റഫാലിൽ വീണ്ടും ട്വിസ്റ്റ്: കരാർ പ്രഖ്യാപനത്തിന് മുമ്പ് അംബാനി ഫ്രഞ്ച് ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

യോഗത്തിൽ എയർബസ്​ ഹെലികോപ്​ടറുമായി ചേർന്ന്​ പ്രതിരോധ ഹെലികോപ്​ടറും കൊമേഴ്​സ്യൽ ഹെലികോപട്​റും നിർമിക്കുന്നതിൽ താൽപര്യമുണ്ടെന്നും അംബാനി അറിയിച്ചിരുന്നു.

റഫാലിൽ വീണ്ടും ട്വിസ്റ്റ്: കരാർ പ്രഖ്യാപനത്തിന് മുമ്പ് അംബാനി ഫ്രഞ്ച് ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

വിവാദമായ റഫാൽ യുദ്ധവിമാന ഇടപാടിൽ പുതിയ ട്വിസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി റഫാൽ കരാർ പ്രഖ്യാപിക്കുന്നതിനു മുമ്പ് റിലയൻസ് ഡിഫൻസ് കമ്പനി ഉടമ അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉ​ദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വെളിപ്പെടുത്തൽ. 2015 മാര്‍ച്ച് അവസാനം മോദി റഫാല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനും രണ്ടാഴ്ച മുമ്പായിരുന്നു പാരീസിലെ ഓഫീസിൽ വച്ച് ഈ കൂടിക്കാഴ്ചയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഫ്രഞ്ച്​ പ്രതിരോധ മന്ത്രി ജീൻ വെസ്​ലെ ഡ്രിയാന്റെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉപദേഷ്​ടാക്കളുമായ ജീൻ ക്ലൗഡ്​ മാലറ്റ്​, വ്യാവസായിക ഉപദേഷ്​ടാവ്​ ക്രിസ്‌റ്റൊഫെ സലൊമണ്‍, സാങ്കേതിക ഉപദേഷ്​ടാവ്​ ജെഫ്രി ബോക്വറ്റ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. അംബാനിയുമായുള്ള കൂടിക്കാഴ്ച വളരെ പെട്ടന്നായിരുന്നുവെന്നും രഹസ്യസ്വഭാവമുള്ളതായിരുന്നുവെന്നും യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥനോട് ക്രിസ്റ്റൊഫെ സലൊമണ്‍ വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്​. യോഗത്തിൽ എയർബസ്​ ഹെലികോപ്​ടറുമായി ചേർന്ന്​ പ്രതിരോധ ഹെലികോപ്​ടറും കൊമേഴ്​സ്യൽ ഹെലികോപട്​റും നിർമിക്കുന്നതിൽ താൽപര്യമുണ്ടെന്നും അംബാനി അറിയിച്ചിരുന്നു. മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ ധാരണാപത്രം (എംഒയു) ഒപ്പുവയ്ക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ധാരണാപത്രം തയാറായി വരികയാണ് എന്നാണ് അംബാനി അറിയിച്ചത്​.

2015 ഏപ്രില്‍ ഒമ്പതിനാണ്​ മോദി ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയത്​. പ്രധാനമന്ത്രിയുടെ പ്രതിനിധിസംഘത്തിന്റെ ഭാഗമായി അനില്‍ അംബാനിയും ഒപ്പമുണ്ടായിരുന്നു. മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദും 36 റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തി. 2015 മാര്‍ച്ച് 28നാണ്​ റിലയന്‍സ് ഡിഫന്‍സ് കമ്പനി നിലവില്‍ വന്നത്​. ഇതേ ആഴ്​ച തന്നെയാണ്​ അനില്‍ അംബാനിയും ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും. പ്രതിരോധ മന്ത്രി വെസ്​ലെ ഡ്രിയാന്റെ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് പത്രം റിപ്പോർട്ട്​ ചെയ്യുന്നു.

എന്നാൽ, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) ആണ് കരാറില്‍ ഉൾപ്പെട്ടിരിക്കുന്നത്​ എന്നാണ് 2015 ഏപ്രില്‍ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കരാർ സാങ്കേതികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാൽ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പൊതുമേഖലാ സ്ഥാപനമായ എച്ച്​എഎൽ 108 റഫാൽ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ലൈസൻസ്​ നേടിയിരുന്നുവെങ്കിലും പുതിയ കരാറിൽ കമ്പനിയെ ഉൾപ്പെടുത്തിയിരുന്നില്ല. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദിന്റെ കാമുകി ജൂലി ഗയറ്റ് നിര്‍മിച്ച സിനിമയില്‍ അംബാനിയുടെ സിനിമാ കമ്പനി പണം മുടക്കിയ വാര്‍ത്ത പുറത്തുവിട്ടതും ഇന്ത്യന്‍ എക്സ്പ്രസായിരുന്നു. എംഒയു ഒപ്പിടുന്നതിന്റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം പുറത്തെത്തിയതോടെയാണ് റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ ഇടപെടലുകള്‍ വിവാദമാകുന്നത്. റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്നും ഒലാന്ദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

റഫാൽ കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കിയിരുന്നെന്ന റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. 787 കോ​ടി യൂ​റോ​യു​ടെ ഇ​ട​പാ​ടി​ലാണ് മോ​ദി സ​ർ​ക്കാ​ർ അ​ഴി​മ​തി വി​രു​ദ്ധ ച​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഫ്രാൻസിന് ഇളവുകൾ നൽകിയതെന്ന് ദി ​ഹി​ന്ദു ദി​ന​പ്പ​ത്രം ആമ് റി​പ്പോ​ർ​ട്ട് ചെ​യ്തത്. മു​മ്പെങ്ങും സം​ഭ​വി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഇ​ള​വു​ക​ളാണ് ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന് മോ​ദി സ​ർ​ക്കാ​ർ ന​ൽ​കി​യ​തെന്നും റി​പ്പോ​ർ​ട്ടി​ൽ ചൂണ്ടിക്കാട്ടിയിരുന്നു.

അഴിമതി വിരുദ്ധ ചട്ടം കൂടാതെ എസ്ക്രോ അക്കൗണ്ട്​ വഴി പണം നൽകാമെന്ന ധനകാര്യ വിദഗ്​ധരുടെ നിർദേശങ്ങളും​ അസാധുവാക്കിയ വ്യവസ്ഥകളിൽ ​ഉൾപ്പെടുന്നു​. ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ചു സ​ർ​ക്കാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത സ​മാ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​തി​ർ​ത്തി​രു​ന്ന​താ​യുമുള്ള വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.