ബാബാ രാംദേവിന്റെ പശുക്കള്‍ക്ക് ഇണചേരാന്‍ ബിജെപി സര്‍ക്കാര്‍ വക 25000 കോടിയും 1000 ഏക്കറും

സംഘപരിവാര്‍ സഹയാത്രികനും യോഗാചാര്യനുമായ ബാബാ രാംദേവുമായി ചേര്‍ന്നാണ് ഈ 'പശുപദ്ധതി' നടപ്പാക്കുന്നത്. അതേ സമയം ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ മാത്രം 852 കര്‍ഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്.

ബാബാ രാംദേവിന്റെ പശുക്കള്‍ക്ക് ഇണചേരാന്‍ ബിജെപി സര്‍ക്കാര്‍ വക 25000 കോടിയും 1000 ഏക്കറും

ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന വിദര്‍ഭയില്‍ പശുക്കള്‍ക്ക് ഇണ ചേരാന്‍ ആയിരം ഏക്കര്‍ പതിച്ചു നല്‍കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. ഇതിനായി 25000 കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കി വെക്കാന്‍ പോകുന്നത്. സംഘപരിവാര്‍ സഹയാത്രികനും യോഗാചാര്യനുമായ ബാബാ രാംദേവുമായി ചേര്‍ന്നാണ് ഈ 'പശുപദ്ധതി' നടപ്പാക്കുന്നത്. അതേസമയം കര്‍ഷക ആത്മഹത്യകള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സംസ്ഥാനത്ത് കര്‍ഷകര്‍ക്കായി യാതൊന്നും സര്‍ക്കാന്‍ ചെയ്യുന്നില്ലെന്ന വിമര്‍ശനം അതിശക്തമാണ്. ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ മാത്രം 852 കര്‍ഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്.

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് പശുക്കള്‍ക്ക് ഇണചേരാനും പ്രത്യുത്പാദനത്തിനുമായി വന്‍തുക ഫട്‌നാവിസ് സര്‍ക്കാര്‍ നീക്കിവെയ്ക്കാന്‍ പോകുന്നത്. പശുക്കള്‍ക്ക് ഇണചേരാന്‍ സ്ഥലം ആവശ്യമുണ്ടെന്നും അതിനായി ആയിരം ഏക്കര്‍ സ്ഥലം പതഞ്ജലിക്ക് വിട്ടു നല്‍കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടരുന്നു. സര്‍ക്കാര്‍ നല്‍കുന്ന 25000 കോടി രൂപ ഉപയോഗിച്ചുകൊണ്ട് മഹാരാഷ്ട്രയില്‍ 1000 ഏക്കറില്‍ പശു സംരക്ഷണ കേന്ദ്രമൊരുക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. വിദര്‍ഭയിലെ ഹേദി ഗ്രാമത്തിലായിരിക്കും പശുക്കള്‍ക്കുള്ള പ്രജനന കേന്ദ്രം സ്ഥാപിക്കുന്നത്.

സ്വന്തം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പോലും ഉറപ്പാക്കാന്‍ സാധിക്കാത്ത പതഞ്ജലിക്കാണ് 25000 കോടി രൂപയും ആയിരം ഏക്കര്‍ സ്ഥലവും കൈമാറുന്നത് എന്നതാണ് ഇതിന്റെ സവിശേഷത. 11 ലക്ഷം രൂപയാണ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്താത്തതിന്റെ പേരില്‍ പതഞ്ജലിക്ക് പിഴ നല്‍കേണ്ടി വന്നിരുന്നത്. സ്വദേശി പശുക്കള്‍ക്കായുള്ള ഒരു പ്രജനന കേന്ദ്രം 328 ഹെക്ടറുകളിലായി നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

"ഈ (പശുക്കള്‍ക്കുള്ള) പ്രജനന കേന്ദ്രം പുനരുജ്ജീവിപ്പിക്കണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വേണോ, നിര്‍മ്മിച്ച് പ്രവര്‍ത്തനത്തിനായി വിട്ടുനല്‍കുന്ന (BOT) പദ്ധതിപ്രകാരം വേണോ നിലവിലെ പദ്ധതി എന്നത് ഉടൻ തീരുമാനിക്കും. ഈ വിഷയത്തില്‍ കേന്ദ്രമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും മൃഗപരിപാലന മന്ത്രാലയവും തമ്മില്‍ ചര്‍ച്ച നടന്നു വരികയാണ്''- മൃഗസംരക്ഷണ വകുപ്പ് കമ്മീഷണര്‍ കാന്തിലാല്‍ ഉമാപ് പറഞ്ഞു.

Read More >>