രാജസ്ഥാനിൽ അമിത് ഷായുടെ 'ഡാമേജ് കണ്ട്രോൾ'; നാല് കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതലകൾ

മുഖ്യമന്ത്രി വസുന്ധരരാജെയോടുള്ള എതിര്‍പ്പ് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്ന് അമിത് ഷാ വിലയിരുത്തുന്നു.

രാജസ്ഥാനിൽ അമിത് ഷായുടെ ഡാമേജ് കണ്ട്രോൾ; നാല് കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതലകൾ

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പും ശേഷവും വന്ന സര്‍വേകളിലെല്ലാം ബിജെപിക്ക് വന്‍ പരാജയമുണ്ടാകുമെന്ന് പ്രവചിക്കുന്ന രാജസ്ഥാനില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശക്തമായ ഇടപെടലുമായി രംഗത്ത്. വിശ്വസ്തരായ നാല് കേന്ദ്രമന്ത്രിമാരെ രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക ചുമതല നല്‍കി അയച്ചിരിക്കുകയാണ് അമിത് ഷാ.

രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ,മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്,ധന സഹമന്ത്രി ശിവ് പ്രതാപ് ശുക്‌ള,സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള കൃഷ്ണ ഗോപാല്‍ എന്നിവരാണ് അമിത് ഷായുടെ ദൗത്യമേറ്റെടുത്ത് രാജസ്ഥാനില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക.

മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളേക്കാള്‍ വലിയ പരിഗണന രാജസ്ഥാന് നല്‍കിയാകും അമിത് ഷായുടെയും മോദിയുടേയും ഇനിയുള്ള പ്രചരണ പരിപാടികള്‍. മുഖ്യമന്ത്രി വസുന്ധരരാജെയോടുള്ള എതിര്‍പ്പ് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്ന് അമിത് ഷാ വിലയിരുത്തുന്നു. തല്‍ക്കാലം വസുന്ധരയെ പിന്നോട്ട് വലിക്കില്ലെങ്കിലും നാലു വിശ്വസ്തരെ നിയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ നേരിട്ട് ഏറ്റെടുക്കുകയാണെന്ന സൂചനയാണ് അമിത് ഷാ നല്‍കുന്നത്.

സംഘടനാ പ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച ഉത്തര്‍ പ്രദേശിലേയും ഗുജറാത്തിലേയും മന്ത്രിമാരടക്കമുള്ള പ്രമുഖ നേതാക്കളേയും രാജസ്ഥാനിലേക്ക് അമിത് ഷാ നിയോഗിച്ചിട്ടുണ്ട്.യുപി മന്ത്രി മഹേന്ദ്രസിംഗ്, എംപിമാരായ സഞ്ജീവ് ബല്യാന്‍,സത്യപാല്‍ സൈനി,ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ശങ്കര്‍ ഭായ്, കെ സി പട്ടേല്‍,ഹിമാചലില്‍ നിന്ന് പവന്‍ രാണ,ഡല്‍ഹിയില്‍ നിന്ന് ആശിഷ് സൂദ് തുടങ്ങിയ നേതാക്കള്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരം രാജസ്ഥാനിലെ വിവിധ മേഖലകളുടെ ചുമതലക്കാരായി മുഴുവന്‍ സമയ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ഓരോ ദിവസവുമുള്ള സ്ഥിതിഗതികള്‍ കൃത്യമായി അറിയിക്കണമെന്ന് ഈ പ്രത്യേക ചുമതലക്കാരോടെല്ലാം അമിത് ഷാ പറഞ്ഞിട്ടുണ്ട്.രാജസ്ഥാന്‍ നിലനിര്‍ത്താന്‍ പ്രത്യേക വാര്‍ റൂം തന്നെ തയ്യാറാക്കി അമിത് ഷാ രംഗത്തിറങ്ങുന്നതോടെ പ്രവചനങ്ങളെ അസ്ഥാനത്താക്കി വിജയം നേടാനാവുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ കണക്ക്കൂട്ടല്‍.

Read More >>