ആംബുലൻസ് കിട്ടിയില്ല; മൃതദേഹം സൈക്കിളിൽ വച്ചുകെട്ടി കൊണ്ടുപോയി

ഇന്ത്യ ഒരു അവികസിത ദരിദ്രരാജ്യമാണ് എന്ന് പറഞ്ഞ സ്നാപ് ചാറ്റ് മേധാവിയെ ആക്രമിക്കുന്നതിന് മുന്‍പ് ഇതു കൂടി അറിയുക- അപമാനകരമായ ഇത്തരം ദയനീയ സംഭവങ്ങള്‍ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്

ആംബുലൻസ് കിട്ടിയില്ല; മൃതദേഹം സൈക്കിളിൽ വച്ചുകെട്ടി കൊണ്ടുപോയി

ആംബുലന്‍സ് കിട്ടിയില്ല, സഹോദരന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും തുണിയില്‍ പൊതിഞ്ഞു സൈക്കിളില്‍ വച്ചുകെട്ടി വീട്ടിലേക്ക് കൊണ്ടുപോയ പതിനെട്ടു വയസുകാരന്റെ ചിത്രം വൈറലാകുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാളിന്റെ നിയോജകമണ്ഡലത്തിലാണ് സംസ്ഥാനത്തെ മെഡിക്കല്‍ സംവിധാനങ്ങളുടെ അപാകത ചൂണ്ടിക്കാണിക്കുന്ന ഈ ദയനീയമായ സംഭവം നടന്നത്. സഹോദരന്റെ മൃതദേഹം സൈക്കിളില്‍ വച്ചുകെട്ടി കൊണ്ടു പോകേണ്ടതായ ഗതികേടിലാണ് ഇന്നും ഇന്ത്യയിലെ പല ഗ്രാമങ്ങളും എന്ന വസ്തുതയെക്കൂടിയാണ്, ഇത് അടിവരയിടുന്നത്.

ബ്രഹ്മപുത്ര നദിയിലെ ഒരു ദ്വീപായ മജുലി നിവാസിയായ യുവാവാണ് സഹോദരന്റെ മൃതദേഹവുമായി ആശുപത്രിയില്‍ നിന്നും ഇങ്ങനെ തിരികെ മടങ്ങിയത്. മുള കൊണ്ടുണ്ടാക്കിയ പാലത്തില്‍ ഒരു അഭ്യാസിയെ പോലെ ഈ യുവാവ് സൈക്കിളില്‍ മൃതദേഹവുമായി പോകുന്നതും കാണാം.

സംസ്ഥാനത്തെ ആദ്യ വൈ-ഫൈ ജില്ലയായി മജുലിയെ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് അപമാനകരമായ ഈ ദയനീയ സംഭവം പുറത്തുവരുന്നത്.

മുള കൊണ്ടുണ്ടാക്കിയ ഒരു പാലം മാത്രമാണ് ദ്വീപ്‌ നിവാസികള്‍ക്ക് കരയുമായുള്ള ഏക ബന്ധം. കോൺകീറ്റ് പാലമില്ലാത്തതിനാലാണ് ആംബുലന്‍സ് ലഭിക്കാതെയിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെകുറിച്ചു മുഖ്യമന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടു.

ബി.ജെ.പി സര്‍ക്കാര്‍ വികസനത്തെക്കുറിച്ചു നടത്തിയ അവകാശവാദങ്ങളുടെ പരാജയമായി ഈ സംഭവം വാര്‍ത്തകളില്‍ നിറയുന്നു. "ഒരു അടിയന്തരസാഹചര്യമുണ്ടായാല്‍ പോലും ആംബുലന്‍സ് ഈ നാട്ടില്‍ ഇതുവരെ എത്തിയിട്ടില്ല. ഇവിടെ റോഡുകള്‍ മോശമാണ്, അതിലും ദയനീയമാണ് പാലങ്ങളുടെ സ്ഥിതി" എന്നു മരിച്ചയാളുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും പരിവര്‍ത്തനത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട് പക്ഷെ ഞങ്ങളുടെ ഗ്രാമത്തിനു ഒരു പരിവര്‍ത്തനവും വന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം ഒഡിഷയിലും നടന്നിരുന്നു. ഭാര്യയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ വാഹനം വിളിക്കാനുള്ള പണമില്ലാത്തതിനാല്‍ ആദിവാസി യുവാവ് മൃതദേഹം തന്റെ ചുമലില്‍ എടുത്തു കിലോമീറ്ററുകള്‍ നടന്നത് ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു.