ആദ്യം വെടിവെച്ച് വീഴ്ത്തി, പിന്നെ ചികിത്സ നല്‍കി ജീവനിലേക്ക് കൊണ്ടുവന്നു; ഡോക്ടറായിരുന്ന ഐപിഎസ് ഓഫീസര്‍ മാവോയിസ്റ്റിനെ രക്ഷിച്ചതിങ്ങനെ

മാവോയിസ്റ്റിനെ വധിക്കാതെ രക്ഷിച്ചത് മറ്റ് മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളിലൂടെ ശേഖരിക്കുന്നതിന് ഗുണകരമാകുമെന്ന് പോലീസ് കണക്കുകൂട്ടുന്നു.

ആദ്യം വെടിവെച്ച് വീഴ്ത്തി, പിന്നെ ചികിത്സ നല്‍കി ജീവനിലേക്ക് കൊണ്ടുവന്നു; ഡോക്ടറായിരുന്ന ഐപിഎസ് ഓഫീസര്‍ മാവോയിസ്റ്റിനെ രക്ഷിച്ചതിങ്ങനെ

ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്ന നിരവധി വാര്‍ത്തകള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മാവോയിസ്റ്റിന്റെ ജീവന്‍ രക്ഷിച്ച സംഭവം ശ്രദ്ധേയമാകുന്നു. ചത്തീസ്ഗഢിലാണ് സംഭവം. നേരത്തെ ഡോക്ടറായിരുന്ന അഭിഷേക് പല്ലവ് എന്ന ഐപിഎസ് ഓഫീസറാണ് സോമറു എന്ന മാവോയിസ്റ്റിനോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചതു വഴി അഭിനന്ദനം ഏറ്റുവാങ്ങുന്നത്.

വയറിന് വെടിയേറ്റ് നിലത്ത് വീണ് രക്തം വാര്‍ന്നുപൊയ്‌ക്കൊണ്ടിരുന്ന സോമരുവിന് അഭിഷേക് പല്ലവ് ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ''സാഹിബാണ് (അഭിഷേക്) എന്റെ ജീവന്‍ രക്ഷിച്ചത്. ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോമറു നന്ദിയോടെ പറയുന്നു.

മാര്‍ച്ച് പതിനെട്ടിന് നടന്ന ഏഴ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സോമറു വെടിയേറ്റുവീണത്. ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുള്ള സോമറു വെടിയേറ്റ് വീണപ്പോള്‍ അഭിഷേകിലെ ഡോക്ടറാണ് ഉണര്‍ന്നത്. വയറില്‍ നിന്ന് രക്തം ധാരയായി പൊയ്‌ക്കൊണ്ടിരുന്ന സോമറുവിന് മറ്റൊന്നുമാലോചിക്കാതെ അഭിഷേക് പ്രാഥമിക ചികിത്സ നല്‍കി.

പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ ഇയാള്‍ സുഖം പ്രാപിച്ചുവരികയാണ്. ആദ്യം വേദന സംഹാരി നല്‍കിയ ശേഷം അഭിഷേക് ഒരു ആംബുലന്‍സില്‍ സോമറുവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായ മുറിവായിരുന്നതിനാല്‍ സമയത്ത് ചികിത്സ കൊടുക്കുകയായിരുന്നു പ്രധാനമെന്ന് ബിഹാറിലെ ബെഗുസാര സ്വദേശിയായ അഭിഷേക് പറഞ്ഞു. എയിംസില്‍ നിന്ന് 2009ല്‍ എംഡി ബിരുദം നേടിയ അഭിഷേക് 2013ലാണ് ഐപിഎസ് സര്‍വീസില്‍ പ്രവേശിക്കുന്നത്.

അതേസമയം അഭിഷേകിന്റെ പ്രവൃത്തിയെ സേനയില്‍ നിന്നുള്ളവര്‍ തന്നെ കടുത്ത വിമര്‍ശനത്തോടെയാണ് നേരിട്ടത്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ മരിച്ചതിനാല്‍ സോമറുവിനെ വധിക്കണമെന്ന പക്ഷക്കാരായിരുന്നു അഭിഷേകിന്റെ സഹപ്രവര്‍ത്തകര്‍. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണെങ്കിലും അയാളുമൊരു ഇന്ത്യന്‍ പൗരനാണെന്ന് ഇതിനെക്കുറിച്ച് അഭിഷേക് പ്രതികരിച്ചു. അഭിഷേകിന്റെ പ്രവൃത്തി മാനുഷിക മൂല്യങ്ങളുടെ വലിയ ഉദാഹരണമാണെന്ന് ചത്തീസ്ഗഢ് പോലീസിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ഡി എം അവസ്തി പറഞ്ഞു. മാവോയിസ്റ്റുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി സോമറുവിനെ ഉപയോഗിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.