'ഞാന്‍ വേറേ ഗെയ്ക്ക്‌വാദാണ്'; വിമാനക്കമ്പനികളുടെ 'ശല്യം' സഹിക്കാനാകാതെ ബിജെപി എംപി സുനില്‍ ഗെയ്ക്ക്‌വാദ്

പേരിലെ സമാനത കൊണ്ട് പല തവണ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നതായി ഇദ്ദേഹം പറയുന്നു.

ഞാന്‍ വേറേ ഗെയ്ക്ക്‌വാദാണ്; വിമാനക്കമ്പനികളുടെ ശല്യം സഹിക്കാനാകാതെ ബിജെപി എംപി സുനില്‍ ഗെയ്ക്ക്‌വാദ്

ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യ വിമാന ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ പുലിവാല്‍ പിടിച്ചത് മറ്റൊരു ഗെയ്ക്ക്‌വാദ്. കഴിഞ്ഞയാഴ്ച നടന്ന വിമാനത്തിലെ അക്രമത്തിന് ശേഷം മഹാരാഷ്ട്രയിലെ ഒസ്മനാബാദ് എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ വിമാനക്കമ്പനികള്‍ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പല തവണ റദ്ദാക്കിയ സംഭവങ്ങളുമുണ്ടായി.

ഇതോടെ ഗെയ്ക്ക്‌വാദ് വിമാനയാത്ര ഒഴിവാക്കി ട്രെയിന്‍ മാര്‍ഗം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ രവീന്ദ്ര ഗെയ്ക്ക്‌വാദ് ചെയ്ത് തെറ്റിന് ഇപ്പോള്‍ ശിക്ഷയേല്‍ക്കുന്നത് ബിജെപി എംപിയായ സുനില്‍ ഗെയ്ക്ക്‌വാദാണെന്നതാണ് പുതിയ വാര്‍ത്ത. പേരിലെ സമാനത കൊണ്ട് പല തവണ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയ്്ക്ക് വിധേയനാകേണ്ടി വന്നതായി സുനില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഇദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ച ഹൈദരാബാദില്‍ നിന്ന് ലാത്തൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് താന്‍ അവസാനമായി ആവര്‍ത്തിച്ചുള്ള സുരക്ഷാ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നതെന്ന് സുനില്‍ ഗെയ്ക്ക്‌വാദ് പറഞ്ഞു.

വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയതായി സുനില്‍ പറഞ്ഞു. ഗെയ്ക്ക്‌വാദെന്ന പേരുള്ളതുകൊണ്ട് ഇനി ആരും പീഡിപ്പിക്കപ്പെടാന്‍ ഇടവരരുതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് ക്ലാസില്‍ സീറ്റ് നല്‍കിയില്ല എന്ന കാരണം പറഞ്ഞാണ് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യയുടെ പുനെ-ന്യൂഡല്‍ഹി വിമാനത്തില്‍ 60കാരനായ ജീവനക്കാരനെ രവീന്ദ്ര ഗെയ്ക്ക്‌വാദ് ചെരുപ്പൂരിയടിച്ചത്. എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ അപമാനിച്ച് സംസാരിച്ചതുകൊണ്ടാണ് ഗെയ്ക്ക്‌വാദ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ രംഗത്തുവന്നിരുന്നു. തന്നെ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയ വിമാനക്കമ്പനികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗെയ്ക്ക്‌വാദ് പ്രതികരിച്ചത്.