ബോംബ് ശേഖരവുമായി ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാവ് അറസ്റ്റിൽ; പ്രതിക്ക് മലേ​ഗാവ് സ്ഫോടന കേസിൽ പങ്ക്

സനാതൻ സൻസ്തയെ കൂടാതെ 'ഹിന്ദു ഗോവംശ് രക്ഷാ സമിതി' എന്ന സംഘടനയിലും ഇയാൾ അം​ഗമാണ്.

ബോംബ് ശേഖരവുമായി ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാവ് അറസ്റ്റിൽ; പ്രതിക്ക് മലേ​ഗാവ് സ്ഫോടന കേസിൽ പങ്ക്

മഹാരാഷ്ട്രയിൽ ബോംബ് ശേഖരവുമായി ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാവ് അറസ്റ്റിൽ. സനാതൻ സൻസ്ത എന്ന സംഘടനയുടെ നേതാവ് വൈഭവ് റൗട്ടിനെയാണ് മഹാരാഷ്​ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ എടിഎസ് നടത്തിയ റെയ്ഡിൽ വൻ സ്​ഫോടക വസ്​തുശേഖരം പിടിച്ചെടുത്തിട്ടുണ്ട്​. അറസ്റ്റ് ചെയ്ത് മുംബൈയിലേക്ക്​ ​കൊണ്ടുപോയ വൈഭവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന്​ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ക്രൂഡ് ബോംബുകളടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് ഇയാളുടെ വസതിയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞദിവസം പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി ഭാന്ദര്‍ ആലിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് വൈഭവ് റൗട്ടിന്റെ വസതിയിലും സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തിയത്. 'ഹിന്ദു ഗോവംശ് രക്ഷാ സമിതി' എന്ന സംഘടനയിലും ഇയാൾ അം​ഗമാണ്. പുതുതായി എവിടെയോ സ്ഫോടനം നടത്താനാണ് ഇയാൾ ബോംബു​കൾ കൈയിൽ കരുതിയിരുന്നതെന്നാണ് വിലയിരുത്തൽ.എടിഎസ് കുറ്റാന്വേഷകര്‍ റൗട്ടിന്റെ വീടും കടകളും റെയ്ഡ് ചെയ്യുകയും ക്രൂഡ് ബോംബുകളടക്കം വന്‍തോതിലുള്ള സ്‌ഫോടകശേഖരം പിടികൂടുകയും ചെയ്തിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം പരത്തുന്ന ചില പ്രസിദ്ധീകരണങ്ങളും ഇയാളില്‍ നിന്ന് പിടികൂടിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

2008-ല്‍ മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ എടിഎസ് ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ ഇയാൾക്കും മലേ​ഗാവ് സ്ഫോടനത്തിൽ​ പങ്കുണ്ടെന്നാണ്​ റിപ്പോർട്ട്​. മലേഗാവ് കേസ് അന്വേഷിച്ചിരുന്ന എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഗോവയില്‍ ജൂണില്‍ നടന്ന അഖില ഭാരതീയ ഹിന്ദു അധിവേശനില്‍ പങ്കെടുത്തിരുന്ന റൗട്ട് പശുവിന്റെ പേരില്‍ മുസ്‌ലിം കച്ചവടക്കാരെ അക്രമിച്ച സംഭവങ്ങളിലും പ്രതിയാണ്. പള്ളികളില്‍ മൈക്കില്‍ ബാങ്ക് കൊടുക്കുന്നതിനെതിരെയും 'ലവ് ജിഹാദി'നെതിരെയും ഇയാള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

Read More >>