ചെന്നൈ വിമാനത്താവളം ഇന്നു മുതൽ 'നിശ്ശബ്ദം'

വിമാനത്താവളത്തിലെ അനൗണ്‍സ്‌മെന്റുകള്‍ ബുദ്ധിമുട്ടാകുന്നെന്നു യാത്രക്കാര്‍ പരാതി പറയാന്‍ തുടങ്ങിയപ്പോഴാണ് നിശ്ശബ്ദ എയര്‍പോര്‍ട്ട് എന്ന തീരുമാനത്തില്‍ എത്തിയതെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി പറയുന്നു.

ചെന്നൈ വിമാനത്താവളം ഇന്നു മുതൽ നിശ്ശബ്ദം

ചെന്നൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്നു മുതല്‍ അനൗണ്‍സ്‌മെന്റുകള്‍ ഉണ്ടാവില്ല. പകരം അവിടെയുള്ള സൈനുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എസ്എംഎസ്സുകളുമായിരിക്കും യാത്രക്കാര്‍ക്കു ലഭിക്കുക.

മെയ് ഒന്നു മുതല്‍ ചെന്നൈ വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനല്‍ ആണു 'നിശ്ശബ്ദം' ആകുക. ബോര്‍ഡിങ് കാേളുകള്‍ പോലും ഉണ്ടാവില്ല. ടെര്‍മിനലിലെ ശബ്ദമലിനീകരണം കുറയ്ക്കാനാണു പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ ആദ്യമേ തന്നെ നിശ്ശബ്ദമായിരുന്നു.

വിമാനത്താവളത്തിലെ അനൗണ്‍സ്‌മെന്റുകള്‍ ബുദ്ധിമുട്ടാകുന്നെന്നു യാത്രക്കാര്‍ പരാതി പറയാന്‍ തുടങ്ങിയപ്പോഴാണ് നിശ്ശബ്ദ എയര്‍പോര്‍ട്ട് എന്ന തീരുമാനത്തില്‍ എത്തിയതെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി പറയുന്നു. എയര്‍ലൈന്‍സുകളുമായും മറ്റ് ഏജന്‍സികളുമായും ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. ബോര്‍ഡിങ് സമയം, ബാ​ഗേജ് ഡെലിവെറി എന്നിവയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുകയാണെങ്കില്‍ എസ്എംഎസ്സിലൂടെ യാത്രക്കാരെ അറിയിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രസ്താവനയില്‍ അറിയിക്കുന്നു.

പുതിയ പരിഷ്‌കാരം വലിയ ചുമതലയാണു എയര്‍ലൈന്‍ സ്റ്റാഫിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും കൊണ്ടുവന്നിരിക്കുന്നത്. ചെക്ക് ഇന്‍ കൗണ്ടറുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍, ബാഗേജ് ഡെലിവെറി ബെല്‍റ്റുകള്‍ എന്നിവയെക്കുറിച്ചു വളരെ നേരത്തേ തന്നെ യാത്രക്കാരെ അറിയിക്കേണ്ടതുണ്ട്.

Read More >>