ദക്ഷിണേന്ത്യയിൽ നിന്ന് പണം ശേഖരിച്ച് മോദി സർക്കാർ വടക്കേ ഇന്ത്യയ്ക്കു നൽകുന്നുവെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

"അരുൺ ജെയ്റ്റ്ലി ഇപ്പോൾ പറയുന്നത് ജനങ്ങളുടെ വികാരം നോക്കി പ്രത്യേക പദവി നൽകാനാവില്ലെന്നാണ്. ജനങ്ങളുടെ വികാരം നോക്കി ഒരു സംസ്ഥാനം വിഭജിക്കാമെങ്കിൽ, വികാരങ്ങളെ മാനദണ്ഡമാക്കി പ്രത്യേക പദവി മാത്രം എന്തുകൊണ്ടു തരാനാവില്ല?" നായിഡു ചോദിച്ചു.

ദക്ഷിണേന്ത്യയിൽ നിന്ന് പണം ശേഖരിച്ച് മോദി സർക്കാർ വടക്കേ ഇന്ത്യയ്ക്കു നൽകുന്നുവെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ദക്ഷിണേന്ത്യയിൽ നിന്ന് വരുമാനം ശേഖരിച്ച് കേന്ദ്രസർക്കാർ വടക്കേ ഇന്ത്യയുടെ വികസനത്തിനായി ചെലവഴിക്കുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി പ്രസിഡൻ്റുമായ ചന്ദബാബു നായിഡു. ദക്ഷിണേന്ത്യയോട് മോദി സർക്കാർ വിവേചനം കാണിക്കുകയാണെന്നും നായിഡു കുറ്റപ്പെടുത്തി. അമരാവതിയിൽ. സംസ്ഥാന അസംബ്ലി കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

"ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേന്ദ്രവരുമാനത്തിന് കൂടുതൽ സംഭാവന നൽകുന്നത്. എന്നാൽ ആ പണമെല്ലാം പോകുന്നത് വടക്കേ ഇന്ത്യയ്ക്കാണ്"- നായിഡു പറയുന്നു. അഭിനേതാവിൽ നിന്നു രാഷ്ട്രീയ നേതാവായ പവൻ കല്യാൺ കഴിഞ്ഞ ദിവസം സമാനമായ ഒരു പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിൻ്റേയും പ്രതികരണം.

ആന്ധ്രാപ്രദേശിനു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും സംസ്ഥാനത്തെ അവഗണിക്കുന്നതിലും കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കാനും നായിഡു മടിച്ചില്ല. "ആന്ധ്രാ പ്രദേശ് ഈ രാജ്യത്തിൻ്റെ ഭാഗമല്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? വാണിജ്യനികുതി ഉത്തേജക പാക്കേജുകളും ജിഎസ്ടി റീഫണ്ടുകളും മറ്റെല്ലാ സംസ്ഥാനങ്ങൾക്കുമുണ്ട്, എന്നാൽ ആന്ധ്രാപ്രദേശിനില്ല"- നായിഡു പറഞ്ഞു.

"അരുൺ ജെയ്റ്റ്ലി ഇപ്പോൾ പറയുന്നത് ജനങ്ങളുടെ വികാരം നോക്കി പ്രത്യേക പദവി നൽകാനാവില്ലെന്നാണ്. ജനങ്ങളുടെ വികാരം നോക്കി ഒരു സംസ്ഥാനം വിഭജിക്കാമെങ്കിൽ, വികാരങ്ങളെ മാനദണ്ഡമാക്കി പ്രത്യേക പദവി മാത്രം എന്തുകൊണ്ടു തരാനാവില്ല?" നായിഡു ചോദിച്ചു. ആന്ധാപ്രദേശിനോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിലുള്ള മുന്നണിയായ എൻഡിഎ വിടാൻ ടിഡിപി തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായി കേന്ദ്രത്തിലുള്ള പാർട്ടിയുടെ മന്ത്രിമാരെ ടിഡിപി പിൻവലിക്കുകയും ചെയ്തിരുന്നു.


Read More >>