'ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും സൈനികന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ?; അഖിലേഷ് യാദവിന്റെ ചോദ്യം വിവാദമാകുന്നു

''ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികര്‍ രക്തസാക്ഷിത്വം വഹിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു ജവാന്‍ പോലും ഇതുവരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടില്ല''- അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ ട്വിറ്ററില്‍ അഖിലേഷിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും സൈനികന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ?; അഖിലേഷ് യാദവിന്റെ ചോദ്യം വിവാദമാകുന്നു

ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും സൈനികന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ദേശീയത, വന്ദേ മാതരം, സൈനികരുടെ രക്തസാക്ഷിത്വം എന്നിവയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയം കളിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഝാന്‍സിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികര്‍ രക്തസാക്ഷിത്വം വഹിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു ജവാന്‍ പോലും ഇതുവരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടില്ല''- അഖിലേഷ് പറഞ്ഞു.

എന്നാല്‍ അഖിലേഷിന്റെ പ്രസ്താവന AkhileshinsultsMartyrs എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറി. ട്വിറ്ററില്‍ അഖിലേഷിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മോഡിക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാമെങ്കില്‍ തനിക്കും അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ''മോഡിക്ക് വിജയിക്കാനായി എന്തു നുണയും പറയാമെങ്കില്‍ ഞാന്‍ പറയുന്നു 2019 തെരഞ്ഞെടുപ്പില്‍ എന്നെ വിജയിപ്പിച്ചാല്‍ ചന്ദ്രനില്‍ 'ലോഹിയ ആവാസ്' നടപ്പിലാക്കും'' അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിലുള്ള നിരാശ കൊണ്ടാണ് അഖിലേഷ് യാദവ് ഈ പ്രസ്താവനകള്‍ നടത്തിയതെന്ന് ബിജെപി എംപി ആര്‍ കെ സിങ്ങ് പറഞ്ഞു. രക്തസാക്ഷിത്വത്തെ മതം, ജാതി, സംസ്ഥാനം എന്നിവ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവുമെന്ന നിലയില്‍ അഖിലേഷ് മാപ്പുപറയണമെന്നും സിങ്ങ് ആവശ്യപ്പെട്ടു.