ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ സഹായത്തോടെ യുവാവിന്റെ തല മൊട്ടയടിച്ചു

തല മൊട്ടയടിക്കുന്നതിന് പോലീസുകാര്‍ സാക്ഷികളായി നിന്നതല്ലാതെ തടയാന്‍ ശ്രമിച്ചില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് പോലീസ് മേധാവി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ സഹായത്തോടെ യുവാവിന്റെ തല മൊട്ടയടിച്ചു

പൂവാലശല്യം ഒഴിവാക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ മൗനാനുവാദത്തോടെ ഒരാള്‍ വനിതാ സുഹൃത്തിനൊപ്പമിരുന്ന യുവാവിന്റെ തല ബലം പ്രയോഗിച്ച് മൊട്ടയടിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

ഇതേത്തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ''സുഹൈല്‍ അഹമ്മദ്, ലെയ്ക്ക് അഹമ്മദ്, സോനു പാല്‍ എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു'' ഷാജഹാന്‍പൂര്‍ പോലീസ് മേധാവി കെ ബി സിംഗ് പറഞ്ഞു. തല മൊട്ടയടിക്കുന്നതിന് പോലീസുകാര്‍ സാക്ഷികളായി നിന്നതല്ലാതെ തടയാന്‍ ശ്രമിച്ചില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കിള്‍ ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.