അരുണ്‍ ജയ്റ്റ്‌ലിക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസില്‍ കെജ്‌റിവാളിനെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്

ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കെജ്‌റിവാളും സംഘവും അഴിമതിയാരോപണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജയ്റ്റ്‌ലി മാനനഷ്ടക്കേസ് കൊടുത്തത്.

അരുണ്‍ ജയ്റ്റ്‌ലിക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസില്‍ കെജ്‌റിവാളിനെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹി കോടതിയുടെ അനുമതി. മെട്രോപോളിറ്റന്‍ ജഡ്ജി സുമിത് ദാസ് ഇതുസംബന്ധിച്ച് കെജ്‌റിവാളിനും മറ്റ് ആം ആദ്മി നേതാക്കള്‍ക്കും നോട്ടീസയയ്ക്കാന്‍ ഉത്തരവിട്ടു.

കേസിന്റെ വിചാരണ മെയ് 20ന് ആരംഭിക്കും. 2015ലാണ് ജയ്റ്റ്‌ലി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെജ്‌റിവാള്‍, മറ്റ് നേതാക്കളായ കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ചാദ, ദീപക് ബാജ്‌പേയി എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കെജ്‌റിവാളും സംഘവും അഴിമതിയാരോപണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജയ്റ്റ്‌ലി മാനനഷ്ടക്കേസ് കൊടുത്തത്.

അരുണ്‍ ജയ്റ്റ്‌ലിയുടെ ബാങ്ക് അക്കൗണ്ടുകളും നികുതി റിട്ടേണുകളും ആവശ്യപ്പെട്ട് കെജ്‌റിവാള്‍ സമര്‍പ്പിച്ച ഹരജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.