സർക്കാരിനു തിരിച്ചടി: പൗരന്മാരുടെ ഭക്ഷ്യസ്വാതന്ത്ര്യം പ്രധാനം; യുപിയിൽ അറവുശാലകൾക്ക് ലൈസൻസ് കൊടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി

2006 ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് അറവുശാലകള്‍ക്കും ഇറച്ചിക്കടകള്‍ക്കും ലൈസന്‍സ് നല്‍കാമെന്നു പറഞ്ഞ കോടതി ആവശ്യക്കാരോട് ലൈസന്‍സിനുള്ള അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. നിയമമനുസരിച്ചു ലൈസന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് നല്‍കുന്നതില്‍ പ്രാദേശിക അധികാരികള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം തേടാവുന്നതാണെന്നും കോടതി അറിയിച്ചു.

സർക്കാരിനു തിരിച്ചടി: പൗരന്മാരുടെ ഭക്ഷ്യസ്വാതന്ത്ര്യം പ്രധാനം; യുപിയിൽ അറവുശാലകൾക്ക് ലൈസൻസ് കൊടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനു തിരിച്ചടി. സംസ്ഥാനത്ത് അറവുശാലകൾക്കു ലൈസൻസ് നൽകണമെന്ന് അലബാബാദ് ഹൈക്കോടതി. ആധുനിക അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതു സര്‍ക്കാരിന്റെ കടമയാണെന്നും അലബാബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബഞ്ച് പറഞ്ഞു.

പൗരന്മാര്‍ക്ക് ഇഷ്ടമുള്ള ആഹാരരീതി തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ 17 നകം ഇതിനെക്കുറിച്ചുള്ള നയം രൂപീകരിക്കാന്‍ ഉന്നതതല കമ്മിറ്റിയോടു കോടതി ആവശ്യപ്പെട്ടു.

2006 ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് അറവുശാലകള്‍ക്കും ഇറച്ചിക്കടകള്‍ക്കും ലൈസന്‍സ് നല്‍കാമെന്നു പറഞ്ഞ കോടതി ആവശ്യക്കാരോട് ലൈസന്‍സിനുള്ള അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. നിയമമനുസരിച്ചു ലൈസന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് നല്‍കുന്നതില്‍ പ്രാദേശിക അധികാരികള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഉപദേശം തേടാവുന്നതാണെന്നും കോടതി അറിയിച്ചു.

മാര്‍ച്ച് 31നു കാലാവധി തീര്‍ന്ന ഇറച്ചിക്കടയുടെ ലൈസന്‍സ് പുതുക്കിക്കിട്ടണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ്സുമാരായ എ പി സാഹി, സഞ്ജയ് ഹര്‍ക്കൗളി എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അറവുശാലകള്‍ക്കും ഇറച്ചിക്കടകള്‍ക്കും ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടു നയരൂപീകരണത്തിനായി ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

ഭരണഘനാപരമായ അവകാശമായ ഇറച്ചിക്കച്ചവടം അടച്ചുപൂട്ടുന്നതായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നടപടിയെന്നു പരാതിക്കാരന്‍ വാദിച്ചു. പൗരന്മാരുടെ ഭക്ഷ്യസ്വാതന്ത്ര്യത്തില്‍ അകാരണമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണു സര്‍ക്കാര്‍ എന്നു പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആധുനിക അറവുശാലകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുക അനുവദിച്ചിട്ടും ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ അമാന്തം കാണിക്കുകയാണെന്നും പരാതിയിലുണ്ട്.

എന്നാല്‍ അറവുശാലകള്‍ സ്ഥാപിക്കുന്നതു സര്‍ക്കാരിന്റെ കടമയല്ലെന്നു സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഘവേന്ദ്ര സിങ് വാദിച്ചു. 2006 ലെ ഭക്ഷ്യസുരക്ഷാനിയമം അറവുശാലകളുടെ ലൈസന്‍സും ഇറച്ചിക്കടകളുടെ പുതുക്കലും സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ മറികടക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. നിയമമനുസരിച്ചുള്ള അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ പരിശോധിക്കാമെന്നും അഭിഭാഷകൻ പറഞ്ഞു.

വാദങ്ങള്‍ കേട്ട ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ലഖ്‌നൗ ബഞ്ച്. അറവുശാലകള്‍ നടത്തുന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണു കോടതിയുടെ ഉത്തരവ്.