ഹരിതനഗരമാകാൻ അമരാവതി; പത്ത് വർഷത്തേയ്ക്ക് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ ആലോചന

വായുമലിനീകരണം ഇല്ലാത്ത ഹരിതനഗരം പടുത്തുയര്‍ത്തുന്നതിന്‌റെ ഭാഗമായിട്ടാണ് ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ആശയം ഉയര്‍ന്നിട്ടുള്ളത്.

ഹരിതനഗരമാകാൻ അമരാവതി; പത്ത് വർഷത്തേയ്ക്ക് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ ആലോചന

ആന്ധ്രാപ്രദേശിന്‌റെ തലസ്ഥാന നഗരമായി ഉയരാന്‍ പോകുന്ന അമരാവതിയില്‍ പത്തു വര്‍ഷത്തേയ്ക്കു ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. തലസ്ഥാന നഗരത്തിന്‌റെ ക്യാപിറ്റല്‍ പ്ലാനില്‍ ആണ് ഈ നിര്‍ദ്ദേശം ഉള്ളത്. വായുമലിനീകരണം ഇല്ലാത്ത ഹരിതനഗരം പടുത്തുയര്‍ത്തുന്നതിന്‌റെ ഭാഗമായിട്ടാണ് ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ആശയം ഉയര്‍ന്നിട്ടുള്ളത്.

അമരാവതിയില്‍ 1620 ഏക്കര്‍ വരുന്ന നടപ്പാതകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. അതിവേഗ ബസ് ഗതാഗതം തലസ്ഥാന നഗരത്തിന്‌റെ പ്രത്യേകതയായിരിക്കും. ഇലക്ട്രിക് ബസ്സുകളും നഗരത്തിലുണ്ടാകും. പിന്നീടു മെട്രോ റെയില്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

'തലസ്ഥാന നഗരത്തില്‍ 2019 ആകുമ്പോഴേയ്ക്കും മൂന്നോ നാലോ ലക്ഷം ജനസംഖ്യ ഉണ്ടാകുമന്നാണു കരുതുന്നത്. അപ്പോഴേയ്ക്കും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും,' അന്ധ്രാപ്രദേശ് തലസ്ഥാന മേഖലാ വികസന അഥോറിറ്റി കമ്മീഷണര്‍ ശ്രീധര്‍ പറഞ്ഞു.

5-10-15 എന്ന സൂത്രവാക്യത്തിൽ ആയിരിക്കും അമരാവതിയുടെ പ്രത്യേകതകള്‍ ഉണ്ടാകുക. ഇതനുസരിച്ചു നഗരവാസികള്‍ക്ക് അഞ്ചു മിനിറ്റു നടന്നാല്‍ പലവ്യഞ്ജന കടയിലെത്താം. സിനിമാ തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ പത്തു മിനിറ്റുകള്‍ കൊണ്ട് എത്താവുന്ന ദൂരത്തിലുണ്ടാകും. ജോലിസ്ഥലത്തേയ്ക്കു പതിനഞ്ചു മിനിറ്റു യാത്രയേ കാണൂ.

ഹരിതനഗരങ്ങളായ അസ്താന (ഖസാക്കിസ്ഥാന്‌റെ തലസ്ഥാനം), നയാ റായ്പൂര്‍ (ചണ്ഡീഗഢിന്‌റെ തലസ്ഥാനം), ഗാന്ധിനഗര്‍ (ഗുജറാത്ത്) തുടങ്ങിയവ പത്തു വര്‍ഷങ്ങളെടുത്താണ് അമരാവതിയുടെ ഇപ്പോഴത്തെ ആരംഭദിശയിലെ നിലയിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നഗരനിര്‍മ്മാണത്തിന്‌റെ 45 ശതമാനം ജോലികളും പൂര്‍ത്തിയായകായി അവര്‍ അറിയിച്ചു.