലക്ഷം രൂപ നഷ്ടമായി. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും തുക നഷ്ടമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് ഉപഭോക്താക്കള്‍ക്കും സമാനമായ രീതിയില്‍ പണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികളെന്ന പേരില്‍ ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. 'ഉപഭോക്താക്കളോട് പാസ്‌വേര്‍ഡ,് എടിഎം പിന്‍, സിവിവി നമ്പര്‍ എന്നിവ ഷെയര്‍ ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നില്ല. ദയവായി ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളുമായി ഇത്തരം വിവരങ്ങള്‍ പങ്കുവയ്ക്കരുത്' എന്ന ഓട്ടോമാറ്റിക് ആയി അയയ്ക്കപ്പെടുന്ന എസ്എംഎസ് അയച്ച് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് സംഘം തട്ടിപ്പാരംഭിച്ചത്. ഫോണ്‍ സംഭാഷണത്തിനിടെ സംഘം ഇ-കെവൈസി-ആധാര്‍ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുതുക്കാനായി ഉപഭോക്താക്കളോട് *121# എന്ന് സന്ദേശമയയ്ക്കാന്‍ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ സന്ദേശമയച്ചതോടെ പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ പോര്‍ട്ടു ചെയ്തു. ഇതോടെ പോര്‍ട്ട് ചെയ്ത നമ്പറുകള്‍ ഉപയോഗിച്ച് സംഘം ഉപഭോക്താക്കളുടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നമ്പര്‍ പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പണം മാറ്റിയതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെല്ലാം തട്ടിപ്പു നടത്തിയവരുടെ കൈവശമുള്ള ഫോണുകളിലേക്കാണ് ചെന്നത്. തട്ടിപ്പ് മനസിലാക്കിയ എച്ച്ഡിഎഫ്‌സി ബാങ്കധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ''ഡ്യൂപ്ലിക്കറ്റ് സിം അനധികൃതമായ മാര്‍ഗത്തിലൂടെ നേടിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ സിം പോര്‍ട്ട് ചെയ്തതിനാല്‍ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് തട്ടിപ്പ് നടന്ന വിവരം അറിയാനായില്ല'' ചെന്നൈ സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി ആര്‍ അമ്പരശന്‍ പറഞ്ഞു.

എന്നാല്‍ ഇത്തരത്തിലൊരു തട്ടിപ്പ് നടത്താന്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, നെറ്റ് ബാങ്കിംഗ് ഐഡി, പാസ്‌വേഡ് എന്നിവ ആവശ്യം വരില്ലേയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ ചെക്ക്, പണം നിക്ഷേപിക്കുന്ന സ്ലിപ്പുകള്‍ എന്നിവ ഡസ്റ്റ് ബിന്നില്‍ നിന്ന് ശേഖരിച്ച് തട്ടിപ്പ് നടത്തിയിരിക്കാനാണ് സാധ്യതയെന്ന് ബാങ്കധികൃതര്‍ പറഞ്ഞു. ''ഉപഭോക്താക്കള്‍ തങ്ങളുടെ പേര്, പാന്‍ കാര്‍ഡ് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഡെപ്പോസിറ്റ് സ്ലിപ്പില്‍ എഴുതാറുണ്ട്. ഇങ്ങനെ എഴുതുന്നതില്‍ തെറ്റ് സംഭവിച്ചാല്‍ ഉടന്‍ അവ ഡസ്റ്റ് ബിന്നില്‍ ഇടാറാണ് പതിവ്' എസ്ബിഐ ചെന്നൈ ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. ബാങ്ക് ജീവനക്കാരെന്ന വ്യാജേന തട്ടിപ്പുകാര്‍ ബാങ്കിലെത്തി ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.