കശ്മീരില്‍ യുവാവിനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട സംഭവത്തില്‍ വിശദീകരണവുമായി സൈന്യം

'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഇത്തരമൊരു നീക്കം നടത്തേണ്ടി വന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കശ്മീരില്‍ യുവാവിനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട സംഭവത്തില്‍ വിശദീകരണവുമായി സൈന്യം

ജമ്മു കശ്മീരില്‍ യുവാവിനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട് പട്രോളിംഗ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സൈന്യം രംഗത്ത്. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഇത്തരമൊരു നീക്കം നടത്തേണ്ടി വന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

'തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി പോയിരുന്ന വാഹനവ്യൂഹത്തിന് നേരെ ബുദ്ഗാമില്‍ വെച്ച് ആക്രമണം നടന്നപ്പോഴാണ് തങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലേറ് ശക്തമാക്കുകയായിരുന്നു'-സൈനികവൃത്തങ്ങള്‍ പറയുന്നു. 'വീടുകള്‍ക്ക് മുകളില്‍ നിന്നും റോഡരികില്‍ നിന്നും കല്ലേറ് വ്യാപകമായിരുന്നു. പ്രദേശത്ത് നിന്നും ഉദ്യോഗസ്ഥരുമായി നീങ്ങാന്‍ വേറെ വഴിയില്ലാതെവന്നപ്പോഴാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. വെടിവച്ച് രക്തം വീഴ്ത്തരുതെന്ന് മേജറിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും' സൈന്യം വ്യക്തമാക്കി.

ബീര്‍വാ സ്വദേശിയായ ഫറൂഖ് അഹമ്മദിനെയായിരുന്നു സൈന്യം ജീപ്പില്‍ കെട്ടിയിട്ട് കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുദ്ഗാമിലെ ഗുണ്ടിപ്പോറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ എടുത്തിരിക്കുന്നത്. കശ്മീരില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സൈനികര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് വീഡിയോ പുറത്തുവിട്ടത്.

സൈനികരുടെ നടപടികള്‍ പ്രകോപനങ്ങള്‍ സൃഷിടിക്കുന്നതാണെന്നും കശ്മീരുകാരെ പാക്കിസ്ഥാന്‍കാരായാണ് കാണുന്നതെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചിരുന്നു. സൈനിക വാഹനത്തിന് നേരെ കല്ലെറിയാതിരിക്കാന്‍ വേണ്ടിയാണ് പ്രദേശവാസിയെ ഇങ്ങനെ കെട്ടിവെച്ച് കൊണ്ടുപോയതെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ വാദം. യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് പട്രോളിംഗ് നടത്തിയ നടപടിക്കെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സൈന്യം രംഗത്തെത്തിയത്.

Read More >>