ആർഎസ്എസ് മേധാവിയുടെ പ്രസംഗം; ഓഡിറ്റോറിയത്തിനുള്ള അനുമതി റദ്ദാക്കി മമത സർക്കാർ

കൊൽക്കത്തയിലെ പ്രമുഖ ഓഡിറ്റോറിയമായ മഹാജാതി സദനിൽ ഒക്ടോബർ മൂന്നിനായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്

ആർഎസ്എസ് മേധാവിയുടെ പ്രസംഗം; ഓഡിറ്റോറിയത്തിനുള്ള അനുമതി റദ്ദാക്കി മമത സർക്കാർ

ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് പ്രസംഗിക്കേണ്ട വേദിയുടെ അനുമതി പശ്ചിമ ബംഗാൾ സർക്കാർ റദ്ദാക്കി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിൽ നിന്ന് വാക്കാലുള്ള അറിയിപ്പാണ് സംഘാടകർക്കു ലഭിച്ചത്.

കൊൽക്കത്തയിലെ പ്രമുഖ ഓഡിറ്റോറിയമായ 'മഹാജാതി സദൻ' ആണ് ഒക്ടോബർ മൂന്നിനു നടക്കേണ്ട പരിപാടിയുടെ അനുമതി റദ്ദു ചെയ്തത്. സർക്കാരിന്റെ കീഴിലുള്ള് സ്ഥാപനമാണിത്.

വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയെ അനുസ്മരിക്കാനുള്ള പരിപാടിയാണ് മഹാജാതി സദനിൽ നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സിസ്റ്റർ നിവേദിതയുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു ഭാഗവത് സംസാരിക്കേണ്ടിയിരുന്നത്. പശ്ചിമ ബംഗാൾ ഗവർണർ കേസരീനാഥ് ത്രിപാഠിയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു ഇത്.

ഈ വർഷം ജനുവരിയിൽ മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന ആർഎസ്എസ് റാലിക്ക് കൊൽക്കത്ത പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമ സമാധാനത്തിനും പൊതു സുരക്ഷയ്ക്കും വേണ്ടിയാണ് അനുമതി നിഷേധിച്ചതെന്ന് അന്ന് കൊൽക്കത്ത പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ഭാഗവതിന് റാലി നടത്താൻ സാധിച്ചത്.

മുൻപ് 2014ൽ വിശ്വ ഹിന്ദു പരിഷത്തിന്റെയും ബിജെപിയുടെയും റാലികൾക്ക് കൊൽക്കത്ത പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. മോഹൻ ഭാഗവതായിരുന്നു അന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയിലെ മുഖ്യാതിഥി. ഘർ വാപ്സിയെ കുറിച്ച് സംസാരിക്കാനാണ് അന്ന് മോഹൻ ഭാഗവതിനെ വിശ്വ ഹിന്ദു പരിഷത്ത് ക്ഷണിച്ചിരുന്നത്.

Read More >>