ദീർഘകാല സ്വപ്നങ്ങളിലേക്ക് അവധാനതയോടെ: ഇന്ത്യൻ ജനാധിപത്യത്തിന് സുല്ലിടാം ആർഎസ്എസിനു മുന്നിൽ

ആദ്യമായി കേന്ദ്രാധികാരം പിടിച്ചതിൽനിന്ന് ഒന്നരപ്പതിറ്റാണ്ട് കഷ്ടി പിന്നിടുമ്പോൾ, 1925ൽ ഉറപ്പിച്ച സ്വപ്നത്തിലേക്ക് രാജ്യത്തെ കൂടെനടന്നെത്തിച്ചിരിക്കുകയാണ് ആർഎസ്എസ്. എത്രയ്ക്ക് അവധാനതയോടെയാണ് അവർ സ്വന്തം സ്വപ്നങ്ങൾക്ക് സ്വീകാര്യതയുണ്ടാക്കുന്നതെന്നതിന് ആദ്യ ദൃഷ്ടാന്തമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ദൃഷ്ടാന്തമാണ് രാഷ്ട്രപതി ആയില്ലെങ്കിൽ കൂടിയും ലാൽ കൃഷ്ണ അദ്വാനി

ദീർഘകാല സ്വപ്നങ്ങളിലേക്ക് അവധാനതയോടെ: ഇന്ത്യൻ ജനാധിപത്യത്തിന് സുല്ലിടാം ആർഎസ്എസിനു മുന്നിൽ

എൽ.കെ.അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നരേന്ദ്ര മോദി തന്നെ നാമനിർദേശം ചെയ്തേക്കുമെന്ന വാർത്തയോടെ സംഘപരിവാർ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കാൻ പോകുന്ന അടുത്ത കുതിപ്പിന് കാതോർക്കാം. ഒപ്പം, അദ്വാനിയെ പ്രധാനമന്ത്രിയാവാൻ അനുവദിക്കാതിരുന്ന 'ബിജെപിയിലെ വിഭാഗീയത'യെക്കുറിച്ചും, 'സംഘടനാ സംവിധാനങ്ങൾക്ക് അതീതനായി ഉയർന്നുനിൽക്കുന്ന' മോദിയെന്ന 'ഏകാധിപതീ ബിംബ'ത്തെക്കുറിച്ചും നടത്തിവന്ന ചർച്ചകളുടെ രാഷ്ട്രീയ നിരക്ഷരത ഏറ്റുപറയുകയും ചെയ്യാം.

കാരണം, ഒരേയൊരു കാര്യമാണ് മോദിയുടെ അധികാരാരോഹണം മുതൽ അദ്വാനിയുടെ സ്ഥാനാരോഹണ സാധ്യത വരെയുള്ളവ അടിവരയിടുന്നത്.ഇന്ത്യൻ രാഷ്ട്രീയം ചലിച്ചുകൊണ്ടിരിക്കുന്നത് ഒറ്റക്കല്ലിൽ കൊത്തിയെടുത്തപോലത്തെ ഒരു കൂട്ടം സ്വപ്നങ്ങൾക്കൊത്താണ്. ആ സ്വപ്നങ്ങൾ നെയ്തുവച്ചിരിക്കുന്നത് ആർഎസ്എസ് ആണ്.

ആ സ്വപ്ന സമുച്ചയത്തിലെ ആദ്യ വാതിൽപ്പടികളിലൊന്നാണ് രാഷ്ട്രപതി പദവിയുടെ അലങ്കാര സ്വഭാവം മാറ്റലും, രാഷ്ട്രീയമായും ആ പദവിയെ സർവോന്നത അധികാര പദവിയാക്കലും.ഇതുവരെ ആർഎസ്എസ്സോ ബിജെപിയോ ഉച്ചരിച്ചിട്ടില്ലെങ്കിലും, 'അമേരിക്കൻ മോഡൽ' ഭരണ സംവിധാനം എന്നു പറയാം, ലളിതമായ ഭാഷയിൽ.

ഇന്ത്യയിൽ നിലവിലുണ്ടാവണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്ന ഭരണ സംവിധാനം പാർലമെന്റാരിയല്ല, പ്രസിഡൻഷ്യൽ ആണെന്നത് രാജ്യത്ത് ആദ്യമായി അവർ അധികാരത്തിലെത്തിച്ച എ.ബി. വാജ്പേയിയുടെ സർക്കാരിന്റെ കാലത്തുതന്നെ വെളിപ്പെട്ടിരുന്നു. അന്ന് ബിജെപി മുന്നോട്ടുവച്ച ദേശീയസംവാദപരമ്പരകളിൽ പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതി നിർദേശങ്ങളിൽ, ഒട്ടും ഗോപ്യമായല്ലാതെതന്നെ പ്രസിഡൻഷ്യൽ ഭരണരീതിയോടുള്ള ആഭിമുഖ്യം അറിയിക്കുകയും ചെയ്തിരുന്നു.മതംമാറ്റം, ഏക സിവിൽ കോഡ്, കശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയവക്കൊപ്പമുണ്ടായിരുന്ന ഭരണഘടനാ പുനരവലോകനത്തിന്റെ കാമ്പായിരുന്നു രാഷ്ട്രപതിയുടെ സ്ഥാനം പുനർനിർവചിക്കൽ.

അടുത്ത റോക്കറ്റുകുതിപ്പിന് ഈ കറാച്ചിക്കാരനല്ലാതെ വേറാര്!

ഉറച്ച സ്വന്തം സ്വപ്നങ്ങളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു നൂറ്റാണ്ട് പിന്നിടാൻ പോകുന്ന ആർഎസ്എസ് ആ സ്വപ്നങ്ങളിൽ ബഹുദൂരം മുന്നോട്ടുപോകുന്നത് കണ്ടു കൊണ്ടിരിക്കുകയാണ് രാജ്യം.

ഗാന്ധിഘാതകരെന്ന അപഖ്യാതി ഇന്ത്യൻ മധ്യവർഗ്ഗ മനസ്സുകളിൽ നിന്ന് അടിയന്തരാവസ്ഥക്കെതിരെ നിലകൊണ്ട് അവർ കഴുകിക്കളഞ്ഞത് എൺപതുകളിൽ കണ്ടു. ബാബരിപ്പള്ളി ധ്വംസനത്തിന്റെ കറ കഴുകിയാലും മായില്ലെന്ന വിശ്വാസങ്ങൾക്കു മീതെക്കൂടി സോഷ്യലിസ്റ്റുകളടക്കമുൾപ്പെട്ട മഹാസഖ്യമുണ്ടാക്കി തൊണ്ണൂറുകളുടെ ഒടുക്കത്തോടെ അവർ തെരഞ്ഞെടുപ്പു രഥമുരുട്ടി, വാജ്പേയിയെ പ്രധാനമന്ത്രിയാക്കി. ഗുജറാത്ത് വംശഹത്യയുടെ ചോരപ്പാടുകൾ നരേന്ദ്ര മോദി രാജ്യത്തലവനായി ഉയർന്നതോടെ ദുസ്വപ്നമോ പഴങ്കഥയോ പോലൊരു പ്രതീതി മാത്രമായി മുസ്ലിങ്ങളൊഴിച്ചുള്ള ജനസാമാന്യത്തിൽ ഇപ്പോൾ.

കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന വ്യവസായി വിഭാഗങ്ങളെയാകെ ചിറകിൻകീഴിലാക്കി നരേന്ദ്ര മോദി തുടരുന്ന വിജയഗാഥയിൽ അവസാനം തെളിഞ്ഞ അധ്യായമായിരുന്നു ഉത്തർപ്രദേശ് തെരഞ്ഞെടുപ്പു ഫലം. സംഘ പരിവാര രാഷ്ട്രീയത്തോട് പൊരുത്തപ്പെടില്ലെന്നു വിശ്വസിക്കപ്പെട്ട മതവിഭാഗം പോലും, രാഷ്ട്രീയമായി ചിതറിയതിനാലോ സമരസപ്പെട്ടതിനാലോ, എന്തുകാരണത്താലായാലും, ബി.ജെ.പി.യുടെ തുടർപാതകൾ വെടിപ്പാക്കിക്കൊടുത്തതാണ് യു.പി.യിൽ കണ്ടത്. രാമരഥം തടുത്ത പരമ്പര്യമുള്ള സോഷ്യലിസ്റ്റുകളും, ബി.ജെ.പി.-ഇതര മതേതര മുന്നണിക്കായി യത്നിച്ച ഇടതുപക്ഷവും നാനാവിധമായിത്തീർന്നത് മോദിയുടെ കാർമികത്വത്തിൽ നടന്ന സമീപകാല സംഘപരിവാര മുന്നേറ്റങ്ങൾക്ക് അപ്രതിരോധ്യങ്ങളെന്ന പകിട്ടു നൽകി.

ന്യായമായും, അടുത്ത റോക്കറ്റ് കുതിപ്പ് സംഘപരിവാരത്തിന് ആവാം. അദ്വാനിയോളം അതിനു പ്രാപ്തരായവർ വേറാരുണ്ട്. പാർലമെണ്ടിൽ വെറും രണ്ടംഗങ്ങളായിരിക്കെ മുതൽ ആദ്യമായി മുഖ്യഭരണകക്ഷിയായി വളരും വരെയും, ലാൽ കൃഷ് അദ്വാനിയുടെ തലയെടുപ്പിനു മുന്നിൽ നിവർന്നുനിൽക്കാൻ വിരലിലെണ്ണാവുന്ന നേതാക്കളേ മറ്റെല്ലാ പാർട്ടികളിലുംകൂടി ഉണ്ടായിട്ടുള്ളൂ. അവരാരും ഇന്ന് കളിക്കളത്തിലില്ല. ഉള്ളവരോ രാഷ്ട്രീയമായി സ്വന്തം കക്ഷികൾക്കു പോലും അപ്രസക്തരായിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴും ഈ കറാച്ചിക്കാരന്റെ (അതെ, പാക്കിസ്ഥാനിലെ കറാച്ചി തന്നെ; അവിടെയാണ് അദ്വാനിയുടെ ജനനം) വാക്കുകൾക്കും ചെയ്തികൾക്കും സംഘപരിവാര പ്രസ്ഥാനത്തിൽ പവൻ മാറ്റ് വിലയുണ്ട്. ഇന്നത്തെ നരേന്ദ്ര മോദി കീഴ് നിൽക്കുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവുണ്ടെങ്കിൽ അത് അദ്വാനി മാത്രമാവും. ഇരുവരും കീഴ് നിൽക്കുന്ന എത്രയോ നേതൃപ്രമുഖർ സംഘ നേതൃത്വത്തിൽ ഉണ്ടെങ്കിലും!

'വെറുക്കപ്പെട്ടവരാ'ണ് വീരരാകുന്നത്.

ആദ്യമായി കേന്ദ്രാധികാരം പിടിച്ചതിൽനിന്ന് ഒന്നരപ്പതിറ്റാണ്ട് കഷ്ടി പിന്നിടുമ്പോൾ, 1925ൽ ഉറപ്പിച്ച സ്വപ്നത്തിലേക്ക് രാജ്യത്തെ കൂടെനടന്നെത്തിച്ചിരിക്കുകയാണ് ആർഎസ്എസ്. എത്രയ്ക്ക് അവധാനതയോടെയാണ് അവർ സ്വന്തം സ്വപ്നങ്ങൾക്ക് സ്വീകാര്യതയുണ്ടാക്കുന്നതെന്നതിന് ആദ്യ ദൃഷ്ടാന്തം നരേന്ദ്ര മോദി തന്നെ.

ഗുജറാത്ത് കൂട്ടക്കൊലകളുടെ പേരിൽ വെറുക്കപ്പെട്ടവനെന്ന ബിംബമായിരുന്ന മോദി ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയെന്നത് ബിജെപിക്കെതിരെ രാഷ്ട്രീയ നിലപാടെടുത്ത വിവിധ സാമൂഹ്യ-വർഗ്ഗ വിഭാഗങ്ങൾക്ക് അചിന്തനീയമായിരുന്നു. മോദി പ്രധാനമന്ത്രിയാവുക മാത്രമല്ല, നെഹ്റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ജനസ്വീകാര്യതയുള്ള ഭരണാധിപനെന്ന നിലയിലേക്കു കൂടി ഉയർന്നിരിക്കുന്നു അതേ ജനവിഭാഗങ്ങളിൽ. മോദിയെ പ്രവേശിപ്പിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്ന രാജ്യങ്ങളിൽപ്പെട്ട അമേരിക്ക വരെ, മോദിയെ ലോകനേതാവായി ഗണിക്കുന്ന വിധത്തിലേക്ക് ലോക രാഷ്ട്രീയത്തിന് ഭാവം മാറിയിരിക്കുന്നു.

അദ്വാനി തന്നെയാണ് രണ്ടാമത്തെ ദൃഷ്ടാന്തം. അദ്വാനി രാഷ്ട്രപതിയായേക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നു വന്നാൽപ്പോലും.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ചേരിതിരിവുകൾക്ക് തേരുരുൾ തെളിച്ച അദ്വാനി രാഷ്ട്രത്തലവനായി മാറിയില്ലെങ്കിൽ പോലും, അങ്ങനെയൊരു ചർച്ച ഉൾക്കൊള്ളാവുന്ന വിധത്തിൽ ഇന്ത്യൻ ജനാധിപത്യ മനസ്സിനെ മാറ്റാൻ കഴിഞ്ഞല്ലോ, ഹാറ്റ്സ് ഓഫ് ആർഎസ്എസ്. ദീർഘകാല സ്വപ്നങ്ങളിലേക്കുള്ള, പുനർവിചിന്തനങ്ങൾ തെല്ലുമില്ലാത്ത നിങ്ങളുടെ കാൽവെപ്പുകൾക്കുമുന്നിൽ, ഇന്ത്യൻ ജനാധിപത്യം സുല്ലിടുന്നു.

(Image Courtesy:Indian Express)

Read More >>