നോട്ടുക്ഷാമം; വിഷുക്കൈനീട്ടം ഡിജിറ്റൽ ആക്കിയാലോ എന്ന് കേരള എംപിമാരോട് അരുൺ ജയറ്റ്ലിയുടെ പരിഹാസ ചോദ്യം

വിഷു ഉൾപ്പെടെയുള്ള ആ​ഘോഷങ്ങൾ മുൻനിർത്തിയായിരുന്നു എംപിമാർ ധനമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്. എന്നാൽ, കൈനീട്ടം ഡിജിറ്റൽ ആക്കിയാലോ എന്നായിരുന്നു ജയറ്റ്ലിയുടെ പരിഹാസ ചോദ്യം.

നോട്ടുക്ഷാമം; വിഷുക്കൈനീട്ടം ഡിജിറ്റൽ ആക്കിയാലോ എന്ന് കേരള എംപിമാരോട് അരുൺ ജയറ്റ്ലിയുടെ പരിഹാസ ചോദ്യം

നോട്ടുക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലിയെ കാണാനെത്തി‌ത്തിയ കേരള എംപിമാർക്കു ലഭിച്ചത് പരിഹാസം. വിഷു ഉൾപ്പെടെയുള്ള ആ​ഘോഷങ്ങൾ മുൻനിർത്തിയായിരുന്നു എംപിമാർ ധനമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്. എന്നാൽ, കൈനീട്ടം ഡിജിറ്റൽ ആക്കിയാലോ എന്നായിരുന്നു ജയറ്റ്ലിയുടെ പരിഹാസ ചോദ്യം.

എന്നാൽ, ഡിജിറ്റൽ കൈനീട്ടം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എംപിമാർ വിശദീകരിച്ചു. സംസ്ഥാനത്തെ സാമ്പത്തികരം​ഗം ​ഗുരുതരമായിരിക്കുന്ന സാഹചര്യം ബോധ്യപ്പെടുത്തിയപ്പോഴാണ് പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് അരുൺ ജയറ്റ്ലി മറുപടി നൽകിയത്.

സംസ്ഥാനത്ത് ആഴ്ചകളായി ബാങ്കുകളിലും എടിഎമ്മുകളിലും പണത്തിന്റെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. വിഷു, ഈസ്റ്റർ എന്നീ ആഘോഷങ്ങളുടേയും വേനലവധിയുടേയും സാഹചര്യത്തിൽ ഈ പ്രതിസന്ധിയെ ജനം ആശങ്കയോടെയാണ് കാണുന്നത്. നോട്ടുക്ഷാമം മൂലം വിഷു വിപണിയുടെ നിറം മങ്ങുന്ന സ്ഥിതിയാണ്. എസ്ബിടി-എസ്ബിഐ ലയനം നടന്നതോടെ ഇടപാടുകളുടെ നിരക്ക് കുത്തനെ വർധിപ്പിച്ചത് ബാങ്കിൽ പണം നിക്ഷേപിക്കുന്നതിൽ നിന്നും ആളുകളെ പിന്നോട്ടടിപ്പിച്ചു. പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും നിരക്കുകൾ ഏർപ്പെടുത്തുകയും എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിക്കുകയും ചെയ്തതാണ് തിരിച്ചടിയുണ്ടാവാൻ ഒരു കാരണം.

ഇതോടെ, മിക്ക ജില്ലകളിലെയും ഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. ബാങ്കുകളിലും പണമില്ലാതായതോടെ സർക്കാർ ഇടപാടുകൾക്കായി ട്രഷറികളിലേക്ക് 174 കോടി എസ്ബിഐയോട് ആവശ്യപ്പെട്ടെങ്കിലും 51 കോടി മാത്രമാണ് ലഭിച്ചത്. ഇതോടെ, പ്രതിദിനം 60-70 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തെ ട്രഷറികളിലുളളത്.

അതേസമയം, ഇടപാടുകളെല്ലാം ഡിജിറ്റൽ ആക്കാനുള്ള തന്ത്രത്തിന്റെ ഭാ​ഗമായുള്ള കൃത്രിമ നോട്ടുക്ഷാമമാണ് ഇതെന്നും വിലയിരുത്തലുകളുണ്ട്. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ ​ഗുരുതര പ്രതിസന്ധി ജനത്തെ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാൻ നിർബന്ധിതരാക്കിയിരുന്നു. എന്നാൽ നോട്ടുപ്രതിസന്ധി അവസാനിച്ചതോടെ ആളുകൾ ഡിജിറ്റലിൽ നിന്നും പണമിടപാടുകളിലേക്കു മടങ്ങി. ഇതോടെ ഡിജിറ്റൽ ഇടപാട് കമ്പനികൾക്കു തിരിച്ചടിയുണ്ടായി. ഇത് മറികടക്കാനാണ് ഇപ്പോഴത്തെ ഈ കൃത്രിമ നോട്ടുക്ഷാമമെന്നാണ് ബാങ്കിങ് മേഖലയിലെ വി​​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.