വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താം; നിയമസഭയില്‍ തെളിയിച്ച് ആംആദ്മി പാര്‍ട്ടി

ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ എഎപി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഇടപെടല്‍ നടത്തി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നത് എങ്ങനെയന്ന് വിശദീകരിച്ചത്. പ്രത്യേക കോഡ് ഉപയോഗിച്ചാണ് വോട്ടിംഗ് യന്ത്രം പ്രവര്‍ത്തിക്കുന്നതെന്നും ഇതിലാണ് കൃത്രിമം നടത്തുന്നതെന്നും ആംആദ്മി പാര്‍ട്ടി എംഎല്‍എ വിശദീകരിച്ചു.

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താം; നിയമസഭയില്‍ തെളിയിച്ച് ആംആദ്മി പാര്‍ട്ടി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താനാകുമെന്ന് ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടി. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ വോട്ടിംഗ് യന്ത്രവുമായെത്തിയ എംഎല്‍എ സൗരഭ് ഭരദ്വാജാണ് കൃത്രിമത്വം നടത്താനാകുമെന്ന് വിശദീകരിച്ചത്. വോട്ടിംഗ് യന്ത്രത്തില്‍ രഹസ്യകോഡ് നല്‍കിയാല്‍ പോള്‍ ചെയ്യുന്ന എല്ലാ വോട്ടും ഒരു പാര്‍ട്ടിയ്ക്ക് ലഭിക്കുമെന്ന് സൗരഭ് ഭരദ്വാജ് പ്രവര്‍ത്തിപ്പിച്ചു കാണിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഇതാണ് ചെയ്തതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. 'സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം നടത്തണം. പത്തുവര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഏതു ശാസ്ത്രജ്ഞന്റെ മുമ്പിലും ഇക്കാര്യം തെളിയിക്കാനാകും'-സൗരഭ് ഭരദ്വാജ് പറഞ്ഞു.

പരീക്ഷണ വോട്ടിംഗില്‍ എഎപി-10, ബിഎസ്പി-2, ബിജെപി-3, കോണ്‍ഗ്രസ് -2, എസ്പി-2 എന്നിങ്ങനെയാണ് പോള്‍ ചെയ്ത വോട്ട്. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ വന്ന ഫലത്തില്‍ ബിജെപിയ്ക്ക് മാത്രം 11 വോട്ടും മറ്റുള്ളവര്‍ക്ക് രണ്ടു വോട്ടുമായിരുന്നു. പ്രത്യേക കോഡ് ഉപയോഗിച്ചാണ് യന്ത്രം പ്രവര്‍ത്തിക്കുന്നതെന്നും ഇതിലാണ് കൃത്രിമത്വം നടത്തിയതെന്നും എഎപി എംഎല്‍എ വ്യക്തമാക്കി.എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുരക്ഷാ പരിധിയ്ക്കു പുറത്തുള്ള ഒരു വോട്ടിംഗ് യന്ത്രവും തങ്ങളുടേതല്ലെന്നാണ് കമ്മിഷന്റെ നിലപാട്. നിയമസഭയില്‍ എഎപി എംഎൽഎ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എഎപിയുടെ ശ്രമമെന്നും ബിജെപി കുറ്റപ്പെടുത്തി.നിയമസഭയില്‍ ബഹളം വെച്ചതിന് ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്തയെ ഒരു ദിവസത്തേയ്ക്ക് സഭയില്‍ നിന്നും പുറത്താക്കി.

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ബാലറ്റ് സംവിധാനം പുനഃസ്ഥാപിക്കമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിയ്ക്ക് അനുകൂലമായി പോൾ ലഭിക്കാൻ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ട് പരാതി ഉന്നയിക്കുകയായിരുന്നു. എന്നാല്‍ കൃത്രിമം നടത്താനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അത് തെളിയിക്കാന്‍ ഈ മാസം അവസാനം സാങ്കേതിക വിദഗ്ധര്‍ പങ്കെടുക്കുന്ന യോഗം ഡല്‍ഹിയില്‍ നടത്താനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്.