കേജ്രിവാള്‍ ജെത് മലാനിയെ പുറത്താക്കി

അപകീർത്തിക്കേസിൽ കേജ്രിവാളിനു വേണ്ടി ഹാജരായിരുന്നതു ജെത് മലാനി ആയിരുന്നു.

കേജ്രിവാള്‍ ജെത് മലാനിയെ പുറത്താക്കി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തന്‌റെ വക്കീല്‍ സ്ഥാനത്തു നിന്നും രാം ജെത് മലാനിയെ നീക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി സമര്‍പ്പിച്ച അപകീര്‍ത്തിപ്പെടുത്തല്‍ കേസില്‍ കേജ്രിവാളിനു വേണ്ടി ഹാജറായിരുന്നതു മുന്‍ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ രാംജത് മലാനിയായിരുന്നു.

ആദ്യത്തെ അപകീര്‍ത്തിപ്പെടുത്തല്‍ കേസിന്‌റെ വിചാരണ സമയത്തു ജെത് മലാനി തനിക്കെതിരേ ആക്ഷേപകരമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നാരോപിച്ചു മറ്റൊരു കേസ് ജയ്റ്റ്‌ലി കൊടുത്തിരുന്നു. കോടതിയില്‍ വച്ചു ജെത് മലാനി തന്നെ വഞ്ചകന്‍ എന്നു വിളിച്ചു എന്നാണു ജയ്റ്റ്‌ലിയുടെ പുതിയ കേസ്. ജെത് മലാനിയുടെ പരാമര്‍ശം അദ്ദേഹത്തിന്‌റെ കക്ഷിയായ കേജ്രിവാളിന്‌റേതാണോയെന്നു ജയ്റ്റ്‌ലി ചോദിച്ചു.

അതേയെന്നു ജെത് മലാനിയും പറഞ്ഞപ്പോള്‍ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയ്റ്റ്‌ലി പുതിയ കേസ് കൊടുക്കുകയായിരുന്നു.

ആദ്യത്തെ കേസ് വാദിക്കുന്നതിനായി മൂന്നരക്കോടി രൂപയുടെ ബില്‍ ആയിരുന്നു ജെത് മലാനി കേജ്രിവാളിനയച്ചതു. പിന്നീടു ഫീസില്‍ ഇളവു നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫീസ് തരാന്‍ പണമില്ലെങ്കില്‍ കേജ്രിവാളിനു വേണ്ടി സൗജന്യമായി വാദിക്കുമെന്നും ജെത് മലാനി പിന്നീടു അറിയിച്ചിരുന്നു.

മുന്‍ ബിജെപി എംപിയായിരുന്നു രാം ജെത് മലാനി. അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ കേന്ദ്ര നിയമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.