പീഡനമുണ്ടാകാതിരിക്കാന്‍ സ്ത്രീകള്‍ വീട്ടില്‍ത്തന്നെ ഇരിക്കണമെന്ന് സമാജ്‌വാദി നേതാവ് അസം ഖാന്‍

2015 ഒക്ടോബറില്‍ ബലാത്സംഗം വര്‍ധിക്കാനുള്ള കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

പീഡനമുണ്ടാകാതിരിക്കാന്‍ സ്ത്രീകള്‍ വീട്ടില്‍ത്തന്നെ ഇരിക്കണമെന്ന് സമാജ്‌വാദി നേതാവ് അസം ഖാന്‍

ഉത്തര്‍പ്രദേശില്‍ 14 യുവാക്കള്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ പീഡിപ്പിച്ച സംഭവം വിവാദമായതിനു പിന്നാലെ കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ രംഗത്തെത്തി. പീഡനമുണ്ടാകാതിരിക്കാന്‍ സ്ത്രീകള്‍ വീട്ടില്‍ത്തന്നെ കഴിയണമെന്നാണ് അസം ഖാന്‍ പറഞ്ഞത്.

''ബുലാന്ദ്ഷഹര്‍ ബലാത്സംഗത്തിന് ശേഷം എല്ലാവരും സ്ത്രീകള്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കണം''-അസം ഖാന്‍ ഇന്ന് പറഞ്ഞു. ആദിത്യനാഥ് ഗവണ്‍മെന്റ് ഭരണത്തില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും കൊള്ളയും വര്‍ധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടു തന്നെ 14 യുവാക്കള്‍ ചേര്‍ന്ന് രണ്ട് യുവതികളെ പീഡിപ്പിച്ച ശേഷം വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നും അസം ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ബുലാന്ദ്ഷഹറില്‍ 14കാരിയും അമ്മയും കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തെ അഖിലേഷ് യാദവ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണെന്നാണ് അസം ഖാന്‍ പറഞ്ഞത്. 2015 ഒക്ടോബറില്‍ ബലാത്സംഗം വര്‍ധിക്കാനുള്ള കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.