അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് : ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിൽ എത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും

മോദിക്കെതിരെയുള്ള റാഫേൽ വിമാന അഴിമതി ആരോപണത്തെ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേരിടാൻ ബിജെപി അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട് ഉപയോഗിക്കും എന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് : ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിൽ എത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ രാത്രിയിൽ ഡൽഹിയിലെത്തിച്ചു. ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്കു വിട്ടു നൽകാൻ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു.ക്രിസ്ത്യൻ മിഷേലിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും . വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം.

യു.എ.ഇ യിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാത്രി 11 മണിയോട് കൂടിയാണ് സിബിഐ സംഘം ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. മിഷേലിനെ ഇന്ത്യക്ക് കൈമാറാൻ യു.എ.ഇ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. സിബിഐ ആസ്ഥാനത്തു എത്തിച്ച മിഷേലിനെ വൈദ്യ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുനൽകുന്നതു സംബന്ധിച്ചു കീഴ്ക്കോടതി ഉത്തരവ് കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ശരിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദർശനത്തിന് ഇടയിലാണ് യുഎഇ മന്ത്രാലയ ഉത്തരവ്

അഗസ്റ്റ വെസ്റ്റ്ലാൻഡ് എ ഡബ്ള്യു 101 ഹെലികോപ്റ്റർ


ദുബായില്‍ താമസിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളും ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കൊല്ലം ജൂലൈ എട്ടിനാണ് കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്കു വിട്ടത്.

ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു.

ജൂലൈ 29ന് ഇയാള്‍ ആദ്യമായി കോടതിയില്‍ നേരിട്ടു ഹാജരായി. യുപിഎ സര്‍ക്കാരിന്റെ കാലത്താണു കോപ്റ്റര്‍ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃകമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു പണം വെട്ടിച്ചെന്നാണ് ആരോപണം.

2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തു യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയആരോപണങ്ങളിൽ ഒന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര് അഴിമതിക്കേസ്. മിഷേലിനെ ഇന്ത്യയിൽ എത്തിച്ചത് ബിജെപിയെ സംബന്ധിച്ചടത്തോളം വലിയ രാഷ്ട്രീയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.

നിലവിൽ മോദി സർക്കാരിനെതിരെ കോൺഗ്രസിന്റെ ഏറ്റവും വലിയ ആയുധമായ റാഫേൽ വിമാന അഴിമതി ആരോപണത്തെ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേരിടാൻ ബിജെപി അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട് ഉപയോഗിക്കും എന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം