'ഞാനൊരു മുസ്ലീം സ്ത്രീയാണ്, യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജീവിക്കാന്‍ എനിക്ക് ഭയമാണ്'; ബിജെപിക്കു തിരിച്ചടിയായി യുവതിയുടെ വാക്കുകള്‍

ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം ഞാന്‍ വിട്ടിലേക്ക് വിളിച്ചിരുന്നു. 'മകളേ നീ ജീവിക്കുന്നത് ഡല്‍ഹിയിലായതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു' എന്നാണ് ഉമ്മ എന്നോട് പറഞ്ഞത്. ഉമ്മയുടെ സ്വരത്തില്‍ നിന്ന് ഉമ്മയുടെ ഭയം എനിക്ക് ഊഹിച്ചെടുക്കാനായി.

ഞാനൊരു മുസ്ലീം സ്ത്രീയാണ്, യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജീവിക്കാന്‍ എനിക്ക് ഭയമാണ്; ബിജെപിക്കു തിരിച്ചടിയായി യുവതിയുടെ വാക്കുകള്‍

തീവ്ര ഹിന്ദുത്വ നിലപാടുകള്‍ തുടരുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്. പല തവണ മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള ആദിത്യനാഥിന്റെ ഭരണത്തിനു കീഴില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കില്ല എന്ന ആശങ്കയാണ് മുസ്സീങ്ങളില്‍ പലര്‍ക്കുമുള്ളത്. ആദിത്യനാഥിന്റെ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ ജീവിക്കുന്നതിലുള്ള ഭയം പങ്കുവെക്കുന്ന ഒരു മുസ്ലീം യുവതിയുടെ വാക്കുകളാണ് ഇതില്‍ ശ്രദ്ധേയം.

യുവതിയുടെ വാക്കുകളിലേക്ക്

''ഡല്‍ഹിയില്‍ ജീവിക്കുന്ന ഒരു മുസ്ലീം വനിതയായ ഞാന്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയത്തിന് ശേഷം യോഗി ആദിത്യനാഥ് ഒരു മതഭ്രാന്തനെപ്പോലെ പെരുമാറാരുതേയെന്നാണ് ആഗ്രഹിച്ചത്. മുഖ്യമന്ത്രി പദത്തിനായി മത്സരിച്ച കേശവ് പ്രസാജ് മൗര്യ, യോഗി ആദിത്യനാഥ്, ദിനേശ് ശര്‍മ എന്നിവരാരും എന്റെ ഫേവറേയ്റ്റല്ല. എന്നാല്‍ ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ എന്റെ ആശങ്കകള്‍ സത്യമാവുകയായിരുന്നു.

നിരവധി വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെ മോശം ഭാഷയില്‍ പ്രസ്താവനകള്‍ നടത്തിയയാളാണ് ആദിത്യനാഥ്. 2014ല്‍ പുറത്തുവന്ന ഒരു വീഡിയോയില്‍ ഒരു ഹൈന്ദവ സംഘടനാ നേതാവ് മുസ്ലീം സ്ത്രീകളെ ശവകുടീരത്തില്‍ നിന്ന് പുറത്തെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പ്രസംഗിക്കുന്ന വേദിയില്‍ ആദിത്യനാഥ് ഉണ്ടായിരുന്നു.

എന്നാല്‍ ആ പ്രസംഗകനെ ശാസിക്കുകയോ പ്രതിഷേധത്തിന്റെ ഒരു സൂചനയെങ്കിലും കാണിക്കുകയോ ചെയ്യാതെ പ്രസംഗത്തിന് അനുകൂലമായ ശരീരഭാഷയോടെയാണ് യോഗി ആദിത്യനാഥ് വേദിയിലിരുന്നത്. അത്രയേറെ വിദ്വേഷം നിറഞ്ഞ പ്രസംഗത്തിന് മൗനാനുവാദം കൊടുത്തയാളാണ് ഇപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത്. ഇങ്ങനെയൊരാള്‍ മുസ്ലീങ്ങള്‍ക്കെതിരെ കലാപം തന്നെ നടത്തില്ലെന്ന് പറയാനാകുമോ? അങ്ങനെ സംഭവിച്ചാല്‍ അയാളെ ആര്‍ക്ക് തടയാനാകും?

ലക്‌നൗവിലെ ഒരു മതേതര കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഹൈന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഏക മനസോടെ ജീവിച്ചുവരുന്ന സ്ഥലമായിരുന്നു ലക്‌നൗ. എന്നാല്‍ അടുത്തകാലത്ത് ഈ ഐക്യത്തിന് ബലക്ഷമുണ്ടായിരിക്കുന്നു ഹിന്ദു-മുസ്ലീം മതമൗലികവാദികളാണ് ഇങ്ങനെ സംഭവിച്ചതിന് ഉത്തരവാദി. ന്യനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എല്‍ജിബിടി സമൂഹത്തിനുമെതിരെ വിഷം നിറച്ച പ്രസ്താവനകള്‍ നടത്തിയ സന്യാസി ഒരു സംസ്ഥാനം ഭരിക്കുമ്പോള്‍ ആശങ്കപ്പെടാതിരിക്കാനാകില്ല.

നിരവധി സാമുദായിക ലഹളകള്‍ക്ക് ആഹ്വാനം ചെയ്ത ആദിത്യനാഥ് ഹിന്ദു യുവാക്കളോട് മുസ്ലീം സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റാന്‍ പോലും ആവശ്യപ്പെട്ടിട്ടുണ്ട്. ലവ് ജിഹാദെന്ന പേരില്‍ മുസ്ലീങ്ങള്‍ക്കെതിരെ വാളെടുത്ത ആദിത്യനാഥ് ഖര്‍ വാപ്പസിക്ക് പിന്തുണയും നല്‍കിയിരുന്നു. ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം ഞാന്‍ വിട്ടിലേക്ക് വിളിച്ചിരുന്നു. 'മകളേ നീ ജീവിക്കുന്നത് ഡല്‍ഹിയിലായതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു' എന്നാണ് ഉമ്മ എന്നോട് പറഞ്ഞത്. ഉമ്മയുടെ സ്വരത്തില്‍ നിന്ന് ഉമ്മയുടെ ഭയം എനിക്ക് ഊഹിച്ചെടുക്കാനായി.

'ഒരുപക്ഷെ വാപ്പയോടൊപ്പം സാധനങ്ങളുമെടുത്ത് ഉമ്മയ്ക്ക് നാടുവിടാനുള്ള അവസരമാകും' എന്ന് ഞാന്‍ ഉമ്മയോട് തമാശരൂപേണ പറഞ്ഞു. എന്നാല്‍ തമാശ വാക്കുകളില്‍ അടങ്ങിയിരുന്ന ഭയാനകമായ സത്യം തൊട്ടടുത്ത നിമിഷം എനിക്കോര്‍മ വന്നു. ജനിച്ചു വളര്‍ന്ന നാടും നാട്ടുകാരേയും വിട്ട് പലായനം ചെയ്യാനാണ് ഞാന്‍ ഉമ്മയോട് പറഞ്ഞതെന്ന് എനിക്ക് അപ്പോഴാണ് ബോധ്യം വന്നത്. അത്തരമൊരു പലായനമുണ്ടാക്കുന്ന വൈകാരിക ആഘാതത്തെക്കുറിച്ച് ഞാനപ്പോളോര്‍ത്തു. ഞാനിക്കാര്യങ്ങള്‍ എഴുതുമ്പോള്‍ വായിക്കുന്ന പലരും എന്നെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുമെന്നറിയാം. വിശ്വാസത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ജനങ്ങളുള്ള മതേതര രാജ്യത്ത് എനിക്കെന്റെ ആശങ്കകള്‍ ഇങ്ങനെയെങ്കിലും പ്രകടിപ്പിക്കാതെ വയ്യ.''

കടപ്പാട്: ODDNAARI