എലി, തലയോട്ടി, ശവമടക്ക്, നഗ്നസമരം... അയ്യാക്കണ്ണിന്റെ സമരമുറകള്‍ 'തനീ വഴി'

തമിഴ്‌നാട്ടിലെ കര്‍ഷകരുടെ വ്യത്യസ്തമായ സമരമുറകള്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുകയാണ്. അതിനു ചുക്കാന്‍ പിടിക്കുന്നത് എഴുപത്തിരണ്ട് വയസ്സുള്ള അയ്യാക്കണ്ണ് എന്ന കര്‍ഷകനും.

എലി, തലയോട്ടി, ശവമടക്ക്, നഗ്നസമരം... അയ്യാക്കണ്ണിന്റെ സമരമുറകള്‍  തനീ വഴി

തമിഴ്‌നാട്ടിലെ കൃഷിനാശം കാരണം ദുരിതത്തിലായ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ തമിഴ് കര്‍ഷകര്‍ നടത്തുന്ന സമരം മുപ്പത് ദിവസങ്ങള്‍ പിന്നിടുന്നു. ജീവനുള്ള എലിയെ കടിച്ചു പിടിച്ചും തലയോട്ടി കഴുത്തില്‍ തൂക്കിയും തല മുണ്ഡനം ചെയ്തും മറ്റുമുള്ള അവരുടെ സമരം മാധ്യമശ്രദ്ധ നേടിയത് വ്യത്യസ്തമായ സമരരീതികള്‍ കൊണ്ടായിരുന്നു. കര്‍ഷകരുടെ സമരം എന്നു കേള്‍ക്കുമ്പോള്‍ കാര്യമായ ശ്രദ്ധയൊന്നും കിട്ടില്ല എന്നറിയാവുന്നത് കൊണ്ടു തന്നെയായിരുന്നു അവര്‍ പതിവില്ലാത്ത രീതികള്‍ അവലംബിച്ചത്. അതിന്റെ ചുക്കാന്‍ പിടിച്ചത് 72 വയസ്സുകാരനായ അയ്യാക്കണ്ണ് എന്ന കര്‍ഷകനാണ്.

വലിയ നേതാവൊന്നുമല്ല അയ്യാക്കണ്ണ്. തിരുച്ചി ജില്ലയിലെ മുസിരിക്കാരനായ അദ്ദേഹം കര്‍ഷകകുടുംബത്തിലാണ് ജനിച്ചത്. 1985 വരെ വക്കീല്‍ ആയി ജോലി ചെയ്തിരുന്ന അയ്യാക്കണ്ണ് കൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. രണ്ട് ഭാര്യമാരും രണ്ട് ആണ്‍മക്കളും ഉണ്ട് അദ്ദേഹത്തിന്. 1977 ല്‍ മുസിരി കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേയ്ക്ക് മല്‍സരിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അയ്യാക്കണ്ണ് പിന്നീട് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. വളരെ വേഗം തന്നെ പാര്‍ട്ടി വിടുകയും നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ആര്‍ എസ് എസ്സിന്റെ കീഴിലുള്ള ഭാരതീയ കിസാന്‍ സംഘില്‍ ചേരുകയും സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളില്‍ എത്തുകയും ചെയ്തു.

നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ ബിജെപി സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ബികെഎസ് അയ്യാക്കണ്ണിനെ ശാസിക്കുകയുണ്ടായി. ബികെഎസില്‍ നിന്നും രാജി വച്ച അയ്യാക്കണ്ണ് 2015 ല്‍ നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിംഗ് അഗ്രിക്കള്‍ച്ചറിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടനയ്ക്കു രൂപം നല്‍കി.

അയ്യാക്കണ്ണിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹിലെ സമരം ദേശീയശ്രദ്ധ ആകര്‍ഷിച്ചു. ബിജെപി ഒഴിച്ചുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിനു പിന്തുണ അറിയിച്ചു. കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യം സംസ്ഥാനസര്‍ക്കാരിനോടാണ് പറയേണ്ടതെന്നും കേന്ദ്രസര്‍ക്കാരിനോടല്ലെന്നുമാണ് ബിജെപി പറയുന്നത്.

അതേ സമയം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ അയ്യാക്കണ്ണിന്റെ സമരത്തിനെ വിമര്‍ശിക്കുന്നുമുണ്ട്. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ അന്തസ്സിന് കളങ്കം വരുത്തുകയാണ് അയ്യാക്കണ്ണ് എന്നാണ് ചിലര്‍ പറയുന്നത്. കോണകം കെട്ടി നടക്കുന്നവരാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ എന്ന ചിത്രമാണ് അയ്യാക്കണ്ണ് നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്.

തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളാണ് ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോയതെന്ന് അയ്യാക്കണ്ണ് പറയുന്നു. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കകം നാനൂറിലധികം കര്‍ഷകരാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

അയ്യാക്കണ്ണ് ചതിയനാണെന്നും ഓഡി കാര്‍ സ്വന്തമായുണ്ടെന്നും ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതിരിക്കാനുള്ള നാടകമാണ് സമരമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാം നിഷേധിച്ച അയ്യാക്കണ്ണ് തനിക്ക് 20 ഏക്കര്‍ ഭൂമിയുണ്ടെന്നും അതില്‍ നാല് ഏക്കര്‍ പണയം വച്ചാണ് ലോണ്‍ അടുത്തതെന്നും പറഞ്ഞു. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കാമങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'സമരം ചെയ്യുന്ന കര്‍ഷകരെ സംബന്ധിച്ചിടത്തോളം വിജയം അല്ലെങ്കില്‍ മരണം എന്നാണ് അവസ്ഥ. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഇവിടെയുണ്ടാകും. ഈ ആരോപണങ്ങള്‍ ഞങ്ങളുടെ സമരത്തിനെ ബാധിച്ചിട്ടില്ല, അയ്യാക്കണ്ണ് പറയുന്നു.

പുതിയ സമരരീതികള്‍ ആവിഷ്‌കരിക്കാനുള്ള നീക്കവുമായി മുന്നോട്ട് തന്നെയാണ് അയ്യാക്കണ്ണിന്റെ നിലപാട്.