സഹായിക്കാന്‍ സഭയുമില്ല എലിയുമില്ല; വ്രണം പൊട്ടിയൊഴുകുന്ന കാലുമായി പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് മലയാളി പാസ്റ്റര്‍

നിലവിൽ നാലോളം ശസ്ത്രക്രിയകൾ കഴിഞ്ഞു. മുറിവുകളിലെ പഴുപ്പ് മാറിയാൽ തുടകളിൽ നിന്നും മാംസമെടുത്ത് അവിടെ വെക്കണം. ഇപ്പോൾ തന്നെ മുഴുവൻ ഞരമ്പുകൾ സർജറി ചെയ്തു നീക്കി. ആകെയുള്ള ജീവിത സമ്പാദ്യമായ രണ്ട് മുറി വീട് വിറ്റു - ദുരിതക്കടലില്‍ തുണയില്ലാതെ ഡല്‍ഹിയിലെ മലയാളി പാസ്റ്റര്‍

സഹായിക്കാന്‍ സഭയുമില്ല എലിയുമില്ല; വ്രണം പൊട്ടിയൊഴുകുന്ന കാലുമായി പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് മലയാളി പാസ്റ്റര്‍

ഗുരുതര രോഗം ബാധിച്ച സ്വന്തം പാസ്റ്ററെ തിരിഞ്ഞു നോക്കാതെ ഇന്ത്യൻ പെന്തകോസ്ത് സഭ (ഐപിസി). ഡൽഹിക്ക് സമീപം ഗ്രാമീണരായ സ്വദേശികൾക്കിടയിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന മലയാളി പാസ്റ്റർ ബാബു കോശിക്കാണ് ഈ ദുരവസ്ഥ. വലത്തേ കാലിനുണ്ടായ ചെറിയ മുറിവിൽ അണുബാധയുണ്ടാവുകയും ഇപ്പോൾ കാൽ മുറിച്ചുമാറ്റണമെന്ന നിലയിലാവുകയും ചെയ്തിരിക്കുകയാണ്. നാളിതുവരെയായി ആശുപത്രി ചെലവും ആന്റിബയോട്ടിക് മരുന്നുകളുമടക്കം 7 ലക്ഷത്തിലധികം രൂപ ചെലവായി. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ ജീവിക്കുന്ന പാസ്റ്റർ ബാബു കോശി ഹിന്ദി ഗ്രാമീണർ ചില്ലറകൾ ചേർത്ത് സ്വരൂപിച്ച തുകകൾ കൊണ്ടും ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചില മലയാളികൾ ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴി സ്വരൂപിച്ച പണം കൊണ്ടുമാണ് ചികിത്സ മുന്നോട്ടു കൊണ്ടുപോകുന്നത്. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് എസി മെക്കാനിക്ക് ഡിപ്ലോമയുമായി അടൂരിൽ നിന്നും ഡൽഹിയിലെത്തിയ ബാബു കോശി ആ മേഖലയിൽ തൊഴിൽ ചെയ്തു ജീവിക്കുകയായിരുന്നു.

പതിനാറു വർഷങ്ങൾക്ക് മുൻപാണ് വെളിപാട് ഉണ്ടാവുന്നത്. മലയാളികൾക്കിടയിൽ സുഖകരമായ സുവിശേഷപ്രവർത്തനം നടത്തുക എന്ന ഏർപ്പാട് വിട്ട് തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ ഉത്തരേന്ത്യക്കാരായ ഗ്രാമീണർക്കിടയിൽ പ്രവർത്തിക്കാനാണ് ഇദ്ദേഹം തീരുമാനമെടുത്തത്. ഡൽഹിക്കു സമീപം ബദർപൂറിനോട് ചേർന്ന് ജയ്ത്പൂർ എന്ന ഗ്രാമത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാർത്ഥികളായ രണ്ടു പെൺമക്കളും ഒരു മകനുമാണ് ഇദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ജനുവരി 25ആം തീയതി വലത്തേക്കാലിൽ ചൊറിഞ്ഞു പൊട്ടിയ നിലയിൽ ആരംഭിച്ച വ്രണമാണ് ഇപ്പോൾ അപകടകരമായ നിലയിലെത്തിയിരിക്കുന്നത്. ജനുവരി മാസത്തിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് വിവിധ ആശുപത്രിയിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടന്നില്ല. നിലവിൽ നാലോളം ശസ്ത്രക്രിയകൾ കഴിഞ്ഞു. മുറിവുകളിലെ പഴുപ്പ് മാറിയാൽ തുടകളിൽ നിന്നും മാംസമെടുത്ത് അവിടെ വെക്കണം. ഇപ്പോൾ തന്നെ മുഴുവൻ ഞരമ്പുകൾ സർജറി ചെയ്തു നീക്കി. ആകെയുള്ള ജീവിത സമ്പാദ്യമായ രണ്ട് മുറി വീട് വിറ്റു. ഇതു കൊണ്ടാണ് ഇപ്പോൾ ചികിത്സ മുന്നോട്ട് പോകുന്നത്. രണ്ട് മാസം കഴിഞ്ഞാൽ വീടു വിട്ടിറങ്ങണം. ഇനി എന്ത് എന്ന് അറിയില്ല. ഈ രണ്ടു മുറികളില്‍ ഒന്നാണ് പ്രാര്‍ത്ഥനാ യോഗം കൂടുന്നതിനായി പാസ്റ്റര്‍ മാറ്റി വച്ചിരുന്നത്.,

തിരിഞ്ഞു നോക്കാതെ ഇന്ത്യൻ പെന്തകോസ്ത് സഭ

ദൈവത്തിന്റെ സഹായം തനിക്കു ലഭിക്കുന്നുണ്ട് എന്നതിനപ്പുറത്ത് സഭയെ തരിമ്പുപോലും കുറ്റപ്പെടുത്താൻ ഈ പാസ്റ്റർ തയ്യാറാവുന്നില്ല. സഭ പരമാവധി സഹായിച്ചു എന്നാണ് പാസ്റ്റർ പറയുന്നത്. എന്നാൽ ഓർത്തഡോക്സ് സഭയേക്കാളും സാമ്പത്തിക ശേഷിയുള്ള ഇന്ത്യൻ പെന്തകോസ്ത് സഭയ്ക്ക് ഇദ്ദേഹത്തിന്റെ ചികിത്സാച്ചെലവുകൾ വളരെ നിസാരമായ ഒരു തുക മാത്രമാണ് എന്നതാണ് സത്യം. അമേരിക്കയിലും യൂറോപ്പിലും സ്വന്തം ചർച്ചുകൾ ഉള്ള സഭ, തലപ്പത്തുള്ളവരുടെ ആഡംബര ജീവിതത്തിനും അന്തർദേശീയ യാത്രകൾക്കും വേണ്ടി വലിയ തുകകളാണ് ചെലവഴിക്കുന്നത്. ഉത്തരേന്ത്യയിലെ സുവിശേഷപ്രവർത്തനങ്ങൾക്ക് കോടികൾ ചെലവഴിക്കുന്ന സഭ അവിടെ പ്രവർത്തിക്കുന്ന പാസ്റ്ററെ തിരിഞ്ഞു നോക്കാത്തതെന്തേ എന്ന ചോദ്യവും ഉയരുന്നു.
കുമ്പനാട് ഉള്ള സഭയുടെ ആസ്ഥാനമന്ദിരത്തിന് മാറ്റുകൂട്ടാൻ 14 നിലയുള്ള ഫ്ലാറ്റ് സമുച്ചയം പണിയാനുള്ള പദ്ധതിയിൽ ശതകോടികളുടെ വെട്ടിപ്പ് നടന്നതായി ആരോപണമുയർന്നിരുന്നു. വിദേശത്തുള്ള മലയാളികളായ ഐപിസി അംഗങ്ങളിൽ നിന്ന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ എന്ന ടാർഗെറ്റ് ഇട്ടാണ് ആസ്ഥാനമന്ദിരത്തിനു പണം പിരിച്ചത്. പകരമായി അവർ സന്ദർശനത്തിനെത്തുമ്പോൾ ഒരു ഫുൾ ഫർണിഷ്ഡ് ഏസി റൂം, എത്ര ദിവസം അവിടെ താമസിച്ചാലും മൂന്നുനേരവും പഞ്ചനക്ഷത്ര നിലവാരത്തിൽ ആഹാരം, റൂമിന്റെ ഒരു താക്കോലും കൈവശം. മറ്റൊരു താക്കോൽ ജനറൽ കൗൺസിൽ ഓഫീസിലും, തിരിച്ചു പോകുന്ന നാൾ മുതൽ അവർ അടുത്ത വർഷം മടങ്ങി വരും വരെ ആ റൂം ജനറൽ കൗൺസിലിനു എന്തു ചെയ്യാനും അധികാരം എന്നിവ വാഗ്‌ദാനം ചെയ്തായിരുന്നു അമേരിക്കൻ മലയാളികളടക്കമുള്ള വിശ്വാസികളിൽ നിന്നും പണം പിരിച്ചത്. പണിതീരാത്ത ഒരു നിലയ്ക്കായി 1.7 കോടി ചെലവായതെങ്ങനെയന്ന രേഖകളാണ് ഒടുവിൽ അന്വേഷണത്തിലൂടെ പുറത്തുവന്നത്.

പാസ്റ്റർ ബാബു കോശി കരഞ്ഞു പ്രാർത്ഥിച്ചു; തട്ടിൻപുറത്തെ എലി പോലും സഹായിച്ചില്ല

ഇന്ത്യൻ പെന്തകോസ്ത് സഭയുടെ ഇപ്പോഴത്തെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ നേരത്തെ ഉത്തരേന്ത്യയിൽ സുവിശേഷ പ്രവർത്തനം നടത്തിയ ആളായിരുന്നു. പഞ്ചാബില്‍ സുവിശേഷകനായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു പാസ്റ്റര്‍ ജേക്കബ്‌ ജോണ്‍ ശുശ്രൂഷാ ജീവിതം ആരംഭിക്കുന്നത്. അവിടെനിന്ന് ഇങ്ങോട്ട് ദൈവം എടുത്തുയര്‍ത്തി എന്നാണ് പാസ്റ്റർ തന്നെ പറയാറ്. പ്രതിസന്ധികളില്‍ ദൈവം തന്നെ സഹായമായി എത്തിയിരുന്നു എന്ന് എപ്പോഴും പാസ്റ്റര്‍ സാക്ഷ്യം പറയും. അനുബന്ധമായി ജീവിതാനുഭവ സാക്ഷ്യവും അദ്ദേഹം പറയും - വടക്കേ ഇന്ത്യയിൽ ശുശ്രൂഷിക്കാന്‍ എത്തിയ ജേക്കബും ഭാര്യയും വാടക വീട്ടിലായിരുന്നുവത്രേ താമസിച്ചിരുന്നത്. കയ്യിൽ ഒട്ടും പണമില്ല, കഴിക്കാന്‍ ആഹാരമില്ല, ദാരിദ്ര്യത്തോട് ദാരിദ്ര്യം. എങ്കിലും അവര്‍ പ്രാര്‍ത്ഥനയില്‍ ബലപ്പെട്ടു നിന്നു. അങ്ങനെ പലദിവസങ്ങൾ കടന്നു പോയി. ഒരിക്കൽ ഇങ്ങനെ പ്രാര്‍ഥനയില്‍ മുഴുകി സര്‍വ്വശക്തനായവനോട് തങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞ് ഇരിക്കുമ്പോഴാണ് ആ വീടിന്റെ മേല്‍ക്കൂരയില്‍ കൂടി ഓടിപ്പോയ ഒരു എലിയുടെ കയ്യില്‍ നിന്നും ഒരു നൂറു രൂപാ നോട്ട്, അവരുടെ കയ്യിലേക്ക് വീണു. "ഏലിയാവിന് ദൈവം കാക്കയെ ഒരുക്കിയെങ്കില്‍, അടിയന് ദൈവം ഒരുക്കിയിരുന്നത് ഒരു എലി ആയിരുന്നു… സ്തോത്രം!" - പാസ്റ്റർ ജേക്കബ് ജോണിനോട് അടുത്ത് ബന്ധമുള്ളവരെല്ലാം ഈ കഥ കേട്ടിട്ടുണ്ട്.

അതെ പാസ്റ്റർ ജേക്കബ് ജോൺ സഭയെ സമ്പന്നതയുടെ മുകളിൽ നിന്ന് നയിക്കുമ്പോഴാണ് വ്രണം പൊട്ടിയൊഴുകുന്ന വലത്തെക്കാലുമായി പാസ്റ്റർ ബാബു കോശി കരഞ്ഞു പ്രാർത്ഥിക്കുന്നത്. സഭയെന്നല്ല പഴയ എലി പോലും ഇദ്ദേഹത്തിന്റെ പ്രാർത്ഥന ചെവിക്കൊള്ളുന്നില്ല. സഭയോട് ഇതുവരെ ഔദ്യോഗികമായി പാസ്റ്റർ ബാബു കോശി സഹായാഭ്യർത്ഥന നടത്തിയില്ല എന്നൊക്കെ സാങ്കേതികമായി പറഞ്ഞൊഴിയാം. പക്ഷെ നവമാധ്യമങ്ങളിലൂടെ ഈ വിവരം അറിയാത്തവരായി ആരുമില്ല എന്നതാണ് സത്യം!

Read More >>