ആര്‍ക്കും അങ്ങനെ പിന്‍വാതിലിലൂടെ ബീഫ് നിരോധിക്കാന്‍ കഴിയില്ല; അലഹബാദ്‌ ഹൈക്കോടതി

ഈ സര്‍ക്കാര്‍ നയം നടപ്പിലാക്കാനെന്ന പേരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവരുടേയും വ്യവസായം തടസ്സപ്പെടുത്തുന്നു എന്ന് പല വ്യാപാരികളും പരാതിപ്പെടുന്നതായും കോടതി പറഞ്ഞു

ആര്‍ക്കും അങ്ങനെ പിന്‍വാതിലിലൂടെ ബീഫ് നിരോധിക്കാന്‍ കഴിയില്ല; അലഹബാദ്‌ ഹൈക്കോടതി

ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതും അവ വിപണനം ചെയ്യുന്നതും ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുമെന്നു യു.പി സര്‍ക്കാരിനോട് അലഹാബാദ് ഹൈക്കോടതി.

വിവിധങ്ങളായ ആഹാരരീതികള്‍ നാടിന്റെ മതനിരപേക്ഷക പാരമ്പര്യമാണ്. അനധികൃത മാംസവിപണന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ അത് പൊതുജനത്തിന്റെ ആഹാരരീതിയെയോ ജീവിതമാര്‍ഗ്ഗത്തെയോ തടസപ്പെടുത്തുന്നതാകരുത് എന്നു ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

തന്റെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തിയതായി കാണിച്ച് ഒരു മാംസവ്യാപാരി നല്‍കിയ പരാതിയിന്മേല്‍ വാദം നടക്കുമ്പോഴാണ് കോടതി ഇങ്ങനെ വിലയിരുത്തിയത്. ആരോഗ്യത്തിനു ഹാനികരമല്ലാത്ത ഭക്ഷണസാധനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. മാത്രമല്ല, അവര്‍ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കുന്നവ എത്തിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആര്‍ക്കുമങ്ങനെ പിന്‍ വാതിലിലൂടെ ബീഫ് നിരോധിക്കാന്‍ ആവില്ല; കോടതി പറഞ്ഞു.

എല്ലാ മാംസവിപണന കേന്ദ്രങ്ങളും അറവുശാലകളും പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലയെന്നും. അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ സര്‍ക്കാര്‍ നയം നടപ്പിലാക്കാനെന്ന പേരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവരുടേയും വ്യവസായം തടസ്സപ്പെടുത്തുന്നു എന്ന് പല വ്യാപാരികളും പരാതിപ്പെടുന്നതായും കോടതി പറഞ്ഞു. ഇക്കാര്യവും സര്‍ക്കാര്‍ പരിശോധിക്കണം. അറവുശാലകള്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട സാഹചര്യവും, അതിനായി എടുത്ത നടപടികളും കോടതിയെ അറിയിക്കണം കൂടാതെ ഇതെങ്ങനെയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന രൂപരേഖയും 10 ദിവസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കണം എന്നും അലഹബാദ്‌ കോടതി ഉത്തരവിട്ടു.