'കേന്ദ്രമന്ത്രി അനില്‍ ദാവെ മരിച്ചത് കന്നുകാലി കര്‍ഷകരുടെ ശാപംകിട്ടിയതിനാല്‍'; കര്‍ണാടക മൃഗസംരക്ഷണവകുപ്പ് മന്ത്രി

കശാപ്പുനിരോധന ഉത്തരവ് നടപ്പാക്കാന്‍ കൂട്ടുനിന്നതിന്റെ ശാപമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെയുടെ മരണത്തിന് കാരണമെന്നാണ് മഞ്ജുവിന്റെ പരിഹാസം. കശാപ്പുനിരോധനത്തിനുള്ള കേന്ദ്രനീക്കത്തെ ശക്തമായി പിന്തുണച്ചയാളാണ് അനില്‍ ദാവെ.

കേന്ദ്രമന്ത്രി അനില്‍ ദാവെ മരിച്ചത് കന്നുകാലി കര്‍ഷകരുടെ ശാപംകിട്ടിയതിനാല്‍; കര്‍ണാടക മൃഗസംരക്ഷണവകുപ്പ് മന്ത്രി

'എന്റെ സ്മരണകള്‍ നിലനിര്‍ത്താന്‍ സ്മാരകത്തിനു പകരം മരം നട്ടുപിടിപ്പിക്കുക' എന്ന് വില്‍പ്പത്രമെഴുതിയ മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെയെ പരിഹസിച്ച് കര്‍ണാടക മൃഗസംരക്ഷണ വകുപ്പുമന്ത്രി എ മഞ്ജു. കശാപ്പുനിരോധന ഉത്തരവ് നടപ്പാക്കാന്‍ കൂട്ടുനിന്നതിന്റെ ശാപമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെയുടെ മരണത്തിന് കാരണമെന്നാണ് മഞ്ജുവിന്റെ പരിഹാസം. കശാപ്പുനിരോധനത്തിനുള്ള കേന്ദ്രനീക്കത്തെ ശക്തമായി പിന്തുണച്ചയാളാണ് അനില്‍ ദാവെ. രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന തീരുമാനത്തില്‍ ഒപ്പുവച്ചതിനെത്തുടര്‍ന്നുണ്ടായ ശാപമാണ് അനില്‍ ദാവെയുടെ മരണത്തില്‍ കലാശിച്ചത്. മഞ്ജു, മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അനില്‍ ദാവെ മരിച്ചത്.

കന്നുകാലി കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന തുകല്‍വ്യവസായത്തെ ഇല്ലാതാക്കുന്ന നിയമം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിക്കുന്നത് തുകല്‍ച്ചെരിപ്പാണ്. ചാണകം വാരുന്നവരെയും പാലുകുടിക്കുന്നവരെയും സഹായിക്കാനല്ല പുതിയനിയമമെന്നും മഞ്ജു പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടത്. ഫെഡറല്‍ സംവിധാനത്തിന് എതിരാണിത്. വീഴ്ചകളെ അതിജീവിക്കാനാണ് ബിജെപി സര്‍ക്കാര്‍ ഇത്തരം നടപടികളിലേക്ക് പോകുന്നത് - അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സംസ്ഥാനത്തിനുള്ള അതൃപ്തി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രത്തെ കത്തിലൂടെ അറിയിക്കും. വേണ്ടിവന്നാല്‍ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കന്നുകാലിയെ കച്ചവടം നടത്തണമെങ്കില്‍ പുതിയ നിയമപ്രകാരം നിരവധി രേഖകള്‍ ആവശ്യമായുണ്ട്. ഇത് കര്‍ഷകരെ വലയ്ക്കും. ഒരു കന്നുകാലിക്ക് കുറഞ്ഞത് 2000 രൂപയെങ്കിലും മാസം ചെലവ് വരുത്തുന്നതാണ് പുതിയ നിയമം. പ്രായമായതും രോഗമുള്ളതുമായ കന്നുകാലികളെ പരിപാലിക്കണമെങ്കില്‍ വൃദ്ധസദനം പോലെ ഗോശാലകള്‍ തുടങ്ങേണ്ട അവസ്ഥയിലാണ് സംസ്ഥാനങ്ങള്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ഇരുപത്തിനാലു മണിക്കൂറിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് യെദ്യൂരപ്പയുടേത് രാഷ്ട്രീയ നാടകം മാത്രമായിരുന്നുവെന്നും മഞ്ജു കുറ്റപ്പെടുത്തി.