2017ൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ബിജെപി അധികാരത്തിൽ എത്തില്ലായിരുന്നു: അഖിലേഷ് യാദവ്

ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ ലക്ഷക്കണക്കിന് വോട്ടുകളുടെ വ്യത്യാസത്തിൽ ബിജെപി പരാജയപ്പെടുമായിരുന്നു-അഖിലേഷ് അഭിപ്രായപ്പെട്ടു.

2017ൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ബിജെപി അധികാരത്തിൽ എത്തില്ലായിരുന്നു: അഖിലേഷ് യാദവ്

2017ൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ബിജെപി അധികാരത്തിൽ വരില്ലായിരുന്നുവെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ബിഎസ്പി നേതാവ് മായാവതിക്ക് അഖിലേഷ് യാദവ് നന്ദി അറിയിച്ചു. യുപിയിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാല്‍ ജനങ്ങളുടെ പ്രതികരണം എന്താവുമെന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. ​ഗോരഖ്പൂരിലും ഫൂൽപൂരിലും വോട്ടിങ് മെഷീനിൽ വ്യാപകമായി തകരാറുണ്ടായിരുന്നു. ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ ലക്ഷക്കണക്കിന് വോട്ടുകളുടെ വ്യത്യാസത്തിൽ ബിജെപി പരാജയപ്പെടുമായിരുന്നുവെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

ഗോരഖ്പുരിലെയും ഫൂല്‍പ്പൂരിലെയും വിജയത്തിന് ബിഎസ്പിയ്ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നു. ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങള്‍ ബിജെപിക്ക് നല്കിയത്. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്പിക്ക് ലഭിച്ച ലക്ഷക്കണക്കിന് വോട്ടുകൾ. ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കാത്തതാണ് ബിജെപിയുടെ പരാജയത്തിന് കാരണം. ജനങ്ങൾക്ക് കഷ്ടപ്പാടുണ്ടാക്കുന്ന സർക്കാരിനെ സമയമെത്തുമ്പോൾ അവർ തന്നെ കെെകാര്യം ചെയ്യും. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താണ്. അച്ഛാ ദിൻ കൊണ്ടുവന്നില്ലെങ്കിലും ജനങ്ങളെ ഒന്നിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ജിഎസ്ടി വന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. പലര്‍ക്കും ബിസിനസ്സില്‍ നഷ്ടങ്ങളുണ്ടായി. യുപിയിലെ തിരഞ്ഞെടുപ്പ് ഫലം സാമൂഹ്യനീതിയുടെ വിജയമാണ്. ബിജെപി ഒരിക്കലുംഅവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

Read More >>