'ഹിന്ദുവായി പ്രവര്‍ത്തിക്കണം, ബെസ്റ്റ് ബേക്കറി കേസില്‍ തനിക്കെതിരേ ഭീഷണികള്‍ നിരവധിയായിരുന്നു'; വിരമിച്ച മുംബൈ ഹൈക്കോടതി ജഡ്ജി അഭയ് തിപ്‌സായി

കഴിഞ്ഞദിവസം മുംബൈ മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിപ്‌സായിയുടെ വെളിപ്പെടുത്തല്‍. വലിയതോതില്‍ ഭീഷണികളും സമ്മര്‍ദത്തിലാക്കുന്ന വിധത്തിലുള്ള കത്തുകളുമാണ് അക്കാലത്ത് വന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുവായി പ്രവര്‍ത്തിക്കണം, ബെസ്റ്റ് ബേക്കറി കേസില്‍ തനിക്കെതിരേ ഭീഷണികള്‍ നിരവധിയായിരുന്നു; വിരമിച്ച മുംബൈ ഹൈക്കോടതി ജഡ്ജി അഭയ് തിപ്‌സായി

ബെസ്റ്റ് ബേക്കറി കേസിന്റെ വിചാരണാവേളയില്‍ ജഡ്ജിയായിരുന്ന തനിക്കുനേരെ നിരവധി ഭീഷണികളുണ്ടായിട്ടുണ്ടെന്ന് മുംബൈ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അഭയ് തിപ്‌സായിയുടെ വെളിപ്പെടുത്തല്‍. ഹിന്ദുവായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനങ്ങളുമായാണ് ഭീഷണി സന്ദേശങ്ങളും സമ്മര്‍ദങ്ങളുമുണ്ടായിരുന്നത്. കഴിഞ്ഞദിവസം മുംബൈ മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിപ്‌സായിയുടെ വെളിപ്പെടുത്തല്‍.

വലിയതോതില്‍ ഭീഷണികളും സമ്മര്‍ദത്തിലാക്കുന്ന വിധത്തിലുള്ള കത്തുകളുമാണ് അക്കാലത്ത് വന്നിരുന്നത്. മുസ്ലീം സമുദായത്തോടുള്ള പ്രതികാരമെന്ന നിലയില്‍ കണ്ട് പ്രതികളെ കുറ്റവിമുക്തരാക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ ഹിന്ദു സമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും ലഭിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു- തിപ്‌സായി പറയുന്നു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങളില്‍ ഹനുമാന്‍ തെക്രി പ്രദേശത്തെ ബെസ്റ്റ് ബേക്കറിയും 14 പേരേയും അഗ്‌നിക്കിരയാക്കിയ സംഭവമാണ് ബെസ്റ്റ് ബേക്കറി കേസ്. വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ 2003 മാര്‍ച്ച് 23 ന് പ്രധാനസാക്ഷിയും പരാതിക്കാരിയുമായ സക്കീറ ഷേഖ് ഉള്‍പ്പെടെ 73 സാക്ഷികളില്‍ 37 പേരും കൂറുമാറി. 2003 ജൂണ്‍ 27 ന് കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ കുറ്റം ചുമത്തപ്പെട്ട 21 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. പ്രഥമവിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും, തെളിവുകള്‍ ശേഖരിക്കുന്നതിലും, ഗുജറാത്ത് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ പതിനേഴു പ്രതികളില്‍ 9 പേര്‍ക്ക് മുംബൈ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതില്‍ അഞ്ചുപേരെ പിന്നീട് മുംബൈ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

വിരമിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തിപ്‌സായിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം നല്‍കിയതാണ് സ്ഥലം മാറ്റത്തിന് കാരണമായി പലരും പറയുന്നത്. പ്രമാദമായ പല കേസുകളിലും സര്‍ക്കാരിനെതിരേ വിധി വന്നതും കാരണമായി പറയപ്പെടുന്നുണ്ട്. പക്ഷെ സ്ഥലംമാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് ഇപ്പോഴും തനിക്കറിയില്ലെന്ന് അഭയ് തിപ്‌സായി പറഞ്ഞു.അതേസമയം സ്ഥലംമാറ്റം തന്നെ വളരെയേറെ വേദനിപ്പിച്ചിരുന്നതായും തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന സമയം തീര്‍ത്തും മോശമാക്കാനേ അത് ഉപകരിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പോലീസിലും ജുഡീഷ്യറിയിലും മുസ്ലീങ്ങള്‍ക്കെതിരായ മുന്‍വിധി ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറയുന്നു. സഹപ്രവര്‍ത്തകരില്‍ പോലും അത്തരം സ്വഭാവം കണ്ടിട്ടുണ്ട്. കൃത്യമായ തെളിവുകളുടെ അഭാവത്തിലും മുസ്ലീങ്ങളുടെ മേല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തുന്നുണ്ട്. തീവ്രവാദ വിരുദ്ധസേനയും സ്‌പെഷല്‍ ബ്രാഞ്ചും വിഷയത്തില്‍ നുണപ്രചാരണവും നടത്തുന്നു. നിയമനങ്ങള്‍ സുതാര്യമാക്കിയാല്‍ നല്ല മനുഷ്യര്‍ ജഡ്ജിമാരായെത്തുമെന്നും ജുഡീഷ്യറിയിലെ പോരായ്മകള്‍ അങ്ങനെ അവസാനിക്കുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചാണ് അഭയ് തിപ്‌സായി അഭിമുഖം അവസാനിപ്പിക്കുന്നത്.