അജ്മീര്‍ ദര്‍ഗ സ്ഫോടനം: പ്രതി സുനില്‍ ജോഷിയുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി ജോഷിയുടെ സഹായി

യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരിലെ വസതിയില്‍ 2006 മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് വെളിപ്പെടുത്തല്‍. 2007 ഒക്ടോബര്‍ പതിനൊന്നിലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേ വര്‍ഷം ഡിസംബറിലാണ് സുനില്‍ ജോഷിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

അജ്മീര്‍ ദര്‍ഗ സ്ഫോടനം: പ്രതി സുനില്‍ ജോഷിയുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി ജോഷിയുടെ സഹായി

അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിലെ പ്രതി സുനില്‍ ജോഷിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് വെളിപ്പെടുത്തല്‍. സുനില്‍ ജോഷിയുടെ മുന്‍ സഹായി ഭരത് മോഹന്‍ലാല്‍ റത്ത്വേശര്‍ ആണ് എന്‍ഐഎയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അജ്മീര്‍ ദര്‍ഗ സ്‌ഫോടനം നടക്കുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു കൂടിക്കാഴ്ച.

2006 മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ മനോജ് എന്നറിയപ്പെട്ടിരുന്ന സുനില്‍ ജോഷിക്കൊപ്പം താന്‍ യോഗി ആദിത്യനാഥിനെ ഗൊരഖ്പൂരിലെ വസതിയിലെത്തി കണ്ടെന്നാണ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്. സ്വാമി അസീമാനന്ദയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ജാര്‍ഖണ്ഡ്, ആഗ്ര, ഗൊരഖ്പൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക കാര്യങ്ങള്‍ക്കായി പോകണമെന്ന് അസീമാനന്ദയുടെ നിര്‍ദ്ദേശമുണ്ടെന്ന് സുനില്‍ ജോഷി ഫോണിലൂടെ അറിയിക്കുകയായിരുന്നു.ഇക്കാര്യം അസീമാനന്ദയോട് ചോദിച്ച് ഉറപ്പിച്ചിരുന്നെന്നും റത്ത്വേശര്‍ പറഞ്ഞു.

ആഗ്ര ഗ്രാമീണ്‍ സംഘിന്റെ പ്രവര്‍ത്തകന്‍ രജ്വേശര്‍ സിംഗാണ് ഗൊരഖ്പൂരിലെത്തിച്ചതെന്നും റത്ത്വേശര്‍ വെളിപ്പെടുത്തി. ആശ്രമത്തിലെത്തിയായിരുന്നു കൂടിക്കാഴ്ച. രജ്വേശര്‍ സിങ്ങാണ്‌ യോഗി ആദിത്യനാഥിന് തങ്ങളെ പരിചയപ്പെടുത്തിയത്. യോഗിയെ തനിച്ച് കാണണമെന്ന് സുനില്‍ ജോഷി പറഞ്ഞെങ്കിലും തിരക്കു കാരണം കൂടിക്കാഴ്ച വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു. രാത്രി ഒമ്പതു മണിയോടെ സുനില്‍ ജോഷിയും താനും ആദിത്യനാഥിനെ റൂമിലെത്തി കണ്ടു. സുനില്‍ ജോഷി യോഗി ആദിത്യനാഥിന്റെ തൊട്ടടുത്തിരുന്ന് വളരെ ശബ്ദം കുറച്ച് കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. ഈ സമയം താന്‍ കുറച്ച് ദൂരം മാറി നില്‍ക്കുകയായിരുന്നെന്നും റത്ത്വേശറിന്റെ മൊഴിയിലുണ്ട്.

കൂടിക്കാഴ്ചയ്ക്ക് ഒരു വര്‍ഷത്തിനു ശേഷം 2007 ഒക്ടോബര്‍ 11നാണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടാകുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളില്‍ മധ്യപ്രദേശിലെ ദേവാസില്‍ കേസിലെ പ്രതിയായ സുനില്‍ ജോഷിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ജോഷിയുടെ പോക്കറ്റ് ഡയറിയില്‍ നിന്ന് പൊലീസ് യോഗിയുടെ ഫോണ്‍ നമ്പര്‍ കണ്ടെടുത്തിരുന്നു.

എന്നാല്‍ ജോഷിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ യോഗി ആദിത്യനാഥിന്റെ ഓഫീസ് തയ്യാറായിട്ടില്ല. പ്രതിയായ സുനില്‍ ജോഷി കൊല്ലപ്പെട്ടതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തെ നീക്കം ചെയ്തിരുന്നു. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസില്‍ 149 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസുമായി ബന്ധപ്പെട്ട് 459 രേഖകളും കോടതി പരിശോധിച്ചു.

അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ ഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവര്‍ക്ക് ഇന്നലെ ജയ്പൂര്‍ എന്‍ഐഎ കോടതി ജിവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന സ്വാമി അസീമാന്ദയെ കോടതി വെറുതെവിട്ടിരുന്നു.