വീണ്ടും ജീവനെടുത്ത് ബ്ലൂ വെയ്ൽ; പശ്ചിമബം​ഗാളിലെ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

അങ്കൻ ദേ എന്ന 15കാരനാണ് ജീവനൊടുക്കിയത്. എന്നാൽ എന്താണ് മരണകാരണമെന്ന് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. തുടർന്ന് അങ്കന്റെ സുഹൃത്താണ് കുട്ടി ബ്ലൂ വെയിൽ ​ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തിയത്.

വീണ്ടും ജീവനെടുത്ത് ബ്ലൂ വെയ്ൽ; പശ്ചിമബം​ഗാളിലെ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

രാജ്യത്ത് ഒരാളുടെ കൂടി ജീവനെടുത്ത് ബ്ലൂ വെയിൽ ​ഗെയിം. പശ്ചിമബം​ഗാളിലെ കിഴക്കൻ മിഡ്നാപ്പൂരിലാണ് ​ഗെയിം കളിച്ച പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തത്. അങ്കൻ ദേ എന്ന 15കാരനാണ് ബ്ലൂ വെയിലിന്റെ ഭീകരതയ്ക്കിരയായത്.

ശനിയാഴ്ച രാത്രി കുളിക്കാൻ പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും ബാത്ത്റൂമിനു പുറത്തേക്കു കാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ അങ്കൻ മരിച്ചുകിടക്കുന്നതാണ് കണ്ടത്. തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടിയതായും കഴുത്ത് മുറുക്കി കെട്ടപ്പെട്ട നിലയിലുമാണ് അങ്കനെ കണ്ടെത്തിയത്.

എന്നാൽ എന്താണ് മരണകാരണമെന്ന് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. തുടർന്ന് അങ്കന്റെ സുഹൃത്താണ് കുട്ടി ബ്ലൂ വെയിൽ ​ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തിയത്.

രാജ്യത്ത് ബ്ലൂവെയിൽ മൂലം ജീവനൊടുക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. കഴി‍ഞ്ഞമാസം മുംബൈയിലും ഈ കൊലയാളി ​ഗെയിം കളിച്ച് 13കാരൻ ജീവനൊടുക്കിയിരുന്നു. മുംബൈ അന്ധേരി സ്വദേശിയും ഒമ്പതാം ക്ലാസുകാരനുമായ മൻപ്രീത് ആണ് സ്വന്തം ഫ്ളാറ്റിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

ഇതിനു പിന്നാലെ കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഇൻഡോറിലും സമാന സംഭവമുണ്ടായി. ഇന്‍ഡോറിലെ രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ 13 വയസുകാരനാണ് ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന് അടിമയായി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച കുട്ടിയെ മറ്റു കുട്ടികൾ ഉടൻതന്നെ പിടിച്ചുമാറ്റിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.


Read More >>