ഹൈന്ദവ വിശ്വാസം മാനിച്ച് മുസ്ലീങ്ങള്‍ ബീഫ് കഴിക്കരുത്; അജ്മീര്‍ ദര്‍ഗ ആത്മീയത്തലവന്‍

അജ്മീര്‍ ദര്‍ഗയുടെ ആത്മീയത്തലവനായ ദര്‍ഗ ദിവാന്‍ സൈനുല്‍ അബദിന്‍ ഖാനാണ് ബീഫ് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. താനും കുടുംബവും ഇനി ബീഫ് കഴിക്കില്ലെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി

ഹൈന്ദവ വിശ്വാസം മാനിച്ച് മുസ്ലീങ്ങള്‍ ബീഫ് കഴിക്കരുത്; അജ്മീര്‍ ദര്‍ഗ ആത്മീയത്തലവന്‍

രാജ്യത്തെ ഏറ്റവും പ്രമുഖനായ മുസ്ലീം പണ്ഡിതനും ബീഫ് നിരോധനത്തെ അനുകൂലിച്ച് രംഗത്ത്. അജ്മീര്‍ ദര്‍ഗയുടെ ആത്മീയത്തലവനായ ദര്‍ഗ ദിവാന്‍ സൈനുല്‍ അബദിന്‍ ഖാനാണ് ബീഫ് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു സഹോദരന്മാരുടെ വികാരം പരിഗണിച്ച്, മുസ്ലീങ്ങളും ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഖ്വജ മൊയ്‌നുദീന്‍ ഹസന്‍ ചിസ്തിയുടെ ചരമവാര്‍ഷിക ദിനത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം. ഹിന്ദു മുസ്ലീം ഐക്യത്തിന് വേണ്ടി നിലകൊണ്ടയാളാണ്ഹാസന്‍ ചിസ്തിയെന്നും അതിനാല്‍ ഹിന്ദു മതവികാരത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി എല്ലാ മുസ്ലീങ്ങളും ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. താനും കുടുംബവും ഇനി ബീഫ് കഴിക്കില്ലെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം ദേവാലയമാണ് അജ്മീര്‍ ദര്‍ഗ.

ഖ്വജ മൊയിനുദ്ദീന്റെ ഇരുപത്തിരണ്ടാമത് തലമുറയില്‍പ്പെട്ടയാളാണ് ഖാന്‍. ഗുജറാത്ത് സര്‍ക്കാര്‍ ഗോവധത്തിനെതിരെ കഴിഞ്ഞദിവസം നടപ്പിലാക്കിയ നിയമത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷയാണ് ഗോവധത്തിന് പുതിയ നിയമം അനുസരിച്ച് ഗുജറാത്തില്‍ ലഭിക്കുക. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. മുത്തലാഖിനെതിരെയും ശക്തമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. ഖുറാനും ഷരിയയും മുത്തലാഖ് അനുവദിക്കുന്നില്ലെന്നും ദിവാന്‍ വ്യക്തമാക്കുന്നു. സ്ത്രീവിരുദ്ധവും ഇസ്ലാമികവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ് മുത്തലാഖ്. ഉടന്‍ തന്നെ ഈ സംവിധാനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story by