മീററ്റില്‍ മാംസ സംഭരണ കേന്ദ്രത്തില്‍ ബജ്‌റങ്ദളിന്റെ അനധികൃത റെയ്ഡ്; ഉടമയായ ബിജെപിക്കാരന് മര്‍ദ്ദനം

സംഭരണ കേന്ദ്രം ഉടമകളെ അറസ്റ്റുചെയ്ത പോലീസ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയയെടുത്തില്ല

മീററ്റില്‍ മാംസ സംഭരണ കേന്ദ്രത്തില്‍ ബജ്‌റങ്ദളിന്റെ അനധികൃത റെയ്ഡ്; ഉടമയായ ബിജെപിക്കാരന് മര്‍ദ്ദനം

സംഭരണ കേന്ദ്രം ഉടമകളെ അറസ്റ്റുചെയ്ത പോലീസ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ മാംസ സംഭരണ കേന്ദ്രത്തില്‍ അനധികൃത റെയ്ഡ് നടത്തി. സ്ഥാപന ഉടമെയന്ന് പറയപ്പെടുന്ന ബിജെപിക്കാരനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

റെയ്ഡിന് ശേഷം ഇവര്‍ പാക്കിംഗ് യൂണിറ്റ് ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തി. ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള തൊപ്പി നിര്‍മിക്കുന്ന യൂണിറ്റിന്റെ മറവില്‍ മാംസ വ്യാപാരം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് ബജ്‌റങ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ബല്‍രാജ് ദൂംഗര്‍ പറഞ്ഞു. ഗുണ്ടായിസം നടത്തിയ സംഘം പാക്കിംഗ് യൂണിറ്റ് ഉടമകളായ രാഹുല്‍ രാഘവ്, അനില്‍ ചൗധരി എന്നിവരെ മര്‍ദ്ദിക്കുകയും സംഭരിച്ചുവെച്ച ബീഫ് പിടിച്ചെടുക്കുകയും ചെയ്തു.

പാക്കിംഗ് യൂണിറ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബജ്‌റങ്ദള്‍ നേതാക്കള്‍ പറഞ്ഞു. ഇതിനിടെ പോലീസെത്തി പാക്കിംഗ് കേന്ദ്രത്തില്‍ പരിശോധന നടത്തവേ സ്ഥലത്തെത്തിയ ബി ജെ പി പ്രവര്‍ത്തകനായ രാഹുല്‍ താക്കൂര്‍ പോലീസുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതോടെ പാക്കിംഗ് യൂണിറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പാക്കിംഗ് യൂണിറ്റ് ഉടമകളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. മാസം സംഭരണ യൂണിറ്റ് ഉടമകള്‍ക്കെതിരെ കേസെടുത്ത പോലീസ് ബജ്‌റങ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല. രാഹുല്‍ താക്കൂര്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന നിലപാടിലാണ് പോലീസ്.