ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം

പല തവണ പ്രവേശന പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് മുത്തുകൃഷ്ണന് ജെഎന്‍യുവില്‍ പ്രവേശനം നേടാനായത്. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സഹാപാഠികള്‍ക്കിടയില്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു എന്ന കാര്യം മുത്തുകൃഷ്ണന്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.

ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം

"തുല്യത നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു. എംഫില്‍/പിഎച്ച്ഡി പ്രവേശനത്തിന് വൈവ ഇല്ല- തുല്യത നിഷേധിക്കപ്പെടുക മാത്രമാണ് അവിടെ നടക്കുന്നത്, സുഖ്‌ദേവ് തോരാട്ടിന്റെ ശുപാര്‍ശകളാണ് നിരസിക്കുന്നത്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാനുള്ള ഇടം നിഷേധിക്കുന്നു, അരികുകളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു.''- ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍‍ കഴിഞ്ഞ മാര്‍ച്ച് 13ന് ആത്മഹത്യ ചെയ്ത മുത്തുകൃഷ്ണന്‍ എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ അവസാനത്തെ ഫെയ്സ്ബുക് പോസ്റ്റാണിത്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്നു മുത്തുകൃഷ്ണന്‍. തമിഴ്‌നാട് സേലം സ്വദേശിയായ മുത്തുകൃഷ്ണന്‍ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ബിരുദ പഠന കാലത്ത് രോഹിത് വെമുലയുടെ ബാച്ച്‌മേറ്റ് ആയിരുന്നു. ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല മുന്നേറ്റത്തില്‍ സജീവമായി പങ്കെടുത്തിരുന്നു മുത്തുകൃഷ്ണന്‍. മുനീര്‍ക്കയിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്.പല തവണ പ്രവേശന പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് മുത്തുകൃഷ്ണന് ജെഎന്‍യുവില്‍ പ്രവേശനം നേടാനായത്. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സഹാപാഠികള്‍ക്കിടയില്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു എന്ന കാര്യം മുത്തുകൃഷ്ണന്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.

മുത്തുകൃഷ്ണന്റെ ആത്മഹത്യയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യുവിലെ ദളിത് ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടനയായ ബിര്‍സ മുണ്ട അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബാപ്‌സയിലെ പല വിദ്യാര്‍ത്ഥി നേതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതില്‍ കൂടുതലായി ഒരു നടപടിയും ഡല്‍ഹി പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് ബാപ്‌സ നേതാവും നാഗ്പൂര്‍ സ്വദേശിയുമായ രാഹുല്‍ സോന്‍പിംപ്ലേ പറയുന്നു.

സര്‍വ്വകലാശാലയിലെത്തുന്നത് ദരിദ്രരായ ദളിത് യുവാക്കളും മധ്യവര്‍ഗ്ഗ ദളിത് സ്ത്രീകളും ആണെന്നും ദരിദ്രരായ ദളിത് സ്ത്രീകള്‍ക്ക് പലപ്പോഴും സര്‍വ്വകലാശാലകളില്‍ എത്തിപ്പെടാന്‍ പോലും പറ്റാറില്ലെന്നും സര്‍വ്വകലാശാലകളിലെ ജാതീയമായ വിവേചനം നേരിടാന്‍ അത്രയേറെ ബുദ്ധിമുട്ടുകയാണെന്നും അതാണ് സര്‍വ്വകലാശാലകളിലെ യാഥാര്‍ത്ഥ്യം എന്നും രാഹുല്‍ നാരദാന്യൂസിനോട് പറഞ്ഞു.

രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ കണ്ട ദിവസം സ്മരിച്ചുകൊണ്ട് മുത്തുകൃഷ്ണന്‍ എഴുതിയ എ യൂണിവേഴ്‌സല്‍ മദര്‍ വിത്തൗട്ട് എ നേഷന്‍ എന്ന ലേഖനത്തില്‍ നിന്ന്.

"രോഹിതിന്റെ ഓര്‍മ്മകളെപ്പറ്റി സംസാരിച്ച് അമ്മയെ വിഷമിപ്പിക്കേണ്ട എന്നു തോന്നി. അപ്പോള്‍ ഞാന്‍ തനിയെ രോഹിത്തിനെ ഓര്‍ത്തു. ഞാന്‍ രോഹിതിനെ ആറുതവണ കണ്ടിട്ടുണ്ട്. ആദ്യത്തെ തവണ സൗത്ത് ക്യാംപസിലെ ഷോപ് കോമിലാണ് കണ്ടത്. നോര്‍ത്ത് ക്യാംപസില്‍ നിന്നുള്ള ഒരു പ്രതിഷേധ റാലിയിലായിരുന്നു നമ്മള്‍. രോഹിത് ഒരു ഇളം ഗ്രേ നിറമുള്ള ഷര്‍ട്ട് ആണ് ഇട്ടിരുന്നത്, പ്രശാന്തും ഞാനും കറുപ്പ് നിറമുള്ള ഉടുപ്പുകളായിരുന്നു ഇട്ടത്. രോഹിത് ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. അന്ന് ഞാന്‍ മുദ്രാവാക്യം വിളിച്ചിരുന്നില്ല. ചിലപ്പോള്‍ എന്റെ ഭാഷാപരമായ പരിമിതികള്‍ കൊണ്ടാകാം. രോഹിതിന് അസാമാന്യമായ നേതൃത്വഗുണമുണ്ടായിരുന്നു.

പ്രിയപ്പെട്ട ദേശവിരുദ്ധരേ, ഞാന്‍ പറയട്ടെ, ഒരു ദിവസം ഈ രാജ്യത്തിന്റെ നേതാവ് രാജ്യത്തെ മൊത്തമായി വില്‍ക്കാന്‍ പോകുകയാണ്. നൂറുകണക്കിന് അപ്പാറാവുമാര്‍ ആയിരക്കണക്കിന് രോഹിത്തുമാരെ കൊലപ്പെടുത്താന്‍ പോകുകയാണ്. അവര്‍ പറയും, 'അവന്‍/ അവള്‍ നല്ലൊരു വിദ്യാര്‍ത്ഥിയായിരുന്നു.' അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള ബുദ്ധിജീവികള്‍ സാങ്കല്‍പിക കഥാപാത്രങ്ങളെ കളിയാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടും. പത്താം ക്ലാസ് പരീക്ഷ പോലും പാസാകാന്‍ കഴിയാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിക്കും. ഇവര്‍ വിസമ്മതിക്കുന്നവരെ ദേശദ്രോഹികളും രാജ്യദ്രോഹികളുമാക്കും. അവര്‍ ഇനിയും രോഹിതുമാരെ കൊല്ലും. നമ്മളെ പോലുള്ളവരെ കൊല്ലും. ബീഫ് കഴിക്കുന്നതിന്റെ പേരില്‍, യുക്തിവാദി ആകുന്നതിന്റെ പേരില്‍, രാജ്യത്തിന് വേണ്ടി ബുദ്ധിപരമായ സംഭാവനകള്‍ നടത്തുന്നതിന്റെ പേരില്‍.പക്ഷേ നമ്മളാണ് ഈ മണ്ണിന്റെ യഥാര്‍ത്ഥ മക്കള്‍. നമ്മള്‍ കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ ഇവിടെ ഈ രാജ്യം തന്നെ ഉണ്ടാകില്ല.

നിഷ്‌കളങ്കയായ ഒരു അമ്മയെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ എന്താണ് കാത്തിരിക്കുന്നത്?"

Read More >>