അദ്വാനിയുടെ രാഷ്ട്രപതി മോഹം പൊലിഞ്ഞു; ഗൂഢാലോചന കേസിലെ പ്രതി

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാജി മെഹബൂബ് അഹമ്മദ് എന്നയാളും സിബിഐയുമാണ് ഇതിനെതിരെ അപ്പീല്‍ നല്‍കിയത്.

അദ്വാനിയുടെ രാഷ്ട്രപതി മോഹം പൊലിഞ്ഞു; ഗൂഢാലോചന കേസിലെ പ്രതി

അദ്വാനിയുടെ രാഷ്ട്രപതി സ്ഥാനമോഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ബാബറി മസ്‌ജിദ്‌ കേസിൽ സുപ്രീം കോടതി വിധി. ബാബറി മസ്‌ജിദ്‌ തകർത്ത കേസിൽ അദ്വാനിയടക്കമുള്ള മുതിർന്ന നേതാക്കൾ വിചാരണ നേരിടണമെന്ന് വിധിച്ച സുപ്രീം കോടതി, ഇവർക്കെതിരായ ഗൂഡാലോചാനാക്കുറ്റവും പുനഃസ്ഥാപിച്ചു.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അലഹബാദ് ഹൈക്കോടതി ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാജി മെഹബൂബ് അഹമ്മദ് എന്നയാളും സിബിഐയുമാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. അദ്വാനി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൽ കെ അദ്വാനിയുടെ പേര് ഉയർന്നു കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ മുതൽ രാഷ്ട്രപതി സ്ഥാനത്തെത്താം എന്ന ആശ്വാസമാണ് അദ്വാനിയെ നയിച്ചത്.

ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന സംഝോത എക്സ്പ്രസ് കേസിലടക്കം സംഘപരിവാർ നേതാക്കളെ കുറ്റവിമുക്തരാക്കുന്ന സമീപനമാണ് അടുത്തകാലത്ത് കേന്ദ്ര നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികൾ സ്വീകരിച്ചത്. അതേ സമയം ബാബറി മസ്ജിദ് കേസിൽ എന്തുകൊണ്ടാണ് എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവരെ ഗൂഢാലോചനാ കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ നടപടി സിബിഐ തന്നെ മേൽക്കോടതിയിൽ ചോദ്യം ചെയ്തത് എന്ന സംശയം ഉയർന്നിട്ടുണ്ട്. തനിക്കെതിരെ നിന്ന രണ്ടു നേതാക്കളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി കച്ചകെട്ടിയിറങ്ങിയോ എന്നു സംശയിക്കുന്നവർ ഇല്ലാതില്ല. അതേ സമയം രണ്ടും സ്വതന്ത്ര ഏജൻസികളാണെന്നും അവയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നുമുള്ള വിശദീകരണമാകും ഇക്കാര്യത്തിൽ ഗവൺമെന്റ് നൽകുക എന്നതിൽ സംശയമില്ല.

നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നതിനെ പാർട്ടിക്കകത്ത് അദ്വാനി ശക്തമായി എതിർത്തിരുന്നു. ഇതിനെത്തുടർന്ന് മോദി - അദ്വാനി പോര് മുറുകുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എൻഡിഎ അധ്യക്ഷൻ എന്ന നിലയിൽ അദ്വാനി പത്തു വർഷമായി പാർലമെന്റിനകത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന മുറിക്കു പുറത്തുനിന്നും 2014 ജൂൺ ആരംഭത്തിൽ അദ്ദേഹത്തിന്റെ പേരെഴുതിയ ഫലകം എടുത്തുമാറ്റിയിരുന്നു. ഇതു വിവാദമാവുകയുമുണ്ടായി.

സ്ഥാപകനേതാവെന്ന നിലയിലും ബിജെപിയെ അധികാരത്തോട് അടുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാമജന്മഭൂമി രഥയാത്രയുടെ നായകൻ എന്ന നിലയിലും എൽ കെ അദ്വാനിയെ രാഷ്ട്രപതിയാക്കണമെന്ന വികാരത്തിനു പാർട്ടിയിൽ പിന്തുണയേറിയ സാഹചര്യത്തിലാണ് സിബിഐ കടുത്ത നീക്കവുമായി മുന്നോട്ടു വന്നിരിക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും പിന്തുണയില്ലാതെ സിബിഐ ഇത്തരമൊരു നീക്കം നടത്താനിടയില്ല എന്നാണ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ അറിയാവുന്നവർ പ്രചരിപ്പിക്കുന്നത്. 89 വയസ്സുള്ള എൽ കെ അദ്വാനിയെന്ന ബിജെപി സ്ഥാപകനേതാവിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന വിധികൂടിയാണ് ഇപ്പോൾ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

Read More >>