നാവികസേന ഉദ്യോഗസ്ഥന്റെ വധശിക്ഷ; 12 പാക്ക് തടവുകാരെ ഇന്ത്യ തിരിച്ചയക്കില്ല

ഗുല്‍ഭൂഷന്‍ ജാധവിനെ വധിക്കാനുള്ള പാക്ക് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നാളെ സ്വദേശത്തേക്ക് മടങ്ങാനിരുന്ന പാക്ക് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചത്.

നാവികസേന ഉദ്യോഗസ്ഥന്റെ വധശിക്ഷ; 12 പാക്ക് തടവുകാരെ ഇന്ത്യ തിരിച്ചയക്കില്ല

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ ഗുല്‍ഭൂഷന്‍ ജാധവിനെ വധിക്കാനുളള പാക്കിസ്താന്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നയതന്ത്ര നടപടികളുമായി ഇന്ത്യ രംഗത്ത്. രാജ്യത്ത് തടവിലുള്ള 12 പാക്കിസ്താന്‍കാരെ മോചിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചു. നാളെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനിരുന്നതാണിവര്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പിടികൂടിയ ജാധവിനെ വധിക്കാനുള്ള തീരുമാനം ഇന്ന് രാവിലെയാണ് പാക്ക് സൈന്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തുവന്നത്. പാകിസ്ഥാന്‍ സൈനിക നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ചാരപ്രവര്‍ത്തനം, വിധ്വംസകപ്രവര്‍ത്തികള്‍ എന്നിവയാണ് കുറ്റങ്ങള്‍.

പാകിസ്താനില്‍ നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും പാക് സര്‍ക്കാരിന്റെ പ്രത്രക്കുറിപ്പ് അടിസ്ഥാനമാക്കിയാണ് ജാധവിന്റെ വധശിക്ഷയെക്കുറിച്ച് അറിയുന്നതെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്കിസ്താന്‍ സൈന്യത്തിന്റെ പ്രകോപനപരമായ തീരുമാനം ഇരുരാജ്യങ്ങള്‍ക്കുമിടെ സംഘര്‍ഷതുല്യമായ സാഹചര്യം ഉടലെടുക്കുന്നതിന് കാരണമായിട്ടുണ്ട്.

''നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പരിഗണിക്കാതെയുള്ള പാക്കിസ്താന്റെ അപക്വമായ തീരുമാനം നേരത്തെ ആലോചിച്ചുറപ്പിച്ച കൊലപാതകമാണിതെന്ന് വ്യക്തമാക്കുന്നു'' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.