എം ബി രാജേഷിനെ ഗൂഢാലോചന നടത്തി ആക്രമിച്ച് അര്‍ണബ് ഗോസ്വാമി; സഹായത്തിന് സ്റ്റുഡിയോ നല്കി ഏഷ്യാനെറ്റ്
മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ചയ്ക്കാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ എം ബി രാജേഷിനെ വിളിച്ചത്. ഏഷ്യാനെറ്റിന്റെ പാലക്കാട് ബ്യൂറോ സ്റ്റുഡിയില്‍ നിന്നാണ് രാജേഷ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് റിപ്പബ്ലിക്കിന്റെ മുംബൈ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ചര്‍ച്ചയിലെ വിഷയം മുമ്പു പറഞ്ഞത് തന്നെയായിരുന്നുവെന്ന് അറിയിച്ചതായി രാജേഷ് നാരദാന്യൂസിനോട് പറഞ്ഞു. എന്നാല്‍ ചര്‍ച്ച തുടങ്ങിയപ്പോല്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗമാണ് ചര്‍ച്ച ചെയ്തത്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ചോദ്യം ചോദിക്കുകയല്ലാതെ തന്നെ ഉത്തരം പറയാന്‍ അര്‍ണാബ് സമ്മതിച്ചില്ലെന്നും രാജേഷ് പറയുന്നു.
എം ബി രാജേഷിനെ ചാനല്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗൂഢാലോചന നടത്തി ആക്രമിച്ച് അര്‍ണാബ് ഗോസ്വാമി. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം എന്ന വിഷയത്തിലാണ് ചര്‍ച്ചയെന്ന് പറഞ്ഞാണ് എം ബി രാജേഷിനെ സ്റ്റുഡിയോയിലെത്തിച്ചത്. എന്നാല്‍ ചര്‍ച്ച തുടങ്ങിയപ്പോല്‍ പെട്ടന്ന് വിഷയം മാറ്റി സൈന്യത്തിന്റെ പ്രത്യേക അധികാര നിയമവുമായി ബന്ധപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത എം ബി രാജേഷിനോട് ചോദ്യങ്ങള്‍ ചോദിച്ച അര്‍ണബ് പതിവു പോലെ ഉത്തരം പറയാന്‍ അനുവദിച്ചതുമില്ല.
അര്‍ണബിന്റെ ഗൂഢാലോചനയ്ക്ക് ഏഷ്യാനെറ്റിന്റെ സഹായവുമുണ്ടായിരുന്നു. പാലക്കാട് ബ്യൂറോ സ്റ്റുഡിയോ എം ബി രാജേഷിന് തത്സമയ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ ഏഷ്യാനെറ്റ് വിട്ടു നല്‍കുകയായിരുന്നു. രണ്ട് ചാനലിന്റെയും ഉടമസ്ഥന് ബിജെപി എം പി രാജീവ് ചന്ദ്രശേഖറാണെങ്കിലും തീവ്ര ദേശീയത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ണാബുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കാന്‍ ഏഷ്യാനെറ്റ് മടി കാണിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഇരുവരും കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രാത്രി പത്തു മണി മുതല്‍ പത്തേകാല് വരെ മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് എം ബി രാജേഷിനോട് റിപ്പബ്ലിക് ചാനല്‍ ആവശ്യപ്പെട്ടത്. പത്ത് മിനുട്ട് മുമ്പ് ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയിലെത്തിയ രാജേഷ് ഏഷ്യാനെറ്റ് ജീവനക്കാര്‍ വഴി വിഷയത്തില്‍ മാറ്റമില്ലെന്ന് റിപ്പബ്ലിക്കിന്റെ മുംബൈ ഓഫീസുമായി ബന്ധപ്പെട്ട് ഉറപ്പിച്ചു. എന്നാല്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ വിഷയം കോടിയേരി ബാലകൃഷ്ണന്റെ അഫ്സ്പയുമായി ബന്ധപ്പെട്ട പ്രസംഗമായിരുന്നു.
ഈ വിഷയത്തില്‍ എന്നോട് മുമ്പേ പ്രതികരണം ചോദിക്കുകയും ഞാന്‍ നല്‍കുകയും ചെയ്തതാണ്. അവിടെ നിന്ന് എഴുന്നേറ്റു പോയാല്‍ പിന്നെ അവര്‍ അതു പറയും. അതുകൊണ്ട് അവിടെ തന്നെ ഇരുന്നു. രാത്രി 10.50 വരെ ചര്‍ച്ചയില്‍ പങ്കെടുത്ത എന്നോട് മൂന്ന് ചോദ്യങ്ങള്‍ അര്‍ണബ് ചോദിച്ചു. ഉത്തരം പറയാന്‍ അവസരമില്ല. പറഞ്ഞു തുടങ്ങും മുമ്പ് അയാള്‍ ഇടപ്പെടും. എന്നോട് ചോദ്യം ചോദിക്കുക, മറ്റൊരാളെ കൊണ്ട് ഉത്തരം പറയിപ്പിക്കുക. ചര്‍ച്ച അല്ലായിരുന്നു. ഏകപക്ഷീയമായ പ്രസംഗമാണ്. അര്‍ണബ് ഗോസ്വാമിയ്ക്ക് എത്തിക്സ് ഇല്ല, അലറാന്‍ മാത്രമാണ് അറിയുക- എം ബി രാജേഷ് എം പി
ആദ്യമായാണ് റിപ്പബ്ലിക്കിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏഷ്യാനെറ്റ് പോലും കോടിയേരിയുടെ പ്രസംഗം ചര്‍ച്ചയ്ക്കെടുത്തില്ലെന്ന് പറഞ്ഞപ്പോള്‍ അത് തന്റെ വിഷയമല്ലെന്നായിരുന്നു രാജേഷിനോട് അര്‍ണബിന്റെ മറുപടി. അര്‍ണബ് ആര്‍എസ്എസ്സിന്റെ മാദ്ധ്യമഗുണ്ടയാണ്. അര്‍ണബ് തന്റെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖരനെ സേവിക്കുകയാണെന്നും രാജേഷ് പറഞ്ഞു.