ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത മദ്രാസ് ഐഐടി ഗവേഷണ വിദ്യാർത്ഥിക്ക് എബിവിപിയുടെ ക്രൂരമർദ്ദനം

ഞായറാഴ്ചയാണ് ക്യാംപസിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ ബീഫ് ഫെസ്റ്റ് നടത്തിയത്.

ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത മദ്രാസ് ഐഐടി ഗവേഷണ വിദ്യാർത്ഥിക്ക് എബിവിപിയുടെ ക്രൂരമർദ്ദനം

മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിൽ പങ്കെടുത്തതിന് ഗവേഷണ വിദ്യാർത്ഥിക്ക് എബിവിപി വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ഐഐടിയിലെ പിഎച്ച്ഡി വിദ്യാർത്ഥി ആർ സൂരജിനാണ് മർദ്ദനമേറ്റത്.

കണ്ണിനു ഗുരുതരമായി പരിക്കേറ്റ സൂരജിനെ അടുത്തുള്ള കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മെസ്സിൽ ഉച്ചയൂണ് കഴിച്ചുകൊണ്ടിരിക്കെയാണ് ഒരു സംഘം എബിവിപി പ്രവർത്തകർ സൂരജിനെ ആക്രമിച്ചത്. ആക്രമണത്തിനു ശേഷം വധഭീഷണിയും മുഴക്കിയാണ് ഇവർ മടങ്ങിയത്.

കേന്ദ്രസർക്കാരിന്റെ കന്നുകാലി മാംസ നിരോധനത്തിനെതിരെ ക്യാംപസിൽ നടത്തിയ ബീഫ് ഫെസ്റ്റിൽ സൂരജ് പങ്കെടുത്തിരുന്നു. ഇതാണ് എബിവിപിയെ ചൊടിപ്പിച്ചത്. ഐഐടിയിൽ എയറോസ്പേസ് എഞ്ചിനീയറിങ് വിഭാഗത്തിലാണ് സൂരജ് ഗവേഷണം നടത്തുന്നത്.

സൂരജിന്റെ വലതുകണ്ണിനാണ് പരിക്കേറ്റതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഭിനവ് സൂര്യ എന്ന വിദ്യാർത്ഥി പറഞ്ഞു. അക്രമികൾക്കെതിരെ ഐഐടി ഡീനിനു പരാതി നൽകിയതായും വൈകാതെ തന്നെ പൊലീസിനെ സമീപിക്കുമെന്നും അഭിനവ് വ്യക്തമാക്കി.

ഞായറാഴ്ചയാണ് ക്യാംപസിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ ബീഫ് ഫെസ്റ്റ് നടത്തിയത്. പൗരാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ഇന്ത്യയിലെ കന്നുകാലി കച്ചവടക്കാരെയും മുസ്ലിം വിഭാഗത്തേയുമാണ് ഇത് രൂക്ഷമായി ബാധിക്കുകയെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.