പതാകയും ദേശീയഗാനവും നീക്കം ചെയ്യാനാവില്ല; ആമീർ ഖാന്റെ ദങ്കൽ പാകിസ്താനിലേയ്ക്കില്ല

ദങ്കലിൽ ഇന്ത്യൻ പതാകയും ദേശീയഗാനവും വരുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് പാകിസ്താൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. അത് സാധിക്കില്ലെന്ന് അറിയിച്ച ആമീർ ഖാൻ ദങ്കൽ പാക് റിലീസ് ഉപേക്ഷിക്കുകയായിരുന്നു.

പതാകയും ദേശീയഗാനവും നീക്കം ചെയ്യാനാവില്ല; ആമീർ ഖാന്റെ ദങ്കൽ പാകിസ്താനിലേയ്ക്കില്ല

ബോളിവുഡ് സിനിമകള്‍ക്കുള്ള വിലക്ക് പാകിസ്താന്‍ നീക്കിയെങ്കിലും കാര്യങ്ങള്‍ അത്ര തെളിഞ്ഞിട്ടില്ല. ആമിര്‍ ഖാന്‍ നിര്‍മ്മിക്കുകയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത 'ദങ്കല്‍' എന്ന ഹിറ്റ് ചിത്രം പാകിസ്താനില്‍ റിലീസ് ചെയ്യാമെങ്കിലും വിസമ്മതിക്കുകയാണ് ആമീര്‍.

ചിത്രത്തില്‍ നിന്നും ഇന്ത്യന്‍ പതാകയും ദേശീയഗാനവും വരുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന പാകിസ്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സറിന്‌റെ ആവശ്യമാണ് ആമീറിനെ സിനിമ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് വലിച്ചത്.

ആ രംഗങ്ങള്‍ സിനിമയിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണെന്നും മറ്റൊരു രാജ്യത്തിനേയോ വ്യക്തിയേയോ നിന്ദിക്കുന്ന ഒന്നും തന്നെ അതിലില്ലെന്നും ആമീര്‍ ഖാന്‌റെ വക്താവ് അറിയിച്ചു.

ഇന്ത്യന്‍ പതാകയും ദേശീയഗാനവും നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം ബോര്‍ഡിന്‌റെ കൂട്ടായ തീരുമാനം ആണെന്നും സിനിമ റിലീസ് ചെയ്യണമോ വേണ്ടയോ എന്നത് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് വിട്ട് കൊടുക്കുന്നെന്നും പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് തലവന്‍ മൊബഷീര്‍ ഹസന്‍ പറഞ്ഞു.

ഇന്ത്യയില്‍ വന്‍ വിജയമായിരുന്ന ദങ്കല്‍ 385 കോടി രൂപ വാരിക്കൂട്ടിയെന്നാണ് പറയപ്പെടുന്നത്.

'പാകിസ്താനില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ 10-12 കോടി രൂപ കൂടി നേടുമായിരുന്നെന്നായിരുന്നു കണക്കുകൂട്ടലുകള്‍. പൈറസി ഉണ്ടാകുമെങ്കിലും ഇപ്പോള്‍ ഇതാണ് ഞങ്ങളുടെ തീരുമാനം,' ആമിര്‍ ഖാന്‌റെ വക്താവ് അറിയിച്ചു.