ആധാറെടുത്തില്ലെങ്കില്‍ ഫോണ്‍ വിളി നിലച്ചേക്കും; നിലവിലെ ഫോണ്‍ കണക്ഷനുകള്‍ക്കും ഉടന്‍ ആധാര്‍ പരിശോധന

പുതിയ കണക്ഷനെടുക്കുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് പോലെ നിലവിലെ ഉപയോക്താക്കളുടെ വിവരങ്ങളും ആധാര്‍ അടിസ്ഥാനമാക്കി പുനര്‍നിര്‍ണയിക്കണമെന്ന് സുപ്രീം കോടതി ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.

ആധാറെടുത്തില്ലെങ്കില്‍ ഫോണ്‍ വിളി നിലച്ചേക്കും; നിലവിലെ ഫോണ്‍ കണക്ഷനുകള്‍ക്കും ഉടന്‍ ആധാര്‍ പരിശോധന

പാന്‍ കാര്‍ഡ്, സിം കാര്‍ഡ് എന്നിവ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ നിലവിലെ ഫോണ്‍ കണക്ഷനുകള്‍ക്കും ആധാര്‍ പരിശോധന വരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തുടര്‍ന്ന് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായേക്കാം.

മൊബൈല്‍ സേവന ദാതാക്കളുടെ സംഘടന സി ഒ എ ഐ ഇതുമായി ബന്ധപ്പെട്ട ഈയാഴ്ച യോഗം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച ഒരു ഉത്തരവുമായി ബന്ധപ്പെട്ടാണ് ടെലികോം വകുപ്പ് പുതിയ നിര്‍ദ്ദേശം നല്‍കിയത്. ''ആധാര്‍ അടിസ്ഥാനമാക്കി നിലവിലുള്ള ഉപയോക്താക്കളുടെ (പ്രീപെയ്ഡും പോസ്റ്റ്‌പെയ്ഡും) കണക്ഷനുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും'' ടെലികോം വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

പുതിയ കണക്ഷനെടുക്കുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് പോലെ നിലവിലെ ഉപയോക്താക്കളുടെ വിവരങ്ങളും ആധാര്‍ അടിസ്ഥാനമാക്കി പുനര്‍നിര്‍ണയിക്കണമെന്ന് സുപ്രീം കോടതി ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള പുനഃപരിശോനയുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് സേവനദാതാക്കള്‍ മൊബൈല്‍ നമ്പറുകളിലേക്ക് വെരിഫിക്കേഷന്‍ കോഡ് അയയ്ക്കുകയാണ് ചെയ്യുന്നത്. പുനഃപരിശോധന നടപടികളുമായി ബന്ധപ്പെട്ട് സേവന ദാതാക്കള്‍ക്ക് 1,000 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു.