അജ്മീര്‍ സ്‌ഫോടനക്കേസ്: അന്വേഷണ സംഘത്തിന്റെ പിഴവ് കൊണ്ട് സുപ്രധാന തെളിവ് നഷ്ടമായതിങ്ങനെ

കേസില്‍ കോടതി വെറുതെവിട്ട അസീമാനന്ദയ്ക്കും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനും നിരവധി സ്‌ഫോടനങ്ങളുടെ ആസൂത്രകനായ സുനില്‍ ജോഷിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഡയറിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവത്തോടെ കൈകാര്യം ചെയ്തത്

അജ്മീര്‍ സ്‌ഫോടനക്കേസ്: അന്വേഷണ സംഘത്തിന്റെ പിഴവ് കൊണ്ട് സുപ്രധാന തെളിവ് നഷ്ടമായതിങ്ങനെ

അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി മറ്റൊന്നായേക്കുമായിരുന്ന സുപ്രധാന തെളിവ് നഷ്ടമായി. അന്വേഷണ സംഘത്തിന്റെ അലംഭാവം കൊണ്ടാണ് തെളിവ് നഷ്ടമായത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് പ്രതികളില്‍ സ്വാമി നസീമാനന്ദ അടക്കം ഏഴ് പേരെയാണ് തെളിവുകളുടെ അഭാവത്തില്‍ രാജസ്ഥാനിലെ എന്‍ഐഎ കോടതി വെറുതെ വിട്ടത്. മലേഗാവ്, ഹൈദരാബാദ് മക്ക മസ്ജിദ്, സംഝോധ എക്‌സ്പ്രസ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളില്‍ പ്രതിയാണ് നസീമാനന്ദ.

സുനില്‍ ജോഷിയുടെ ഡയറി

രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ബുദ്ധികേന്ദ്രമായിരുന്ന സുനില്‍ ജോഷി 2007 ഡിസംബറില്‍ മധ്യപ്രദേശിലെ ദേവാസ് എന്ന സ്ഥലത്ത് വെച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്ത ഡയറിയില്‍ അജ്മീര്‍ സ്‌ഫോടനക്കേസ് പ്രതികളായ സ്വാമി അസീമാനന്ദയുടേയും ആര്‍ എസ് എസ് നേതാവ് ഇന്ദ്രകുമാറിന്റേയും ഫോണ്‍ നമ്പറുകളുണ്ടായിരുന്നു. മനോജ് കുമാറെന്ന പേരില്‍ അറിയപ്പെട്ട സുനില്‍ ജോഷിയുടെ ഡയറി കേസിലെ നിര്‍ണായക തെളിവായിരുന്നു. കാരണം ഈ ഡയറിയിലെ ഫോണ്‍ നമ്പറുകളില്‍ അസീമാനന്ദയ്ക്കും ഇന്ദ്രേഷ് കുമാറിനും പുറമേ രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുവിവരങ്ങള്‍ ഉണ്ടായിരുന്നു. സര്‍ദാര്‍ എന്ന പേരില്‍ ജോഷിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ നമ്പര്‍ ഹിമസാനു ഫാന്‍സെ എന്നയാളുടേതായിരുന്നു. 2002-05 കാലഘട്ടത്തില്‍ മഹാരാഷ്ട്രയിലെ മുസ്ലീം പള്ളികളില്‍ വ്യാപകമായി ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളായിരുന്നു.

ഡയറിയുടെ കോപ്പിക്ക് പകരം മറ്റൊരു കേസിലെ ഡയറി

അജ്മീര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഒമ്പതില്‍ രണ്ട് പേരെ മാത്രമാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ തെളിവായ ഒരു ഡയറി ദേവാസ് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത് സ്വയം സാക്ഷ്യപ്പെടുത്തി ആദ്യ കുറ്റപത്രത്തോടൊപ്പം തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. ഇത്തരത്തില്‍ മറ്റൊരു കേസിലെ ഡയറിയാണ് അജ്മീര്‍ സ്‌ഫോടനക്കേസില്‍ സമര്‍പ്പിക്കപ്പെട്ടത്. ദേവാസ് പോലീസ് സുനില്‍ ജോഷിയുടെ ഡയറി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവടക്കം ഡയറിയുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു എന്നാണ് വിധിപ്രസ്താവന നടത്തവേ പ്രത്യേക ജഡ്ജി ദിനേശ് ഗുപ്ത പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന് പ്രസ്തുത ഡയറി കൈമാറിയെന്നതിന് തെളിവായി ദേവാസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കേണ്ടകതായിരുന്നു എന്നും കോടതി പറഞ്ഞു. എന്നാല്‍ ഇതൊന്നും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായില്ല.

9424060007 എന്ന ബിഎസ്എന്‍എല്‍ നമ്പര്‍ ജോഷി ഉപയോഗിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. മക്ക മസ്ജിദ് സ്‌ഫോടനക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അ്ജ്മീര്‍ സ്‌ഫോടനക്കേസിലെ സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നു. ഈ രണ്ട് കേസുകള്‍ക്കും സമാന സ്വഭാവമായതിനാല്‍ മക്ക മസ്ജിദ് സ്‌ഫോടനക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അ്ജ്മീര്‍ സ്‌ഫോടനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് നിര്‍ണായകമായ പല തെളിവുകളും കൈമാറിയിരുന്നു. ഇന്ത്യന്‍ തെളിവ് നിയമം 65(ബി) വകുപ്പ് പ്രകാരം ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നതാണെന്ന് കോടതി വിധിച്ചു. ഇവിടേയും പ്രോസിക്യൂഷന്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചു.

മക്ക മസ്ജിദ് സ്‌ഫോടനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം ബിഎസ്എന്‍എല്‍ സുനില്‍ ജോഷിയുടെ ഫോണ്‍ നമ്പറിലെ വിശദവിവരങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഇതിനിടെ ഇദ്ദേഹം വിരമിച്ചു. പുതുതായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ഈ വിവരങ്ങളുടെ പ്രിന്റ്ഔട്ട് എടുത്ത് കേസിലെ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ശരിയായ രീതിയില്‍ സമര്‍പ്പിക്കാതിരുന്നതിനാല്‍ ഇത് കോടതി നിരസിച്ചു. എന്നാല്‍ ഇതേ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി അജ്മീര്‍ കേസ് അന്വേഷണോദ്യോഗസ്ഥന്‍ പിന്നീട് ബിഎസ്എന്‍എല്ലിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അജ്മീര്‍ സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ദേവേന്ദ്ര ഗുപ്ത സുനില്‍ ജോഷിയുമായി നടത്തിയെന്ന് പറയുന്ന സംഭാഷണങ്ങളേക്കുറിച്ചുള്ള വിശദാംശങ്ങളും പ്രോസിക്യൂഷന് ഹാജാരാക്കാനായില്ല.