കർഷകരുടെ ആത്മഹത്യ: തമിഴ്‌നാട് സർക്കാരിന് ആരു മണി കെട്ടുമെന്ന് നടൻ സിദ്ധാർഥ്

ട്വിറ്ററിലൂടെയാണു സിദ്ധാര്‍ഥ് പ്രതിഷേധം രേഖപ്പെടുത്തിയത്. പൂച്ചയ്ക്കാരു മണി കെട്ടും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കർഷകരുടെ ആത്മഹത്യ: തമിഴ്‌നാട്  സർക്കാരിന് ആരു മണി കെട്ടുമെന്ന് നടൻ സിദ്ധാർഥ്

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് വരള്‍ച്ച കാരണമല്ലെന്നു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയതിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയാണു സിദ്ധാര്‍ഥ് പ്രതിഷേധം രേഖപ്പെടുത്തിയത്. പൂച്ചയ്ക്കാരു മണി കെട്ടും എന്നാണു സിദ്ധാര്‍ഥ് ചോദിച്ചത്.

വരള്‍ച്ചയും കടക്കെണിയും മൂലം തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതു പതിവായപ്പോള്‍ സുപ്രീം കോടതി സംസ്ഥാനസര്‍ക്കാരിനോട് ഏപ്രില്‍ 13 ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയായാണ് സംസ്ഥാനസര്‍ക്കാര്‍ ആത്മഹത്യകള്‍ വരള്‍ച്ച കാരണമല്ലെന്ന് പറഞ്ഞത്.

'കര്‍ഷകര്‍ മരിക്കുന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്; വരള്‍ച്ച കാരണമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയോടു പറഞ്ഞു. പൂച്ചയ്ക്കാരു മണി കെട്ടും? എന്നാണു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. കര്‍ഷകര്‍ക്കൊപ്പം എന്ന ഹാഷ് ടാഗും ചേര്‍ത്തിട്ടുണ്ട്.

തമിഴ്‌നാട് കഴിഞ്ഞ 140 വര്‍ഷങ്ങളിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് അനുഭവിക്കുന്നത്. ഇതുകാരണം ചില മാസങ്ങളില്‍ നൂറിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കര്‍ഷകസംഘങ്ങള്‍ അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.